ആപ്പിള്‍ മനം കീഴടക്കും; കന്നി ഫോള്‍ഡബിള്‍ ഐഫോണിന്‍റെ വിവരങ്ങള്‍ ലീക്കായി, വന്‍ സര്‍പ്രൈസ്

കാലിഫോര്‍ണിയ: ആപ്പിളിന്‍റെ ആദ്യ ഫോള്‍ഡബിള്‍ ഐഫോണിനെ കുറിച്ച് അഭ്യൂഹങ്ങള്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. ആപ്പിള്‍ ഈ സ്മാര്‍ട്ട്ഫോണിന്‍റെ പണിപ്പുരയിലാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇപ്പോള്‍ ഈ ഫോള്‍ഡബിള്‍ ഐഫോണിന്‍റെ ഡിസ്പ്ലെ വിവരങ്ങള്‍ ഒരു ടിപ്സ്റ്റര്‍ ലീക്ക് ചെയ്തിട്ടുമുണ്ട്. ഐപാഡ്-ലൈക്ക് ഐഫോണിനെ കുറിച്ചുള്ള വിവരങ്ങളാണ് ലീക്കായിരിക്കുന്നത്. 

സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ പ്രധാന എതിരാളിയായ സാംസങ് അടക്കമുള്ള കമ്പനികള്‍ ഫോള്‍ഡബിളുകളുമായി കളംനിറയുമ്പോള്‍ ആപ്പിള്‍ ഇപ്പോഴും മടക്കാനാവുന്ന ഫോണ്‍ അവതരിപ്പിച്ചിട്ടില്ല. അതിനാല്‍ തന്നെ ഫോള്‍ഡബിള്‍ ഐഫോണിനായി ആപ്പിള്‍ പ്രേമികള്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. ആപ്പിളിന്‍റെ ചരിത്രത്തിലെ ആദ്യ ഫോള്‍ഡബിളിന്‍റെ ഡിസ്പ്ലെ വിവരങ്ങള്‍ ചൈനീസ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ വൈബോയില്‍ പ്രമുഖ ടിപ്‌സ്റ്ററായ ‘ഡിജിറ്റല്‍ ചാറ്റ്‌ സ്റ്റേഷന്‍’ പങ്കുവെച്ചു. 5.49 ഇഞ്ച് കവര്‍ ഡിസ്പ്ലെയും 7.74 ഇ‍ഞ്ച് ഇന്നര്‍ സ്ക്രീനും കന്നി ഫോള്‍ഡബിള്‍ ഐഫോണിനുണ്ടാകും എന്ന് ഡിജിറ്റല്‍ ചാറ്റ് സ്റ്റേഷന്‍ അവകാശപ്പെടുന്നു. സ്മാര്‍ട്ട്ഫോണിന്‍റെയും ഐപാഡിന്‍റെയും ഫീച്ചറുകള്‍ ഉപയോക്താക്കള്‍ക്ക് നല്‍കുന്ന ഫോള്‍ഡബിളായിരിക്കും ഇതെന്നും വിശദീകരിക്കുന്നു. 

ഡിജിറ്റല്‍ ചാറ്റ് സ്റ്റേഷന്‍ അവകാശപ്പെടുന്നത് സത്യമെങ്കില്‍, ഒപ്പോ ഫൈന്‍ഡ് എന്‍ സീരീസ്, സാംസങ് ഗ്യാലക്സി എക്സ് ഫോള്‍ഡ് തുടങ്ങിയ ഫോള്‍ഡബിള്‍ ലൈനപ്പുകളുമായാവും ഈ വിഭാഗത്തില്‍ ആപ്പിളിന് മത്സരിക്കേണ്ടിവരിക. എന്നാല്‍ ഈ ഫോള്‍ഡബിള്‍ ഐഫോണ്‍ എപ്പോള്‍ പുറത്തിറങ്ങും എന്ന് വ്യക്തമല്ല. ഫോള്‍ഡബിള്‍ ഐഫോണിന്‍റെ ലോഞ്ച് വര്‍ഷമായി 2026 ഉം, 2027 ഉം പറയപ്പെടുന്നുണ്ട്. അതേസമയം ആപ്പിളിന്‍റെ ഒരു ഐപാഡ് മോഡല്‍ ഫോള്‍ഡബിള്‍ 2028ല്‍ പുറത്തിറക്കുമെന്ന് ബ്ലൂംബെര്‍ഗിന്‍റെ മാര്‍ക് ഗുര്‍മാന്‍ മുമ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

By admin