കോട്ടയം: റബര്‍വിലയിടിവിലും കെട്ടിട നിര്‍മാണത്തിന്റെയും മറവിൽ മണ്ണ് മാഫിയ പിടിമുറുക്കുന്നു. വേനല്‍ ശക്തമായി ജലക്ഷാമം രൂക്ഷമായിരിക്കേ കോട്ടയം ജില്ലയില്‍ മണ്ണെടുപ്പു വീണ്ടും സജീവമാകുന്നത് ആശങ്ക ഉയര്‍ത്തുന്നുണ്ട്.
വീട് നിര്‍മാണങ്ങള്‍ക്കെന്ന വ്യാജേന കുന്നിടുകള്‍ ഇടിച്ചുനിരത്തുകയാണ്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിയമങ്ങള്‍ കാറ്റില്‍പ്പറത്തി മണ്ണെടുപ്പ് വ്യാപകമാകുന്നുണ്ട്.
കടുത്തുരുത്തി, ഞീഴൂര്‍, മാഞ്ഞൂര്‍, കുറവിലങ്ങാട്, പാമ്പാടി, കറുകച്ചാല്‍, അയര്‍ക്കുന്നം, നെടുംകുന്നം, വടവാതൂര്‍, മുളക്കുളം, കുറുപ്പന്തറ, പെരുവ തുടങ്ങി ഭാഗങ്ങളിലാണ് അനധികൃത മണ്ണെടുപ്പ്.
പ്ലോട്ടുകള്‍ തിരിച്ച് ഭൂമിയില്‍ വീട് നിര്‍മ്മാണത്തിന് വേണ്ടി മണ്ണ് നീക്കാന്‍ പഞ്ചായത്തില്‍ നിന്നും അനുമതി തേടും. ഈ അനുമതിയുടെ മറവിലാണ് പ്രദേശത്തെ മണ്ണ് മുഴുവന്‍ കടത്തി കൊണ്ടുപോകുകയാണ്.
അളവില്‍കൂടുതല്‍ മണ്ണാണ് കൊണ്ടുപോകുന്നത്. പഞ്ചായത്ത്, വില്ലേജ്, ജിയോളജി വകുപ്പിലെയും, പോലീസിലേയും ഉദ്യോഗസ്ഥര്‍ എല്ലാ ഒത്താശയും ചെയ്തു കൊടുക്കുകയും ചെയ്യുന്നു.
വിലയിടിവ് നേരിടുന്ന റബര്‍സ്ഥലങ്ങളും വാങ്ങിയശേഷം, കുന്നിടിച്ച് നിരപ്പാക്കി നല്‍കുമെന്നും പ്ലോട്ടുകളാക്കി മാറ്റി നല്‍കുമെന്ന ധാരണപ്രകാരം പ്രവര്‍ത്തിക്കുന്ന മണ്ണ് ലോബികളും പ്രവര്‍ത്തിക്കുന്നു.
നെന്മല പള്ളിക്ക് സമീപം നടന്ന മണ്ണെടുപ്പ് സമീപവാസികള്‍ ചേര്‍ന്ന് തടഞ്ഞിരുന്നു. നല്‍കിയ അനുമതിയുടെ പത്തിരട്ടിയോളം മണ്ണാണ് ഇവിടെ നിന്നും മാറ്റിയതൊന്നും സമീപവാസികളുടെ അനുമതിപോലും തേടാതെയാണ് മണ്ണെടുപ്പ് നടന്നതെന്നുമാണ് ആരോപണം.
പഞ്ചായത്തില്‍ നിന്നും ബില്‍ഡിംഗ് പെര്‍മിറ്റ്, മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പ് എന്നിവിടങ്ങളില്‍ നിന്നും അനുമതി വാങ്ങിയ ശേഷം ഈ രേഖകളുടെ മറവില്‍ ജീവനക്കാരുടെ ഒത്താശയോടെയാണ് പലരും ലോഡ് മണ്ണ് വില്‍പ്പന.
പഞ്ചായത്തില്‍ കെട്ടിട നിര്‍മ്മാണത്തിനായും മണ്ണ് നീക്കം ചെയ്യുന്നതിന് വില്ലേജ് ഓഫീസ്, മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പ് എന്നിവിടങ്ങളിലും അപേക്ഷ നല്കണം.
ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് അനുമതി നല്കണം. ഒരു ലോഡിന് നിശ്ചിത തുക റോയല്‍റ്റിയായി സര്‍ക്കാരിലേക്ക് അടച്ചാല്‍ മാത്രമേ, മണ്ണ് കൊണ്ടുപോകാന്‍ സാധിക്കൂ എന്നൊക്കെയാണ് ചട്ടം. പക്ഷേ, ഇതൊന്നും നടപ്പാകുന്നില്ലെന്നു മാത്രം.