അയല്‍പ്പോര് കസറും; ഇന്ത്യ-പാകിസ്ഥാന്‍ സണ്‍ഡേ ബ്ലോക്‌ബസ്റ്ററിന് ടോസ് വീണു, പ്ലേയിംഗ് ഇലവനുകള്‍
ദുബായ്: ഐസിസി ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ അയല്‍ക്കാരുടെ ആവേശപ്പോരാട്ടത്തില്‍ ഇന്ത്യക്ക് ടോസ് നഷ്ടം. ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ടോസ് നേടിയ പാകിസ്ഥാന്‍ ബാറ്റിംഗ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെ ടീം ഇന്ത്യ നിലനിര്‍ത്തിയപ്പോള്‍ പാകിസ്ഥാന്‍ നിരയില്‍ പരിക്കേറ്റ ഫഖര്‍ സമാന് പകരം ഇമാം-ഉള്‍-ഹഖ് പ്ലേയിംഗ് ഇലവനിലെത്തി. പാകിസ്ഥാനായി ഇമാം-ഉള്‍-ഹഖും ബാബര്‍ അസമും ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യും. ഐസിസി ടൂര്‍ണമെന്‍റുകളിലെ സ്റ്റാര്‍ പേസര്‍ മുഹമ്മദ് ഷമിയാവും ഇന്ത്യക്കായി ബൗളിംഗ് ആക്രമണം തുടങ്ങുക.
ഇന്ത്യ പ്ലേയിംഗ് ഇലവന്‍: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), ശുഭ്‌മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, അക്സര്‍ പട്ടേല്‍, കെ എല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഹര്‍ഷിത് റാണ, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്.
പാകിസ്ഥാന്‍ പ്ലേയിംഗ് ഇലവന്‍: ഇമാം-ഉള്‍-ഹഖ്, ബാബര്‍ അസം, സൗദ് ഷക്കീല്‍, മുഹമ്മദ് റിസ്‌വാന്‍ (വിക്കറ്റ് കീപ്പര്‍/ക്യാപ്റ്റന്‍), സല്‍മാന്‍ ആഗ, തയ്യബ് താഹിര്‍, ഖുഷ്‌ദില്‍ ഷാ, ഷഹീന‍് അഫ്രീദി, നസീം ഷാ, ഹാരിസ് റൗഫ്, അബ്രാര്‍ അഹമ്മദ്.
ദുബായിലെ വേഗം കുറഞ്ഞ വിക്കറ്റിൽ സ്പിൻ ബൗളർമാർ ഇന്ത്യ-പാക് കളിയുടെ ഗതി നിശ്ചയിക്കും എന്നാണ് കരുതപ്പെടുന്നത്. മധ്യ ഓവറുകളിലെ ബാറ്റിംഗും ബൗളിംഗും നിർണായകമാവും. പാകിസ്ഥാനെതിരെ അവസാനം കളിച്ച പതിനൊന്ന് ഏകദിനത്തിൽ ഒൻപതിലും ജയം ടീം ഇന്ത്യക്കായിരുന്നു. എന്നാൽ ചാമ്പ്യൻസ് ട്രോഫിയിലെ നേർക്കുനേർ കണക്കിൽ നേരിയ മുൻതൂക്കം പാകിസ്ഥാനുണ്ട്. അഞ്ച് കളിയിൽ 2017ലെ ഫൈനൽ ഉൾപ്പടെ പാകിസ്ഥാന്‍ മൂന്ന് വട്ടം ജയിച്ചു. എന്തായാലും ടൂര്‍ണമെന്‍റിലെ ഏറ്റവും വാശിയേറിയ പോരാട്ടം ഇന്നുണ്ടാകും എന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് ആരാധകര്‍.