വെറും മൂന്നടി മാത്രമുള്ള വീട്, കണ്ടാൽ ഞെട്ടും, വില കേട്ടാൽ അതിലും ഞെട്ടും..!
യുകെയിലെ കോൺവാളിൽ അസാധാരണമാംവിധം ചെറുതും മനോഹരവുമായ ഒരു വീട് വില്പനയ്ക്ക്. എന്നാൽ, ഇതിന്റെ വിലയാണ് ആളുകളെ ഞെട്ടിക്കുന്നത്. നിലവിൽ 235,000 പൗണ്ടിന് (2.57 കോടി രൂപ) ആണ് ഈ വീട് വിൽപ്പനയ്ക്ക് വെച്ചിരിക്കുന്നത്. മത്സ്യബന്ധന ഗ്രാമമായ പോർട്ട്‌ലെവനിൽ ക്ലെരെമോണ്ട് ടെറസിൽ ആണ് വീട് സ്ഥിതി ചെയ്യുന്നത്. മൂന്നടി മാത്രം വലിപ്പമുള്ള ഈ വീടിൻറെ പ്രത്യേകമായ ആകൃതി കാരണം “ദ ഡോൾസ് ഹൗസ്” എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്.
ഒരു കത്തി പോലെ കാണപ്പെടുന്ന ഈ വീട് അസാധാരണമായ ഇതിന്റെ രൂപത്താലും ശ്രദ്ധേയമാണ്. രണ്ടു നിലകളിലായാണ് ഈ വീടുള്ളത്. ഭിത്തിയുടെ വേർതിരിവുകൾ ഒന്നുമില്ലാതെ ഒറ്റ മുറിയിലാണ് ഇവിടെ എല്ലാ സൗകര്യങ്ങളും ഒരുക്കിയിരിക്കുന്നത്. ആകെ 339 ചതുരശ്ര അടി മാത്രമാണ് വിസ്തീർണം. കൗതുകങ്ങൾ ഏറെ നിറഞ്ഞ ഈ വീടിൻ്റെ ഏറ്റവും ഇടുങ്ങിയ ഭാഗത്തിന് മൂന്ന് അടി മാത്രമാണ് വലിപ്പം. അതേസമയം ഏറ്റവും വീതി കൂടിയ ഭാഗം 10 അടിയും.
ഇത്തരം കൗതുകങ്ങളും ഇത് സ്ഥിതി ചെയ്യുന്ന സ്ഥലത്തിൻറെ മനോഹാരിതയുമാണ് ഇത്തിരി കുഞ്ഞൻ വീടിനെ ഒരു വിലപ്പെട്ട വസ്തുവാക്കി മാറ്റിയിരിക്കുന്നത്.
ക്രിയേറ്റീവ് ആർക്കിടെക്ചറിൻ്റെ മികച്ച ഉദാഹരണമാണ് ഡോൾസ് ഹൗസ്, അതിൻ്റെ ചെറുതും എന്നാൽ പ്രത്യേകവുമായ രൂപകൽപ്പന, ഏവരെയും ആകർഷിക്കുന്നതാണ്. ദി മെട്രോ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, വീട്ടിൽ ഒരു ഡബിൾ ബെഡ് ഉൾക്കൊള്ളുന്ന ഒരു കിടപ്പുമുറിയും അടുക്കളയും ശുചിമുറിയും വിശ്രമമുറിയും ഉണ്ട്. പക്ഷേ, എല്ലാ സൗകര്യങ്ങളും അല്പം ഒതുക്കത്തിൽ ഉള്ളതാണെന്ന് മാത്രം. കടൽത്തീരത്തോട് ചേർന്ന് സ്ഥിതിചെയ്യുന്ന ഡോൾസ് ഹൗസ് ശാന്തമായ അന്തരീക്ഷമാണ് വാഗ്ദാനം ചെയ്യുന്നത്.