കാലടി സർവകലാശാലയിലെ മരണക്കെണി; ലിഫ്റ്റിനായി പണിത ഭാഗം താൽക്കാലികമായി അടച്ചു, ഏഷ്യാനെറ്റ് ന്യൂസ് ഇംപാക്ട്

കൊച്ചി: കാലടി സർവകലാശാലയിൽ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും അപകട ഭീഷണി ഉയർത്തിയ നിലയിലായിരുന്ന ലിഫ്റ്റിനായി പണിത ഭാഗം താൽക്കാലികമായി അടച്ച് സർവകലാശാല. ഏഷ്യാനെറ്റ് ന്യൂസ് വാർത്തയ്ക്ക് പിന്നാലെയാണ് തിടുക്കപ്പെട്ടുള്ള നടപടി. ഈ അപകട കെണി തങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ലെന്ന് സർവകലാശാല രജിസ്ട്രാറും പ്രോവീസിയും വിശദീകരിച്ചു. പുതിയ ലിഫ്റ്റ് നിർമ്മിക്കുന്നതിന് രണ്ടാഴ്ചക്കുള്ളിൽ ടെൻഡർ പൂർത്തിയാക്കും. മൂന്ന് മാസത്തിനുള്ളിൽ ലിഫ്റ്റ് സ്ഥാപിക്കുമെന്നും സർവകലാശാല അധികൃതർ വ്യക്തമാക്കി. 

കാലടി സർവകലാശാലയിലെ അപകടക്കെണി സംബന്ധിച്ചുള്ള വാർത്ത ഇന്ന് രാവിലെ ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ടത്. സർവകലാശാലയുടെ അക്കാഡമിക് ബ്ലോക്കിൽ മൂന്നാം നിലയിൽ ലിഫ്റ്റിനായി പണിത ഭാഗമാണ് അപകടകരമായ രീതിയില്‍ തുറന്നിട്ടിരുന്നത്. നിരവധി വിദ്യാർത്ഥികളും അധ്യാപകരും സ്ഥിരമായി ഉപയോഗിക്കുന്ന വഴിയിലാണ് ലിഫ്റ്റ്. ലിഫ്റ്റ് സ്ഥാപിക്കാനായി പുതുതായി പണിത ഭാഗം രണ്ട് കസേരകൾ ഉപയോഗിച്ചാണ് മറച്ചിരിക്കുന്നത്. രണ്ടാം നിലയിൽ ബെഞ്ച് ഉപയോഗിച്ചാണ് അപകടക്കെണി മറച്ചിരിക്കുന്നത്. നിരവധി വിദ്യാർത്ഥികളും അധ്യാപകരും കടന്നുപോകുന്ന ഭാഗത്താണ് ഈ അപകടക്കെണിയുണ്ടായിരുന്നത്. പിജി അഡ്മിഷനെന്ന പേരിൽ കെട്ടിടത്തിന് അകത്ത് പ്രവേശിച്ച ഏഷ്യാനെറ്റ് ന്യൂസ് സംഘം മൊബൈൽ ക്യാമറ ഉപയോഗിച്ചാണ് ഈ ദുരവസ്ഥ പകർത്തിയത്.

ഏഷ്യാനെറ്റ് വാര്‍ത്ത പുറത്ത് വിട്ടതിന് പിന്നാലെ ജി ഐ ഷീറ്റ് കൊണ്ടാണ് തുറന്ന് കിടന്ന ഭാഗം താൽക്കാലികമായി അടച്ചത്. വാർത്ത പുറത്തുകൊണ്ടുവന്ന ഏഷ്യാനെറ്റ് ന്യൂസിന് സർവകലാശാല അധികൃതർ നന്ദി അറിയിച്ചു. അപകട കെണി തങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ലെന്നും  സർവകലാശാല രജിസ്ട്രാറും പ്രോവീസിയും വിശദീകരിച്ചു. പുതിയ ലിഫ്റ്റ് നിർമ്മിക്കുന്നതിന് രണ്ടാഴ്ചക്കുള്ളിൽ ടെൻഡർ പൂർത്തിയാക്കും. മൂന്ന് മാസത്തിനുള്ളിൽ ലിഫ്റ്റ് നിര്‍മാണം പൂര്‍ത്തിയാക്കുമെന്നും സർവകലാശാല അറിയിച്ചു. 

By admin