നടിയും അവതാരകയും ടെലിവിഷൻ താരവും ഹാസ്യകലാകാരിയുമായെല്ലാം മലയാളികളുടെ മനസു കീഴടക്കിയ സുബി സുരേഷ് ഓർമയായിട്ട് ഇന്ന് രണ്ടാണ്ട്. കരൾ രോഗത്തെത്തുടർന്ന് 2023 ഫെബ്രുവരി 22–നായിരുന്നു സുബിയുടെ മരണം. സുബിയുടെ ഓർമദിവസം അവരോടുള്ള പ്രണയവും സൗഹൃദവും പങ്കുവെച്ചുകൊണ്ട് സുഹൃത്തും കലാകാരനുമായ കലാഭവൻ രാഹുല്‍ രാജരത്‌നം പങ്കുവെച്ച് പോസ്റ്റും ശ്രദ്ധ നേടുകയാണ്.
സുബിയ്‌ക്കൊപ്പമുള്ള മനോഹരമായ നിമിഷങ്ങള്‍ കോര്‍ത്തിണക്കിയ ഒരു വീഡിയോയാണ് രാഹുൽ പങ്കുവെച്ചിരിക്കുന്നത്. ദേവദൂതന്‍ എന്ന ചിത്രത്തിലെ ‘കരളേ നിൻ കൈ പിടിച്ചാൽ…’ എന്ന പാട്ടിന്റെ പശ്ചാത്തലത്തിലാണ് വീഡിയോ. ഇരുവരുടെയും പ്രണയവും സൗഹൃദവുമെല്ലാം വീഡിയോയില്‍ കാണാം. രാഹുൽ പങ്കുവെച്ച വീഡിയോ കാഴ്ചക്കാരിലും നോവായി മാറുകയാണ് .
സുബിയുടെ മരണത്തിനു മുൻപ് ഇരുവരുടെയും വിവാഹം നിശ്ചയിച്ചിരുന്നു. വിവാഹത്തിനായി താലിമാല വരെ തയ്യാറാക്കിയിരുന്നു. ആ സമയത്തായിരുന്നു അപ്രതീക്ഷിതമായി സുബിയുടെ മരണം.
സുബിയുടെ മരണശേഷം നല്‍കിയ അഭിമുഖങ്ങളില്‍ എങ്ങനെയായിരുന്നു തങ്ങളുടെ സൗഹൃദം എന്ന് രാഹുല്‍ തുറന്നു പറഞ്ഞിട്ടുണ്ട്.” ഒരു കാനഡ ഷോയില്‍ വച്ചാണ് അടുത്തറിഞ്ഞത്. ഒരുപാട് സംസാരിച്ചു, ജീവിത വിശേഷങ്ങള്‍ എല്ലാം പങ്കുവച്ചു. എന്തും വെട്ടിത്തുറന്ന് പറയുന്ന പ്രകൃതക്കാരി. കുറച്ച് കഴിഞ്ഞാല്‍ വിളിച്ച് സോറി പറയും. ആരെയും ചതിക്കില്ല, എല്ലാവരും നന്നാവണം എന്നാഗ്രഹിക്കുന്ന മനസ്. ഒരുപാട് നന്മകള്‍ ചെയ്‍തിട്ടുണ്ട്, അതൊന്നും ആരോടും പറഞ്ഞ് നടക്കില്ല. എനിക്ക് മാത്രമല്ല, ആര്‍ക്കും സുബിയെ ഇഷ്ടപ്പെടും”, എന്നാണ് രാഹുൽ പറഞ്ഞിട്ടുള്ളത്.
ഏഷ്യാനെറ്റിലെ സിനിമാലയിലൂടെ ജനഹൃദയങ്ങള്‍ കീഴടക്കിയ സുബി, വേറിട്ട ശൈലിയിലൂടെ മലയാളികൾക്ക് പ്രിയപ്പെട്ട കലാകാരിയായി മാറുകയായിരുന്നു. ഇരുപതോളം സിനിമകളിലും സുബി അഭിനയിച്ചിട്ടുണ്ട്. സ്റ്റേജ് ഷോകളിലും നിറ സാന്നിധ്യമായിരുന്നു സുബി.