തിരുവനന്തപുരം: മാതാപിതാക്കളിലെ വിറ്റാമിന്‍ ബി 12 ന്‍റെ അഭാവം ഡിഎന്‍എ പ്രവര്‍ത്തനങ്ങളെ ബാധിച്ചേക്കാമെന്ന് സിഎസ്ഐആര്‍-ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആന്‍ഡ് ഇന്‍റഗ്രേറ്റീവ് ബയോളജിയിലെ സീനിയര്‍ പ്രിന്‍സിപ്പല്‍ സയന്‍റിസ്റ്റ് ഡോ. ശന്തനു സെന്‍ഗുപ്ത പറഞ്ഞു. ഇത്തരം മാതാപിതാക്കളുടെ കുട്ടികള്‍ക്ക് കാര്‍ഡിയോമെറ്റബോളിക് സിന്‍ഡ്രോമിനുള്ള സാധ്യത കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു.
രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജിയില്‍ (ബ്രിക്-ആര്‍ജിസിബി) നടക്കുന്ന ദ്വിദിന ദേശീയ സിമ്പോസിയത്തില്‍  ‘മാസ് സ്പെക്ട്രോമെട്രി-ബേസ്ഡ് ലിപിഡോമിക്സ്’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  
കോശവിശകലനത്തിന് സഹായകമാകുന്ന മള്‍ട്ടി-ഒമിക്സ് സമീപനത്തെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു തന്‍റെ പഠനം. വ്യക്തികളുടെ കോശസ്വഭാവത്തെയും പ്രവര്‍ത്തനത്തെയും കുറിച്ച് സമഗ്ര ധാരണ നേടുന്നതിന് പഠനം സഹായകമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹൃദയം, രക്തക്കുഴലുകള്‍, ശരീരത്തിലെ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ എന്നിവയെ ബാധിക്കുന്ന സങ്കീര്‍ണ്ണമായ കാര്‍ഡിയോ-മെറ്റബോളിക് ഡിസോര്‍ഡേഴ്സുകള്‍ക്ക് പരിഹാരം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ 10,000-ത്തിലധികം ആളുകളെ ഉള്‍പ്പെടുത്തി നടത്തിയ ‘ഫിനോം ഇന്ത്യ’ പഠനത്തെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. ഹൃദ്രോഗം, പക്ഷാഘാതം, പ്രമേഹം, നോണ്‍-ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസ് തുടങ്ങിയവ കാര്‍ഡിയോ-മെറ്റബോളിക് ഡിസോര്‍ഡേഴ്സുകളാണ്.
ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ബാധിച്ചവരെ പരിശോധിക്കുന്നതിനുള്ള കൃത്യമായ ഒരു ബയോമാര്‍ക്കര്‍ പാനലാണ് ‘ഫിനോം ഇന്ത്യ’ സംരംഭമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആര്‍ജിസിബിയിലെ ശാസ്ത്രജ്ഞയും ഡീനുമായ ഡോ. എസ്. ആശ നായര്‍ സിമ്പോസിയം ഉദ്ഘാടനം ചെയ്തു. ഓര്‍ഗനൈസിംഗ് സെക്രട്ടറി ഡോ. അബ്ദുള്‍ ജലീല്‍ സ്വാഗതം പറഞ്ഞു.
രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്.
ഒരു നിശ്ചിത സമയത്ത് ഒരു ജൈവ വ്യവസ്ഥയില്‍ കാണപ്പെടുന്ന ലിപിഡുകളുടെ പൂര്‍ണ്ണമായ പ്രൊഫൈലാണ് ലിപിഡോമിക്സ്. ലിപിഡുകളെ തിരിച്ചറിയാനും അളക്കാനും ഇത് ഉപയോഗിക്കുന്നു.
 

By admin

Leave a Reply

Your email address will not be published. Required fields are marked *