തൃശൂർ: കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന പതിനഞ്ചാമത് അന്താരാഷ്ട്ര നാടകോത്സവം ഫെബ്രുവരി 23 മുതല്‍ മാര്‍ച്ച് 2 വരെ തൃശൂരില്‍ നടക്കും.
ഫെബ്രുവരി 23ന് വൈകീട്ട് അഞ്ചു മണിക്ക് കേരള സംഗീത നാടക അക്കാദമി ചെയര്‍മാന്‍ മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി, സെക്രട്ടറി കരിവള്ളൂര്‍ മുരളി എന്നിവരുടെ സാന്നിധ്യത്തില്‍ സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം നിര്‍വഹിക്കും.
തെന്നിന്ത്യന്‍ സിനിമാ താരവും തിയറ്റര്‍ ആര്‍ട്ടിസ്റ്റും സംവിധായകനും നിര്‍മാതാവുമായ എം നാസര്‍ മുഖ്യാതിഥിയാകും.പി ബാലചന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും.
മന്ത്രിമാരായ കെ രാജന്‍, ആര്‍ ബിന്ദു, സ്വാഗത സംഘം ചെയര്‍മാനും ജില്ലാ കലക്ടറുമായ അര്‍ജുന്‍ പാണ്ഡ്യന്‍ ഐഎഎസ്, മേയര്‍ എം കെ വര്‍ഗ്ഗീസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിന്‍സ് എന്നിവര്‍ക്കൊപ്പം മറ്റ് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സാംസ്‌കാരിക സ്ഥാപനങ്ങളുടെ പ്രതിനിധികളും കലാ സാംസ്‌കാരിക പ്രമുഖരും പങ്കെടുക്കും.
ഫെസ്റ്റിവല്‍ ഡയറക്ടര്‍ ബി അനന്തകൃഷ്ണന്‍ ഇറ്റ്‌ഫോക്കിന്റെ ആശയവും കാഴ്ച്ചപ്പാടുകളും വിശദീകരിക്കും.