കുവൈറ്റ്: എത്ര അനുഭവിച്ചാലും മതിയാകില്ലെന്ന വാശിയിലാണോ മലയാളി. കുവൈറ്റില്‍ വീണ്ടും വ്യാജ റിക്രൂട്ടിംങ്ങും വിസ തട്ടിപ്പുകളും അരങ്ങേറുകയാണ്.
നിരവധി അനുഭവങ്ങള്‍ ഉണ്ടായിട്ടും വീണ്ടും കുവൈറ്റില്‍ വ്യാജ റിക്രൂട്ടിംങ്ങ് ഏജന്‍സിയുടെ തട്ടിപ്പിനിരയായി ഒന്നര ഡസനോളം മലയാളികളാണ് കുടുങ്ങിക്കിടക്കുന്നത്.
തൊടുപുഴയിലെ ഏജന്‍റ് വഴി കുവൈറ്റ് ഓയില്‍ കമ്പനിയിലേയ്ക്ക് എന്ന പേരില്‍ നടത്തിയ റിക്രൂട്ടിംങ്ങിനിരയായ പതിനാറോളം പേരാണ് തട്ടിപ്പിനിരയായി കുവൈറ്റിലെത്തി കുടുങ്ങി കിടക്കുന്നത്.

200 കെഡി ശമ്പളവും 80 കെഡി അലവന്‍സുമായിരുന്നു ഓഫര്‍. 1.60 ലക്ഷം രൂപയാണ് ഇതിനായി ഇവരില്‍ നിന്നും ഈടാക്കിയത്.

പണം വാങ്ങുന്നതിനും ഉദ്യോഗാര്‍ത്ഥികളെ വിന്യസിപ്പിക്കുന്നതിനുമായി കുവൈറ്റ് ഓയില്‍ കമ്പനിയുടേത് എന്ന് വിശ്വസിപ്പിക്കാവുന്ന തരത്തിലുള്ള ലെറ്റര്‍ ഹെഡിലാണ് ഓഫര്‍ ലെറ്റര്‍ നല്‍കുന്നത്. കെഒസിയുടെ ലോഗോയും സീലുമെല്ലാം ലെറ്ററിലുണ്ട്. ഇതേപോലെ തന്നെയാണ് വിസയും അടിച്ചുകൊടുക്കുന്നത്.
ഒടുവില്‍ കുവൈറ്റിലെത്തിയപ്പോഴാണ് പാവം മലയാളികള്‍ തങ്ങള്‍ക്ക് ജോലിയുമില്ല കൂലിയുമില്ല എന്നറിയുന്നത്. ഏജന്‍റിനെ വിളിച്ചിട്ട് ഫോണും എടുക്കുന്നില്ല.

അതേസമയം നാട്ടില്‍ ഇയാള്‍ കൂടുതല്‍ ഇരകള്‍ക്കുവേണ്ടി വല വിരിച്ചിരിക്കുകയുമാണ്. 1.60 ലക്ഷം മുടക്കിയാല്‍ കെഒസിയില്‍ ജോലി എന്നാണ് വീണ്ടും ഓഫര്‍.

കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നും നഴ്സിംങ്ങ് എന്ന പേരിലും ഓയില്‍ കമ്പനിയിലേയ്ക്ക് ഫുഡ് പായ്ക്കിംങ്ങ് വിഭാഗത്തിലേയ്ക്കെന്നു പറഞ്ഞു വരെ ലക്ഷങ്ങളുടെ റിക്രൂട്ടിംങ്ങ് തട്ടിപ്പുകളാണ് ദിവസവും പുറത്തുവരുന്നത്.
വ്യാജ റിക്രൂട്ടിംങ്ങ് ഏജന്‍സികളെ കുറിച്ച് നിരന്തരം വാര്‍ത്തകളും മലയാളി സംഘടനകള്‍ ഉള്‍പ്പെടെ മുന്നറിയിപ്പുകളും നല്‍കിയിട്ടും അതൊന്നും ഗൗനിക്കാതെയാണ് പിന്നെയും മലയാളികള്‍ വ്യാജന്മാരുടെ കെണിയില്‍ വീഴുന്നത്.

കുവൈറ്റില്‍ ജോലി എന്നുപറഞ്ഞ് ഏജന്‍റുമാര്‍ സമീപിക്കുമ്പോള്‍ കുവൈറ്റിലുള്ള മലയാളികളെ ബന്ധപ്പെട്ട് അതിന്‍റെ ആധികാരികത പരിശോധിക്കാനോ സത്യാവസ്ഥ തിരക്കാനോ പോലും തയ്യാറാകാതെയാണ് ലക്ഷങ്ങള്‍ തട്ടിപ്പുകാരുടെ പെട്ടിയിലേയ്ക്ക് നിക്ഷേപിക്കുന്നത്.

എന്നിട്ട് എല്ലാം വിറ്റുപെറുക്കി കടക്കാരായി കുവൈറ്റിലെത്തിയിട്ട് കൈയ്യും കാലും ഇട്ടടിക്കുന്നതാണ് പതിവ്. ഇത്തരത്തില്‍ പെട്ടുകിടക്കുന്നവരെ ഒടുവില്‍ തിരികെ കയറ്റി വിടുന്നത് മലയാളി സംഘടനകളും സന്നദ്ധ പ്രവര്‍ത്തകരുമാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *