തിരുവനന്തപുരം: കേരളത്തിൽ തുടർച്ചയായി ട്രെയിൻ അട്ടിമറിക്കാൻ ശ്രമങ്ങളുണ്ടായിട്ടും കാര്യമായെടുക്കാതെ സർക്കാരും പോലീസും. ഇന്ന് പുലർച്ചെ കൊല്ലം കുണ്ടറയിൽ പാലരുവി എക്സ്പ്രസ് കടന്നുപോവേണ്ട പാളത്തിൽ രണ്ടുവട്ടം ടെലിഫോൺ പോസ്റ്റ് കൊണ്ടിട്ടതാണ് ഒടുവിലത്തെ സംഭവം.
മിക്ക അട്ടിമറി ശ്രമങ്ങൾക്കു പിന്നിലും തീവ്രവാദ ബന്ധം സംശയിക്കുന്നുണ്ടെങ്കിലും കേന്ദ്ര ഏജൻസികളും ഇക്കാര്യത്തിൽ ഗൗരവമായ അന്വേഷണം നടത്തുന്നില്ല.
റെയിൽവേയാവട്ടെ ട്രാക്കിലെ പരിശോധനകൾ കാര്യമായി നടത്താറുമില്ല. അരക്ഷിതമായ പാളങ്ങളിലൂടെയാണ് കേരളത്തിലെ ട്രെയിൻയാത്രയെന്ന് നിസംശയം പറയാം.
നെടുമ്പായിക്കുളം പഴയ അഗ്നിരക്ഷാ നിലയത്തിനു സമീപത്തെ ട്രാക്കിലാണ് പോസ്റ്റ് എടുത്തുവച്ചത്. ശനിയാഴ്ച പുലർച്ചെ 1.20ന് ട്രാക്ക് വഴി നടന്നു പോയ ആരോ കുണ്ടറ ഈസ്റ്റ് റെയിൽവേ സ്റ്റേഷനിലെ ഗേറ്റ് കീപ്പർ ആനന്ദിനെ കാര്യം വിളിച്ച് അറിയിച്ചു. ആനന്ദ് കുണ്ടറ റെയിൽവെ സ്റ്റേഷനിലും എഴുകോൺ പൊലീസിലും അറിയിച്ചു.
എസ്ഐയുടെ നേതൃത്വത്തിൽ പൊലീസ് സംഘമെത്തി പോസ്റ്റ് മാറ്റുകയും റെയിൽവേ പൊലീസിൽ വിവരം അറിയിക്കുകയും ചെയ്തു.
വിവരം അറിഞ്ഞ് എത്തിയ ആർപിഎഫ് ഉദ്യോഗസ്ഥർ പുലർച്ചെ 3.30ന് നടത്തിയ അന്വേഷണത്തിൽ ട്രാക്കിൽ വീണ്ടും പോസ്റ്റിന്റെ ഭാഗം ഇരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. രണ്ടുതവണ ട്രാക്കിൽ പോസ്റ്റ് കണ്ടത് ദുരൂഹത പടർത്തി.
രണ്ടാം തവണ പോസ്റ്റ് ശ്രദ്ധയിൽപെട്ടിരുന്നില്ലെങ്കിൽ മിനിറ്റുകൾക്കകം കടന്നു പോകുന്ന തിരുനെൽവേലി പാലരുവി എക്സ്പ്രസ് പോസ്റ്റിലിടിച്ചു വൻ ദുരന്തം ഉണ്ടാകുമായിരുന്നു.
റെയിൽവേ പാളത്തിൽ കല്ലുകളും മരങ്ങളും ഇരുമ്പുപൈപ്പും കോൺക്രീറ്റ് സ്ലാബുകളുമൊക്കെ നിരത്തിവച്ച് ട്രെയിൻ അട്ടിമറിക്കാൻ തുടരെത്തുടരെ ശ്രമമുണ്ടാവുന്നു.
പത്തുവർഷത്തിനിടെ നൂറിലേറെ തവണ ട്രെയിൻ അട്ടിമറിക്കാൻ ശ്രമങ്ങളുണ്ടായിട്ടുണ്ട്. പാളത്തിൽ തെങ്ങ് മുറിച്ചിട്ടും ഡ്രില്ലിംഗ് മെഷീൻ കൊണ്ട് തുളയിട്ടും വരെ അട്ടിമറിക്ക് ശ്രമമുണ്ടായി.
കണ്ണൂർ പഴയങ്ങാടിയിൽ പാളത്തിൽ കല്ലുകൾ നിരത്തിവച്ച് തിരുവനന്തപുരത്തേക്കുള്ള മാവേലി എക്സ്‌പ്രസ് അട്ടിമറിക്കാൻ ശ്രമിച്ചിരുന്നു.
വടക്കൻ ജില്ലകളിൽ ട്രെയിനുകൾ പാളംതെറ്റിക്കാനുള്ള ശ്രമങ്ങൾ വ്യാപകമാണ്. കണ്ണൂരിൽ വളപട്ടണം, പാപ്പിനശേരി, കണ്ണൂർ, തോട്ടട എന്നിവിടങ്ങളിൽ മുൻപ് പാളത്തിൽ കല്ലുകൾ നിരത്തിവച്ചിരുന്നു. ഒന്നിലും പ്രതികളെ പിടിക്കാനായിട്ടില്ല.
മിക്കയിടത്തും അന്യസംസ്ഥാന തൊഴിലാളികളെയാണ് പൊലീസിന് സംശയം. ആഗസ്റ്റിൽ കാസർകോട്ട് കളനാട്ട് റെയിൽവേ തുരങ്കത്തിനടുത്ത് പാളത്തിൽ ക്ലോസറ്റ് കഷണവും കല്ലുകളും വച്ച് കോയമ്പത്തൂർ-മംഗളുരു ഇന്റർസിറ്റി എക്സ്‌പ്രസ് പാളംതെറ്റിക്കാൻ ശ്രമിച്ചിരുന്നു.
കൊച്ചിയിൽ കുമ്പളം കായലിന് കുറുകെയുള്ള നടപ്പാതയിലെ 13 ഗ്രില്ലുകൾ അഴിച്ച് പാളത്തിൽ വച്ചു. ഗ്രില്ലുകൾ ഇരുമ്പിന്റേതായിരുന്നെങ്കിൽ ട്രെയിൻ പാളംതെറ്റി കായലിൽ വീഴുമായിരുന്നു.
2010 ജൂലായിൽ ഷെർണൂർ- നിലമ്പൂർ പാസഞ്ചറിന്റെ എൻജിനിലെയും 7കോച്ചുകളിലെയും ബ്രേക്കും ഫീഡർപൈപ്പുകളും മുപ്പതിടത്ത് മുറിച്ചിട്ട് അട്ടിമറിക്ക് ശ്രമിച്ചിരുന്നു.
ഏപ്രിലിൽ കുമ്പള-കാസർകോട് പാതയിൽ കൂറ്റൻ കല്ലുകൊണ്ടിട്ടും മഞ്ചേശ്വരം-ഉപ്പള പാതയിൽ മൈൽകുറ്റിയിട്ടും ട്രെയിൻ മറിക്കാൻ ശ്രമമുണ്ടായി.
അട്ടിമറി ശ്രമങ്ങളുണ്ടാവുമ്പോൾ റെയിൽവേ നിയമപ്രകാരം കേസെടുക്കുന്നെങ്കിലും കാര്യമായ അന്വേഷണമുണ്ടാവാറില്ല. ട്രാക്കിനരികിലെ വിജനമായ പ്രദേശങ്ങളിലാണ് ഇത്തരം സംഭവങ്ങളേറെയുമെന്നതിനാൽ സി.സി.ടി.വി ദൃശ്യങ്ങൾ കിട്ടാറില്ല.
വിമാനത്താവളങ്ങളിലെപ്പോലെ ട്രെയിൻ യാത്രക്കാരുടെ സുരക്ഷ കേന്ദ്രം ഏറ്റെടുക്കണമെന്ന് 2014 മുതൽ കേരളം ആവശ്യപ്പെടുന്നുണ്ട്. എന്നാൽ റെയിൽവേയിലെ ക്രമസമാധാന പാലനം സംസ്ഥാനങ്ങളുടെ ചുമതലയാണെന്നും കുറ്റകൃത്യങ്ങൾ തടയുക, കേസുകൾ രജിസ്റ്റർ ചെയ്യുക, കേസന്വേഷിക്കുക, ഓടുന്ന ട്രെയിനുകളിൽ സുരക്ഷയൊരുക്കുക എന്നിവയെല്ലാം പൊലീസ് നിർവഹിക്കണമെന്നുമാണ് കേന്ദ്രനിലപാട്.
കോഴിക്കോട് ഫറൂക്കിൽ ഡ്രില്ലറുകളുപയോഗിച്ച് 34 ദ്വാരങ്ങളുണ്ടാക്കി റെയിൽപാളം മുറിക്കാൻ ശ്രമമുണ്ടായിരുന്നു. പ്രതികളെ പിടിക്കാനായില്ല. ആറുമാസത്തിനുശേഷം ഇതേസ്ഥലത്ത് ട്രാക്കിനു കുറുകെ ആറടിനീളമുള്ള ഇരുമ്പ്പൈപ്പ് കൊണ്ടിട്ടു.
കായംകുളത്തും കണ്ണൂരിലും പാളങ്ങൾ അടുക്കുന്ന ജംഗ്ഷൻ പോയിന്റുകൾക്കിടയിൽ പാറക്കല്ലുകൾ തിരുകിവച്ചു. ട്രെയിനെത്തുമ്പോൾ ട്രാക്ക്മാറ്റുന്നത് അട്ടിമറിക്കാനാണിത്.
കായംകുളം ചേരാവള്ളിയിൽ പാളം ഉറപ്പിച്ചിരുന്ന ഉരുക്കുകമ്പികളാണ് ഇളക്കിമാറ്റിയത്. ഇരവിപുരത്ത് ട്രാക്കിനു കുറുകെ കോൺക്രീറ്റ് സ്ലാബിട്ടു. മഞ്ചേശ്വരത്ത് ഇരുമ്പുദണ്ഡിട്ടു.
ആളൂരിലും കാപ്പിലിലും ട്രാക്കിലേക്ക് തെങ്ങ് മുറിച്ചിട്ടു. കോട്ടയം-എറണാകുളം പാതയിൽ ഇരുമ്പുഷീറ്റിട്ടു. കോഴിക്കോട്ട് കുണ്ടായിത്തോട്ടിൽ ട്രാക്കിൽ 60മീറ്റർ നീളത്തിൽ കല്ലുകൾ നിരത്തി.
ട്രെയിനുകൾക്കുനേരെ ഉണ്ടാകുന്ന കല്ലേറ്, റെയിൽപ്പാളങ്ങളിൽ കല്ലുകളും മറ്റും വെച്ച് സൃഷ്ടിക്കുന്ന അപകടങ്ങൾ, റെയിൽവേ ലൈൻ മുറിച്ചുകടക്കുമ്പോൾ ട്രെയിൻ തട്ടിയുണ്ടാകുന്ന അപകടങ്ങൾ എന്നിവയ്ക്കെതിരെയുള്ള ബോധവൽക്കരണം റെയിൽവേ നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിലെ പ്രത്യാഘാതങ്ങൾ ജനങ്ങളെ അറിയിക്കുമെന്നാണ് റെയിൽവേ പറയുന്നത്.