തിരുവനന്തപുരം: എൻ.സി.പി സംസ്ഥാന അധ്യക്ഷനെ നിശ്ചയിക്കാൻ ചൊവ്വാഴ്ച യോഗം ചേരാനിരിക്കെ പാർട്ടിയുടെ നിയന്ത്രണം പിടിക്കാൻ പാർട്ടിയിലെ പ്രബല വിഭാഗങ്ങൾ പടയൊരുക്കം തുടങ്ങി.
അധ്യക്ഷ സ്ഥാനത്തേക്ക് തോമസ്.കെ.തോമസിനെ എത്തിക്കാൻ മന്ത്രി എ.കെ.ശശീന്ദ്രൻ വിഭാഗം കരുനീക്കുമ്പോൾ പി.എം.സുരേഷ് ബാബുവിനെ അധ്യക്ഷ പദവിയിലേക്ക് കൊണ്ടുവരാനാണ് പി.സി.ചാക്കോ വിഭാഗത്തിൻെറ ശ്രമം.
പിന്തുണ തേടി പി.എം.സുരേഷ് ബാബുവും അധ്യക്ഷനെ നിശ്ചയിക്കുന്ന യോഗത്തിലേക്ക് ക്ഷണമുളള നേതാക്കളെ ബന്ധപ്പെട്ട് തുടങ്ങിയിട്ടുണ്ട്.
അധ്യക്ഷ സ്ഥാനം രാജിവെച്ച ശേഷം പ്രതികരണങ്ങൾ നടത്താതെ മൗനം പാലിക്കുന്ന പി.സി.ചാക്കോയുടെ രാഷ്ട്രീയ നീക്കങ്ങൾ ഇപ്പോഴും ദുരൂഹമാണ്.
തിരഞ്ഞെടുപ്പ് ദിവസം പി.സി.ചാക്കോ അപ്രതീക്ഷിതമായ നീക്കങ്ങൾ നടത്തുമോയെന്ന് ശശീന്ദ്രൻ പക്ഷത്തെ നേതാക്കൾക്ക് ആശങ്കയുണ്ട്.
അധ്യക്ഷനെ തിരഞ്ഞടുക്കാനുളള യോഗത്തിൽ പി.സി.ചാക്കോ വിഭാഗത്തിൽ നിന്ന് ബദൽ നീക്കമുണ്ടായാൽ എങ്ങനെ ചെറുക്കണമെന്ന് ആലോചിക്കാൻ ശശീന്ദ്രൻ വിഭാഗം നേതാക്കൾ പ്രത്യേക യോഗം ചേർന്നു.
ഇന്ന് ഉച്ചക്ക് ശേഷം തിരുവനന്തപുരത്തായിരുന്നു തെക്കൻ ജില്ലകളിലെ നേതാക്കളുടെ യോഗം. സംസ്ഥാന അധ്യക്ഷ തിരഞ്ഞെടുപ്പിൽ തോമസ്.കെ.തോമസിൻെറ പേര് നിർദേശിക്കാനാണ് ശശീന്ദ്രൻ പക്ഷത്തിൻെറ തീരുമാനം.
പി.സി.ചാക്കോ പകരം മറ്റ് പേരുകൾ നിർദേശിച്ചാൽ അംഗീകരിക്കേണ്ടെന്നും തീരുമാനിച്ചിട്ടുണ്ട്. തോമസ്.കെ.തോമസിന് ബദലായി സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം.സുരേഷ് ബാബുവിൻെറ പേര് നിർദേശിക്കാനുളള സാധ്യത മുൻകൂട്ടി കണ്ടുളള തീരുമാനമാണിത്.
തോമസ്.കെ. തോമസിനെ സംസ്ഥാന അധ്യക്ഷനാക്കാൻ തയാറാകുന്നില്ലെങ്കിൽ മറ്റ് വഴികൾ തേടാനും ശശീന്ദ്രൻ പക്ഷത്തെ നേതാക്കളുടെ യോഗത്തിൽ ധാരണയായിട്ടുണ്ട്.
ദേശിയ നേതൃത്വത്തിൻെറ പിന്തുണയോടെ പി.സി.ചാക്കോ സ്വന്തം പക്ഷത്തുളള ആരെയെങ്കിലും സംസ്ഥാന അധ്യക്ഷനാക്കിയാൽ രണ്ട് ദിവസത്തിനുളളിൽ തന്നെ ശശീന്ദ്രൻ പക്ഷം സമാന്തര സംസ്ഥാന ഭാരവാഹിയോഗം വിളിച്ച് പുതിയ പ്രസിഡന്റിനെ പ്രഖ്യാപിക്കും.
അതോടെ പാർട്ടിയിൽ പിളർപ്പ് സംഭവിക്കുമെന്ന് ഉറപ്പാണ്. ദേശിയ വർക്കിങ്ങ് പ്രസിഡന്റായ പി.സി.ചാക്കോയ്ക്ക് ദേശിയ നേതൃത്വത്തിൽ വലിയ സ്വാധീനമുണ്ട്.
ആ സ്വാധീനം ഉപയോഗിച്ച് സ്വന്തം താൽപര്യം നിറവേറ്റാൻ ഏത് നീക്കവും നടത്തും. ചാക്കോയോട് അടുപ്പ് പുലർത്തുന്ന ലക്ഷദ്വീപ് എം.പി പി.പി. മുഹമ്മദ് ഫൈസലിനെയും സംസ്ഥാന അധ്യക്ഷനെ തിരഞ്ഞെടുക്കുന്ന യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. യോഗത്തിൽ മേധാവിത്വം നേടാനാണിത് എന്നാണ് ശശീന്ദ്രൻ പക്ഷം സംശയിക്കുന്നത്.
സംസ്ഥാന ഭാരവാഹികളെയും ജില്ലാ കമ്മിറ്റി പ്രസിഡന്റുമാരെയും കേരളത്തിൽ നിന്നുളള വർക്കിങ്ങ് കമ്മിറ്റി അംഗങ്ങളെയുമാണ് സംസ്ഥാന അധ്യക്ഷനെ തിരഞ്ഞെടുക്കുന്ന യോഗത്തിലേക്ക് ക്ഷണിച്ചിരിക്കുന്നത്.
കൊച്ചി മറൈൻ ഡ്രൈവിലെ താജ് ഹോട്ടലിൽ വെച്ചാണ് തിരഞ്ഞെടുപ്പ്. യോഗത്തിന് വേണ്ട ക്രമീകരണങ്ങൾ ഒരുക്കുന്നതും ഹോട്ടൽ ബുക്ക് ചെയ്തിരിക്കുന്നതുമെല്ലാം പി.സി.ചാക്കോ തന്നയാണ് നിർവഹിച്ചിരിക്കുന്നത്.
ആകെ 34 പേരടങ്ങുന്ന സമിതിയിൽ ഇപ്പോഴും പി.സി.ചാക്കോ പക്ഷത്തിനാണ് മുൻതൂക്കം.34 അംഗ സമിതിയിലെ പത്ത് ജില്ലാ അധ്യക്ഷന്മാരും പി.സി.ചാക്കോയുടെ പക്ഷത്താണ്.
കഷ്ടിച്ച് 15 പേരെ എ.കെ.ശശീന്ദ്രൻ പക്ഷത്തുളളു.എന്നാൽ പി.എം. സുരേഷ് ബാബുവിൻെറ പേര് നിർദ്ദേശിക്കപ്പെട്ടാൽ ചാക്കോ പക്ഷത്ത് നിന്ന് ചോർച്ചയുണ്ടാകും എന്നാണ് കണക്കുകൂട്ടൽ. പിളർപ്പുണ്ടായാലും ചാക്കോ പക്ഷത്ത് നിന്ന് ചോർച്ച സംഭവിക്കും.
സി.പി.എം ശശീന്ദ്രൻ പക്ഷത്തെ മാത്രമേ ഔദ്യോഗിക എൻ.സി.പിയായി അംഗീകരിക്കാൻ സാധ്യതയുളളതിനാൽ ചാക്കേയുടെ ഒപ്പം നിൽക്കുന്ന എൽ.ഡി.എഫ് നേതാക്കൾ ചാക്കോ പക്ഷത്ത് നിന്ന് കൂറുമാറുമെന്നാണ് സൂചന.
എന്തായാലും സംസ്ഥാന അധ്യക്ഷനെ തിരഞ്ഞെടുക്കുന്ന 25-ാം തീയതി കേരളത്തിലെ എൻ.സി.പി സംസ്ഥാന ഘടകത്തിന് ഏറെ നിർണായകമാണ്.