കോഴിക്കോട്: വാല്യൂ ആഡഡ് അഗ്രികൾച്ചറൽ മിഷൻ പദ്ധതിയിലൂടെ ഇടനിലക്കാരുടെ ചൂഷണം തടയുമെന്നും കർഷകരുടെ വരുമാനം ഇരട്ടിയാക്കുകയാണ് സർക്കാർ ലക്ഷ്യമെന്നും കൃഷിവകുപ്പ് മന്ത്രി പി പ്രസാദ്. 
കേരളത്തിലെ അഗ്രി ബിസിനസ് സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും കാർഷിക മേഖലയെ പിന്തുണയ്ക്കുന്നതിനുമായുള്ള 10 കെഎഫ‌്പിഒ മേളയുടെ ഉദ്ഘാടനം കാലിക്കറ്റ് ട്രേഡ് സെന്ററിൽ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാർഷിക മേഖലയിൽ കർഷകര്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ന്യായമായ വില കാർഷിക ഉല്പന്നങ്ങൾക്ക് പലപ്പോഴും ലഭിക്കാറില്ല എന്നതാണ്.
ഇടനിലക്കാരുടെ ശക്തമായ ഇടപെടലുകൾ മൂലം ലാഭകരമായി കൃഷി ചെയ്യാൻ പലപ്പോഴും കൃഷിക്കാർക്ക് സാധിക്കാറില്ല. കാർഷിക വിഭവങ്ങൾ ഏറെക്കാലം സൂക്ഷിച്ചുവയ്ക്കാൻ കഴിയാത്തതുകൊണ്ട്, ഈ അവസ്ഥയെ ഇടനിലക്കാർ പലപ്പോഴും ചൂഷണം ചെയ്യുകയാണ്.
ഇതിന് പരിഹാരം കാണുന്നതിനായി വിവിധ പദ്ധതികൾ ആണ് കൃഷിവകുപ്പ് ആസൂത്രണം ചെയ്ത് നടപ്പിലാക്കാൻ പോകുന്നത്. ഇതിനായാണ് വാല്യൂ ആഡഡ് അഗ്രികൾച്ചറൽ മിഷൻ എന്ന പദ്ധതിക്ക് സർക്കാർ രൂപം കൊടുത്തിട്ടുള്ളത്. 
കാർഷികോല്പന്നങ്ങളെ മൂല്യവര്‍ധിത ഉല്പന്നങ്ങൾ ആക്കി വിപണനം ചെയ്യുന്നതിന് ആവശ്യമായ എല്ലാ സാമ്പത്തിക സാങ്കേതിക സഹായങ്ങളും നൽകി കൃഷിക്കാരുടെ വരുമാനം വർധിപ്പിക്കുന്നതിന് ആവശ്യമായ നടപടികൾ കൃഷിവകുപ്പ് ആരംഭിച്ചിട്ടുണ്ട്.
 “കേരള ഗ്രോ” എന്ന ബ്രാൻഡിൽ ഏതൊരു കർഷകനും തന്റെ കാർഷിക ഉല്പന്നങ്ങളെ ഗുണമേന്മയുള്ള മൂല്യവര്‍ധിത ഉല്പന്നങ്ങൾ ആക്കി ലോകമെമ്പാടും വിപണനം ചെയ്യുന്നതിനുള്ള സംവിധാനം ഇന്ന് സർക്കാർ തലത്തിൽ കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ നിലവിൽ വന്നിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. 
 

By admin

Leave a Reply

Your email address will not be published. Required fields are marked *