പിണറായി രണ്ടാമൻ സർക്കാരിന്റെ ”ഇൻവെസ്റ്റ് ഇൻ കേരള” എന്നത് കേൾക്കുമ്പോൾ ഒരു കാര്യം ഉറപ്പായി. ദൈവം മുകളിലോ, താഴെയോ, തൂണിലോ തുരുമ്പിലോ സെക്രറ്ററിയേറ്റിലോ എകെജി സെന്ററിലോ ക്ലിഫ് ഹൗസിലോ ഒക്കെയുണ്ട് എന്ന നഗ്നസത്യം.
കാരണം അത്രമാത്രം ഈ രാജീവും രാജേഷും കേരളത്തിൽ വന്നിരുന്ന വികസനങ്ങൾക്കെതിരെ ഉടുതുണി ഉരിഞ്ഞിട്ടുണ്ട്.
കാലം ഒന്നിനും കണക്ക് ചോദിക്കാതെ കടന്നു പോകില്ല. പക അത് വീട്ടാനുള്ളതാണ് എന്നത് ദൈവത്തിനും മനസ്സിലായി തുടങ്ങി.
എ.ഡി.ബിക്കാർ കേരളത്തിലെത്തിയപ്പോൾ അവരുടെ മേലെ കരി ഓയിൽ ഒഴിക്കുവാൻ മെനക്കെട്ടവർ, ബി എം ഡബ്ള്യു കമ്പനിക്കാർ കഞ്ചിക്കോട് പ്ലാന്റിന് സ്ഥലം നോക്കാൻ വന്നപ്പോൾ ഹർത്താൽ ആചരിച്ചവർ, ജെവി വിളനിലത്തിനെതിരെ സമരം നടത്തിയവർ,
വൈസ് ചാൻസലർ യു.ആർ അനന്തമൂർത്തിയെ കെട്ടിയിട്ടവർ, പാവം ശ്രീനിവാസൻ സാറിനെ നടുറോട്ടിൽ തല്ലി വീഴ്ത്തിയവർ, വെടിയുണ്ടകളാൽ പുഷ്പന്റെ ജീവിതം തളർത്തി ഇല്ലാതാക്കിയവർ, അന്ന് കംപ്യുട്ടറിനെതിരെ കേരളം കത്തിച്ചുകൊണ്ട് നടന്നിട്ട് ഇപ്പോൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസുമായി പ്രസംഗിച്ചു നടക്കുന്നവർ,
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വിമാനമിറക്കാതെ നെഞ്ചു പിളർത്തി നിന്നവർ, റോട്ടിലെ പശുക്കൾക്ക് മേയുവാൻ എക്സ്പ്രസ് ഹൈവേക്ക് തുരങ്കം പണിതവർ, അവർക്കൊക്കെയുള്ള ദൈവത്തിന്റെ മുട്ടൻ പണിയാണ് ഇന്നിപ്പോൾ ഇൻവെസ്റ്റ് കേരള എന്നപേരിൽ അവതരിപ്പിക്കേണ്ടി വന്നിരിക്കുന്നത്.
ഇപ്പറഞ്ഞതിൽ അന്തൂരിലെ സാജന്റെ വിഷയം പറഞ്ഞുകൊണ്ട് കമ്മ്യുണിസ്റ്റുകളെ വിഷമിപ്പിക്കുവാൻ ഉദ്ദേശിക്കുന്നില്ല.
പോളിടെക്നിക്ക് സമരം ഓർമ്മിപ്പിക്കുന്നില്ല, സ്വാശ്രയ കോളേജ്, ഡിപിഇപി, നവോദയ, പ്ലസ്‌ടു സമരങ്ങൾ എല്ലാം എല്ലാവരും മറന്നു കഴിഞ്ഞിരിക്കുന്നു. അല്ലെങ്കിൽ മനപ്പൂർവം മറക്കുന്നു.
കാരണം, ഇടമലയാർ കേസ് ഉണ്ടാക്കിയവർ പിള്ളയെ കൂടെ കൂട്ടിയും മകനെ മന്ത്രിയാക്കിയും പ്രായശ്ചിത്തം ചെയ്തു.
ബാർകോഴ കേസ് ഉണ്ടാക്കിയവർ മകനെ കൂടെ ചേർത്തുപിടിച്ചുകൊണ്ട് പ്രായശ്ചിത്തം ചെയ്തു. സ്വാശ്രയ സമരം ഉണ്ടാക്കിയവർ മകളെ എട്ടിമടയിൽ അമ്മയുടെ കോളേജിൽ ചേർത്തുകൊണ്ട് ദുഃഖം പങ്കുവെച്ചു.
ശരിക്കും ഈ പിണറായി 2 എന്ന സർക്കാർ, പിണറായി വിജയനും അന്നൊക്കെ സമരം ചെയ്തവർക്കും ബസ്സുകൾ കത്തിച്ചവർക്കും പോലീസ് ജീപ്പുകൾ തകർത്തവർക്കുമുള്ള ശിക്ഷയാണ്.
നരകവും സ്വർഗ്ഗവും കേരളത്തിൽ തന്നെയാണ്. എന്തൊക്കെ എതിർത്തു എന്തിനെയൊക്കെ എതിർത്തു എല്ലാം ബുമറാങ്ങ് പോലെ തിരിച്ചു കിട്ടി തുടങ്ങുമ്പോൾ ന്യായീകരണങ്ങൾ വരെ നടത്തുവാൻ ആളെ കിട്ടാതായിരിക്കുന്നു.
ശശി തരൂർ പോലെയുള്ളവരെ കൂട്ടുപിടിച്ചുകൊണ്ട് അത്യാവശ്യം ഗൂഗിൾ സെർച്ചിന്റെ കണ്ണിൽ പൊടി ഇടുവാൻ ശ്രമിച്ചു നോക്കിയെങ്കിലും പ്രതിപക്ഷം കണ്ണിൽ എണ്ണയൊഴിച്ചു കാത്തിരിക്കുന്നതുകൊണ്ട് അതൊന്നും ഏശുന്നില്ല.
ഇപ്പോൾ ആർക്കും വേണ്ടാത്ത ലാലേട്ടനെ കൊണ്ടും മഞ്ജുവാര്യരെ കൊണ്ടും ഒക്കെ വെളുപ്പിക്കുവാൻ നോക്കുന്നുണ്ടെങ്കിലും എല്ലാവര്ക്കും എല്ലാം മനസിലായിരിക്കുന്നു.
അതിന്നിടയിൽ അഞ്ചുകൊല്ലം മുൻപേ പിയുഷ് ഗോയൽ നിർത്തലാക്കിയ എന്തോ പണ്ടാരത്തിൽ ഒന്നാം സ്ഥാനമെന്നൊക്കെ പറഞ്ഞുകൊണ്ട് മന്ത്രി രാജീവ് സർക്കസ് കളിക്കുന്നുണ്ടെങ്കിലും എല്ലാം ഉണ്ടയില്ലാ വെടികൾ ആയി മാറിപ്പോകുന്നു.
ഇവന്മാർ ഇല്ലായിരുന്നുവെങ്കിൽ ലോകത്തിലെ തന്നെ ഒന്നാം സ്ഥാനത്ത് വരേണ്ടിയിരുന്ന കേരളമിന്ന് കിതക്കുകയാണ്.
അവർക്കറിയാം അവർ നടത്തിയ സമരങ്ങളൊക്കെ വൃഥാവിൽ ആണെന്നും പക്ഷെ സമരം നടത്താതെ കസേര കിട്ടില്ലെന്നറിഞ്ഞുകൊണ്ട് ഒരു ജനതയെ ഒന്നടങ്കം ഒറ്റുകൊടുക്കുകയായിരുന്നു എന്നും.
അതുകൊണ്ടാണ് കേരളത്തിലെ ജനത ജയന്തി ജനതയിൽ മുംബൈക്ക് പാഞ്ഞതും അവിടെനിന്നും ദുബായിലേക്കും സൗദിയയിലേക്കും അല്ലാത്തവർ അമേരിക്കയിലേക്കും പറന്നതും.
നമ്മുക്ക് നാമേ പണിവത് നാകം നരകവുമതുപോലെ !!!
രാജീവും രാജേഷും അനുഭവിക്കുക തന്നെ ചെയ്യണമെന്ന് സഖാവ് ദാസനും ഇനിയെങ്കിലും ഇപ്പണികൾ അവസാനിപ്പിക്കണമെന്ന് സഖാവ് വിജയനും