യുക്രൈൻ യുദ്ധവും വ്യാപാര തീരുവ നയവും അജണ്ട; യൂറോപ്യൻ നേതാക്കൾ കൂട്ടത്തോടെ വൈറ്റ് ഹൗസിലേക്ക്, ട്രംപുമായി ചർച്ച

വാഷിംഗ്ടൺ: റഷ്യ – യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കയുടെ നേതൃത്വത്തിൽ നടക്കുന്ന ഏകപക്ഷീയ ചർച്ചകളുടെയും ഡോണൾഡ് ട്രംപ് അധികാരമേറ്റ ശേഷമുള്ള വ്യാപാര തീരുവ നയത്തിന്‍റെയും പശ്ചാത്തലത്തിൽ ചർച്ച നടത്താനായി യൂറോപ്യൻ നേതാക്കൾ കൂട്ടത്തോടെ വൈറ്റ് ഹൗസിലേക്ക് എത്തുന്നു. ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മക്രോൺ ചൊവ്വാഴ്ച്ചയും യു കെ പ്രധാനമന്ത്രി കീത്ത് സ്റ്റാർമർ വ്യാഴാഴ്ചയും വൈറ്റ് ഹൗസിലെത്തും. മാക്രോണും സ്റ്റാർമറും പ്രസിഡന്‍റ് ട്രംപുമായി കൂടിക്കാഴ്ച നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. യുക്രൈൻ – റഷ്യ വിഷയമാണ് പ്രധാന അജണ്ട. ട്രംപിന്‍റെ വ്യാപാര തീരുവ നയത്തിലും ചർച്ചകളുണ്ടാകുമെന്ന് നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്.

നേരത്തെ റഷ്യ – യുക്രൈൻ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ചർച്ചകൾക്ക് നേതൃത്വം നൽകാനുള്ള അമേരിക്കയുടെ ഏകപക്ഷീയ നീക്കത്തിൽ പ്രതിഷേധം പരസ്യമാക്കി യൂറോപ്യൻ രാജ്യങ്ങൾ രംഗത്തെത്തിയിരുന്നു. അമേരിക്കയുടെ ഏകപക്ഷീയമായ നീക്കത്തെ വിമർശിച്ച യൂറോപ്യൻ രാജ്യങ്ങളിലെ നേതാക്കൾ, വിഷയം ചർച്ച ചെയ്യാൻ പാരിസിൽ പ്രധാന യൂറോപ്യൻ രാജ്യങ്ങളുടെ അടിയന്തര യോഗം ചേരാനടക്കം തീരുമാനിച്ചിരുന്നു. ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ഇംഗ്ലണ്ട്, പോളണ്ട് രാജ്യങ്ങളെല്ലാം തന്നെ അമേരിക്കയുടെ ഏകപക്ഷീയ നീക്കത്തിൽ കടുത്ത പ്രതിഷേധം വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് യൂറോപ്യൻ നേതാക്കൾ കൂട്ടത്തോടെ വൈറ്റ് ഹൗസിലേക്ക് എത്തുന്നത്.

അമേരിക്കയുടെ ‘ഇന്ത്യൻ തെര‍ഞ്ഞെടുപ്പ് ഫണ്ട്’ ആരോപണം ആശങ്കാജനകമെന്ന് വിദേശകാര്യ മന്ത്രാലയം; അന്വേഷണം തുടങ്ങി?

അതിനിടെ പുറത്തുവന്ന മറ്റൊരു വാർത്ത ഇന്ത്യയിലെ തെരഞ്ഞെടുപ്പിൽ ഇടപെടാൻ അമേരിക്ക ഫണ്ട് നൽകി എന്ന റിപ്പോർട്ടുകൾ ആശങ്കജനകമെന്ന് വ്യക്തമാക്കി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയതാണ്. വിഷയം രാജ്യത്തെ ബന്ധപ്പെട്ട് ഏജൻസികൾ പരിശോധിക്കുന്നതായും മന്ത്രാലയം വെളിപ്പെടുത്തി. യു എസ് ഫണ്ട് ആരോപണത്തിൽ അന്വേഷണം തുടങ്ങി എന്ന സൂചനയും വിദേശകാര്യ വക്താവ് നൽകി. അതേസമയം ഇന്ത്യക്കെന്ന പേരിൽ മാറ്റി വച്ച ഫണ്ട് ബംഗ്ലാദേശിനാണ് യഥാർത്ഥത്തിൽ നൽകിയതെന്ന മാധ്യമ റിപ്പോർട്ടുകൾ ബി ജെ പി തള്ളി. ബൈഡൻ ഭരണകൂടം ഇന്ത്യയിൽ ആരെയോ തെരഞ്ഞെടുക്കാൻ ശ്രമിച്ചു എന്ന ട്രംപിന്‍റെ ആരോപണം കോൺഗ്രസിനെതിരെ ബി ജെ പി ആയുധമാക്കുകയാണ്.  ബംഗ്ലാദേശിലേക്കല്ല കോൺഗ്രസിലേക്കാണ് ഫണ്ട് പോയതെന്നാണ് ബി ജെ പി പ്രതികരിച്ചത്. മോദിയെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റാൻ രാഹുൽ ഗാന്ധിയും കോൺഗ്രസും രാജ്യത്തെ ഒറ്റുകൊടുക്കുകയാണെന്നും ബി ജെ പി ആരോപിച്ചു. ബി ജെ പി തെറ്റായ വാർത്ത പ്രചരിപ്പിക്കുകയാണ് പ്രതികരിച്ച കോൺഗ്രസ് ഇത്രയും തുക എത്തിയപ്പോൾ അജിത് ഡോവലും അന്വേഷണ ഏജൻസികളും എവിടെയായിരുന്നവെന്ന് തിരിച്ചടിച്ചു.

By admin