ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തിന് മഴ വില്ലനാകുമോ? ദുബായില്‍ നിന്നുള്ള കാലാവസ്ഥ റിപ്പോര്‍ട്ട് ഇങ്ങനെ

ദുബായ്: ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ നാളെ നിര്‍ണായക പോരാട്ടത്തിന് ഇറങ്ങുകയാണ് പാകിസ്ഥാന്‍. ഇന്ത്യക്കെതിരായ മത്സരം പരാജയപ്പെട്ടാല്‍ പാകിസ്ഥാന് ടൂര്‍ണമെന്റിന്റെ സെമി ഫൈനല്‍ കാണാതെ പുറത്ത് പോവാം. ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിനോട് തോറ്റതാണ് ആതിഥേയര്‍ക്ക് തിരിച്ചടിയായത്. മറുവശത്ത് ഇന്ത്യയാവട്ടെ ആത്മവിശ്വാസത്തിലാണ്. ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെ തോല്‍പ്പിക്കാന്‍ രോഹിത് ശര്‍മയ്ക്കും സംഘത്തിനും സാധിച്ചിരുന്നു. ജയിച്ചാല്‍ ഇന്ത്യക്ക് സെമി ഉറപ്പിക്കാം.

ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 2.30ന് ടോസ് വീഴും. ദുബായ്  ദുബായ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. കാലാവസ്ഥ ക്രിക്കറ്റ് ആരാധകരെ ആശങ്കപ്പെടുത്തുന്നുണ്ട്. ഇന്ത്യയുടെ ആദ്യ മത്സരത്തിന് രണ്ട് ദിവസം മുമ്പ് മഴ പെയ്തിരുന്നു. എന്നാല്‍ നാളെ മഴയ്ക്ക് സാധ്യതയില്ല. ഉച്ചകഴിഞ്ഞ് കാലാവസ്ഥ ഭാഗികമായി മേഘാവൃതമായേക്കും. എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ല. കൂടിയ താപനില 31 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞ താപനില 23 ഡിഗ്രി സെല്‍ഷ്യസും ആയി കുറയും.

അതേസമയം, ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ ആരൊക്കെയുണ്ടാകുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍. ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ ആധികാരിക ജയം നേടിയെങ്കിലും 35-5 എന്ന സ്‌കോറില്‍ തകര്‍ന്നടിഞ്ഞ ബംഗ്ലാദേശ് 200 കടന്നത് മധ്യ ഓവറുകളില്‍ വിക്കറ്റ് വീഴ്ത്താന്‍ കഴിയാതിരുന്ന ഇന്ത്യന്‍ ബൗളര്‍മാരുടെ ദൗര്‍ബല്യം മൂതലെടുത്തായിരുന്നു. ഈ സാഹചര്യത്തില്‍ നാളെ പാകിസ്ഥാനെതിരെ ഇന്ത്യന്‍ ബൗളിംഗ് നിരയില്‍ മാറ്റങ്ങളുണ്ടാകുമെന്നാണ് കരുതുന്നത്.

ഇന്ത്യ-പാക് മത്സരത്തില്‍ ആരാണ് ഫേവറൈറ്റുകള്‍? മറുപടി പറഞ്ഞ് ഓസ്‌ട്രേലിയന്‍ ഇതിഹാസം

ബൗളിംഗ് നിരയില്‍ മൂന്ന് സ്പിന്നര്‍മാരുമായി തുടരാന്‍ തീരുമാനിച്ചാല്‍ രവീന്ദ്ര ജഡേജയും പ്ലേയിംഗ് ഇലവനില്‍ തുടരും. ബംഗ്ലാദേശിനെതിരായ ആദ്യ മത്സരത്തില്‍ വിക്കറ്റ് വീഴ്ത്തുന്നതില്‍ ജഡേജ പരാജയപ്പെട്ടിരുന്നു. ജഡേജയെ പുറത്തിരുത്തിയാല്‍ അര്‍ഷ്ദീപ് സിംഗിനാണ് സാധ്യതയുള്ളത്. രവീന്ദ്ര ജഡേജ തുടര്‍ന്നാല്‍ കുല്‍ദീപ് യാദവ് പുറത്താകും. ആദ്യ മത്സരത്തില്‍ 10 ഓവര്‍ പന്തെറിഞ്ഞ കുല്‍ദീപ് 43 റണ്‍സ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും നേടാനായിരുന്നില്ല. മധ്യ ഓവറുകളില്‍ വിക്കറ്റ് വീഴ്ത്താ ജഡേജയ്ക്കും കുല്‍ദീപിനും കഴിയാതിരുന്നത് ഇന്ത്യക്ക് തിരിച്ചടിയാകുകയും ചെയ്തു. കുല്‍ദീപ് പുറത്തിരുന്നാല്‍ പകരം വരുണ്‍ ചക്രവര്‍ത്തി പ്ലേയിംഗ് ഇലവനിലെത്തും.

പാകിസ്ഥാനെതിരായ മത്സരത്തിനുള്ള ഇന്ത്യയുടെ സാധ്യതാ ഇലവന്‍: രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ/അര്‍ഷ്ദീപ് സിംഗ്, ഹര്‍ഷിത് റാണ, മുഹമ്മദ് ഷമി, വരുണ്‍ ചക്രവര്‍ത്തി.

By admin