വീട് ചെറുതോ വലുതോ ആകട്ടെ വൃത്തിയായി സൂക്ഷിക്കാം; ഈ കാര്യങ്ങൾ ഒന്ന് ശ്രദ്ധിക്കൂ
വീട് പണിയുമ്പോൾ എപ്പോഴും നമ്മൾ കുറച്ചധികം മോടി പിടിപ്പിക്കാറുണ്ട്. എന്നാൽ തുടക്കത്തിലെ ആവേശമൊന്നും പിന്നീട് ഉണ്ടാവണമെന്നില്ല. ആദ്യം വൃത്തിയും വെടുപ്പോടെയും സൂക്ഷിച്ചതിന് ശേഷം പിന്നീട് ഇത് ശ്രദ്ധിക്കാതെ പോകുന്നു. കാലക്രമേണ വീടിന്റെ മോടിയും ഇതിനൊപ്പം ഇല്ലാതായി പോകും. എത്ര ചെറുതാണെങ്കിലും വലുതാണെങ്കിലും സൂക്ഷിക്കേണ്ട രീതിയിൽ സൂക്ഷിച്ചാൽ മനോഹരമായിരിക്കുന്നതാണ് വീടുകൾ. വളരെ സിംപിളായി നിങ്ങൾക്ക് തന്നെ വീടുകളിൽ മാറ്റങ്ങൾ വരുത്താൻ സാധിക്കും. അവ എന്തൊക്കെയെന്ന് അറിയാം.
വീടിന്റെ മുൻവശം ഭംഗിയുള്ളതാക്കാം
‘ഫസ്റ്റ് ഇമ്പ്രെഷൻ ഈസ് ദ ബെസ്റ്റ് ഇമ്പ്രെഷൻ’ എന്ന് പറയുന്നതുപോലെ വീടിന്റെ തുടക്കത്തിൽ തന്നെ മാറ്റങ്ങൾ കൊണ്ട് വരണം. ഒറ്റകാഴ്ചയിൽ തന്നെ കാണുന്നവർക്ക് ആകർഷകമായി തോന്നിക്കുന്നതായിരിക്കണം വീടിന്റെ പ്രവേശന കവാടങ്ങൾ. എന്നാൽ പല വീടുകളിലും ഇത് കാണാൻ ഏറ്റവും ബോർ അടിപ്പിക്കുന്ന രീതിയിലാണ് ചെയ്ത് വെക്കാറുള്ളത്. ചപ്പലുകൾ, ഹെൽമെറ്റ്, കുടകൾ തുടങ്ങി എന്തൊക്കെ തിക്കിതിരുക്കി വെക്കാൻ സാധിക്കുവോ അതൊക്കെയും മുൻവശത്ത് നിറച്ചുവെക്കും. ഇങ്ങനെ ചെയ്യുന്നത് വീടിനെ മൊത്തത്തിൽ കാണാൻ ഭംഗിയില്ലാത്തതാക്കുകയും നെഗറ്റീവ് എനർജി പകരുകയും ചെയ്യും. ഓരോ സാധനങ്ങൾ വെക്കുവാനും ആവശ്യമായ സ്റ്റാന്റുകളോ റാക്കുകളോ ഉപയോഗിച്ചാൽ ഭംഗിയായി സൂക്ഷിക്കാവുന്നതാണ്.
വൃത്തിയായി സൂക്ഷിക്കാം
മടിപിടിച്ച് ഉപയോഗിക്കുന്ന സാധനങ്ങളൊക്കെയും വാരിവലിച്ചിടാതെ അടുക്കോടെയും ചിട്ടയോടെയും സാധനങ്ങൾ സൂക്ഷിക്കാം. ഓരോ സ്ഥലങ്ങളിലും സൂക്ഷിക്കാൻ കഴിയുന്ന സാധനങ്ങൾ മാത്രം വെക്കാൻ ശ്രദ്ധിക്കണം. വസ്തുക്കൾ കുമിഞ്ഞുകൂടി കിടക്കുന്ന സാഹചര്യം ഒഴിവാക്കാം. ഇത് വീടിനുള്ളിലെ സ്ഥലം ഒന്നുകൂടെ കുറക്കും. വീടിനുള്ളിൽ നല്ല അന്തരീക്ഷം ഉണ്ടെങ്കിൽ മാത്രമേ നിങ്ങൾക്ക് പോസിറ്റീവ് എനർജി ലഭിക്കുകയുള്ളൂ. ഇതിന് വേണ്ടി നല്ല ഇൻഡോർ ചെടികൾ വെച്ചുപിടിപ്പിക്കാവുന്നതാണ്.
വീടിനുള്ളിലെ സുരക്ഷിതത്വം
നമ്മൾ പോലും ചിന്തിക്കാത്ത കാര്യമാണ് വീടിനുള്ളിലെ സുരക്ഷിതത്വത്തെ കുറിച്ച്. വീടിനുള്ളിൽ ഇരിക്കുമ്പോഴും നമ്മളെ ആരെങ്കിലും വീക്ഷിക്കുന്നുണ്ടാകുമോ എന്ന തോന്നൽ പലരിലും ഉണ്ടാവാം. ഇതിനെ ‘കമാൻഡ് പൊസിഷൻ’ എന്നാണ് പറയപ്പെടുന്നത്. ഉദാഹരണത്തിന് ശരിയായ രീതിയിൽ ഉറക്കം ലഭിക്കണമെങ്കിൽ നിങ്ങൾക്ക് സുഖവും അതുപോലെ തന്നെ സംരക്ഷണവും ഉണ്ടെന്ന് തോന്നണം. അതില്ലെങ്കിൽ നിങ്ങൾക്ക് ഉറങ്ങാൻ സാധിക്കില്ല. ഇത്തരം അവസ്ഥകളിൽ നിങ്ങൾ മനസിലാക്കിയിരിക്കേണ്ടത്, കിടപ്പുമുറിയിൽ കിടക്ക ഇടുമ്പോൾ എപ്പോഴും ഭിത്തിയോട് ചേർത്ത് മാത്രം ഇടണം. വാതിലിന്റെ വശത്താണ് നിങ്ങൾ തല വെക്കുന്നതെങ്കിൽ വാതിലിനിടയിൽ നിന്നുംവരുന്ന പ്രകാശം ഉറക്കംകെടുത്തുകയും അതുവഴി നിങ്ങളെ ആരെങ്കിലും നിരീക്ഷിക്കുന്നുണ്ടോ എന്ന തോന്നലുണ്ടാവുകയും ചെയ്യും.
ചെറിയ ലൈറ്റുകൾ
വലിയ വെളിച്ചത്തേക്കാളും കാണാൻ ഭംഗി ചെറിയ വെട്ടങ്ങളാണ്. എന്നാൽ നമ്മുടെ ആവശ്യങ്ങളുടെ അടിസ്ഥാനത്തിൽ എപ്പോഴും വലിയ ലൈറ്റുകളാണ് വീടിനുള്ളിൽ സ്ഥാപിക്കാറുള്ളത്. ചെറിയ ലൈറ്റുകൾ സ്ഥാപിക്കുകയാണെങ്കിൽ ഇത് വീടിന്റെ അകത്തളങ്ങൾ കൂടുതൽ ഭംഗിയാക്കുകയും ശാന്തമായ അന്തരീക്ഷം സമ്മാനിക്കുകയും ചെയ്യും.
ഫർണിച്ചർ
നിരന്തരമായി ഫർണിച്ചറുകൾ ഒരു സ്ഥലത്ത് തന്നെ ഇടാതെ വീടിനുള്ളിൽ മാറ്റിയിടാവുന്നതാണ്. എന്നും ഒരേ രീതിയിൽ കാണുമ്പോൾ ഇത് മടുപ്പിക്കുന്ന കാഴ്ചയാവാൻ സാധ്യത കൂടുതലാണ്. വീടിനുള്ളിലെ ഭാഗങ്ങൾ കാണുമ്പോൾ മടുപ്പ് അല്ല വരേണ്ടത് മറിച്ച് സന്തോഷവും ഉത്സാഹവുമാണ്. അതുകൊണ്ട് തന്നെ ഇത്തരം ചെറിയ കാര്യങ്ങൾ നമ്മൾ ശ്രദ്ധിക്കേണ്ടതുണ്ട്.