കൊച്ചി: രാജ്യത്തെ ചില്ലറ വ്യാപാര വിപണിയില്‍ കേരള ബ്രാന്‍ഡുകള്‍ ആധിപത്യമുറപ്പിക്കുന്ന കാലം വിദൂരമല്ലെന്ന് ഇന്‍വെസ്റ്റ് കേരള ആഗോള ഉച്ചകോടിയില്‍ ചില്ലറ വ്യാപാര വിപണിയെക്കുറിച്ചുള്ള പാനല്‍ ചര്‍ച്ചയില്‍ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. വസ്ത്രനിര്‍മ്മാണ മേഖലയെ കേരളത്തിലേക്ക് തിരികെ കൊണ്ടു വരാനുള്ള ശ്രമങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്‍റെ സഹകരണത്തോടെ സജീവമാവുകയാണെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ പറഞ്ഞു.

ഓണ്‍ലൈന്‍ വ്യാപാരത്തില്‍ നിന്നും കേരളത്തിലെ ചില്ലറ വ്യാപാര മേഖല കടുത്ത വെല്ലുവിളിയുയര്‍ത്തുന്നുണ്ടെന്ന് സമ്മതിച്ച കല്യാണ്‍ സില്‍ക്ക്സ് സിഎംഡി ടിഎസ് പട്ടാഭിരാമന്‍ ഈ മേഖലയ്ക്ക് അവസരങ്ങളുണ്ടെന്നും പറഞ്ഞു. കേരളത്തില്‍ നിന്ന് ലോകോത്തര ബ്രാന്‍ഡുകള്‍ ഉണ്ടാകണം. കേരളത്തില്‍ നിന്നുള്ള ബ്രാന്‍ഡുകള്‍ക്ക് ആഗോള വിപണിയില്‍ തന്നെ മികച്ച സത്പേര് ഉണ്ടാക്കാന്‍ ഓരോ നിര്‍മ്മാതാക്കളും ശ്രമിക്കണം. വസ്ത്രനിര്‍മ്മാണ മേഖല കേരളത്തില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളിലേക്ക് ചേക്കേറിയിരുന്നു. സംസ്ഥാന സര്‍ക്കാരിന്‍റെ ക്രിയാത്മകമായ പ്രവര്‍ത്തനങ്ങളുടെ സഹായത്തോടെ അവയെ തിരികെ കേരളത്തിലേക്കെത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

യുവാക്കള്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിലേക്ക് കടന്നു വരുന്നത് കേരളത്തില്‍ വളരെ കൂടുതലാണെന്ന് ഷാഡോഫാക്സ് സഹസ്ഥാപകനും സിഇഒയുമായ അഭിഷേക് ബന്‍സല്‍ പറഞ്ഞു. ആഭ്യന്തര ബ്രാന്‍ഡുകളുടെ കേന്ദ്രമാണ് കേരളം. എങ്കിലും അന്താരാഷ്ട്ര ബ്രാന്‍ഡുകള്‍ക്കുള്ള പ്രിയവും വര്‍ധിച്ചു കൊണ്ടിരിക്കുന്നു. തിരുവനന്തപുരം, കൊച്ചി എന്നിവ ഭക്ഷണ ഡെലിവറിയില്‍ രാജ്യത്തെ ആദ്യ പതിനഞ്ചില്‍ പെടുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
80 ബില്യണ്‍ ഡോളര്‍ വിപണി മൂല്യം ഇന്ന് ഫാഷന്‍-വസ്ത്രരംഗത്തുണ്ടെന്ന് മിന്‍ത്ര സീനിയര്‍ വൈസ്പ്രസിഡന്‍റ് വേണു നായര്‍ പറഞ്ഞു. ഇതില്‍ 13 ശതമാനം മാത്രമേ ഇ-കൊമേഴ്സിലുള്ളൂ. അതിനാല്‍ ഈ മേഖലയില്‍ ഉപയോഗപ്പെടുത്താത്ത അവസരങ്ങള്‍ വലുതാണ്. ലോകോത്തര ബ്രാന്‍ഡുകള്‍ക്ക് ഇനിയും കീഴടക്കാനാവാത്ത അവസാന അതിര്‍ത്തി ഇന്ത്യയാണ്. ഈ സാധ്യത പൂര്‍ണമായും ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

സുപ്രധാനമായ പരിണാമമാണ് ചില്ലറ വ്യാപാര മേഖലയില്‍ കേരളത്തില്‍ നടന്നു കൊണ്ടിരിക്കുന്നതെന്ന് ആദിത്യബിര്‍ള ഫാഷന്‍ ആന്‍ഡ് റിടെയില്‍ പ്രസിഡന്‍റ് ജേക്കബ് ജോണ്‍ ചൂണ്ടിക്കാട്ടി. ചില്ലറ വ്യാപാരമേഖലയില്‍ എല്ലാ ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണ് കേരളത്തിലെ കണക്കുകള്‍. മള്‍ട്ടി ബ്രാന്‍ഡ് ഔട്ട്ലെറ്റുകളില്‍ ഇപ്പോഴും നേതൃനിരയില്‍ കേരളത്തിലെ സംരംഭങ്ങളാണെന്നത് ഇവിടുത്തെ പ്രത്യേകതയാണെന്നും അദ്ദേഹം പറഞ്ഞു.

മാസത്തവണ തിരിച്ചടവ് സംവിധാനം ചില്ലറ വ്യാപാര മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിച്ചുവെന്ന് സംഗീത മൊബൈല്‍സ് എം ഡി സുഭാഷ് ചന്ദ്ര എല്‍ പറഞ്ഞു. പ്രകൃതി ദുരന്തങ്ങളും, ആരോഗ്യ പ്രതിസന്ധിയുമടക്കമുള്ള പ്രതികൂല സാഹചര്യങ്ങളില്‍ നിന്ന് കേരളത്തിലെ ചില്ലറ വ്യാപാരമേഖല തിരികെക്കയറിയത് അത്ഭുതാവഹമാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ ഗ്രാമങ്ങള്‍ നഗരങ്ങളേക്കാള്‍ സമ്പന്നവും കൂടുതല്‍ നിലവാരമുള്ള വാങ്ങല്‍ശേഷിയുമുള്ളവരാണെന്ന് റിടെയ്ലേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ ബിജോയ് കുര്യന്‍ അഭിപ്രായപ്പെട്ടു. മികച്ച ജീവിതനിലവാരവും, പുരോഗമന ചിന്താഗതിയും ചില്ലറ വ്യാപാര മേഖലയിലെ വാങ്ങല്‍ ശേഷിയെ സ്വാധീനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *