പാലക്കാട്ട് എലപ്പുള്ളിയിൽ മദ്യനിർമ്മാണ ശാല വരുന്നതിൽ ഏറെ സന്തോഷിക്കേണ്ടത് കള്ളുകുടിയന്മാരാണെങ്കിലും അതിനെ എതിർക്കുന്ന രാഷ്ട്രീയക്കാർ, അത് കോൺഗ്രസുകാർക്ക് കള്ളിനോട് അല്ലെങ്കിൽ ആൽക്കഹോളിനോട് ചതുർത്ഥി ആയിട്ടൊന്നുമല്ല.
ഇപ്പോൾ ഈ കള്ള് കമ്പനി കേരളത്തിലേക്ക് കൊണ്ടുവരുന്ന ബുദ്ധിജീവി മന്ത്രിക്കുട്ടന്മാരായ രാജീവും രാജേഷുമൊക്കെ പണ്ട് കടിച്ചാൽ പൊട്ടാത്ത ഭാഷകളിൽ വികസനത്തിനെതിരെ ഉടുതുണി ഉരിഞ്ഞുകൊണ്ട് കേരളം കത്തിച്ചവരാണ്
അവർക്കിട്ടുള്ള പണികളാണ് കോൺഗ്രസ്സുകാർ മഞ്ഞക്കുറ്റിയിലൂടെയും എലപ്പുള്ളി കള്ളു കമ്പനിയിലൂടെയുമൊക്കെ തീർപ്പാക്കുന്നത് എന്നത് സമരനായകൻ പിണറായിയും ഡീൽ മേക്കർമാർ ശശിമാരൊക്കെ അറിഞ്ഞാൽ നന്നായിരുന്നു.
കേരളത്തെ സംബന്ധിച്ചിടത്തോളം ‘എന്തുണ്ടായിട്ടെന്ത് കാര്യം’ എന്ന് പറഞ്ഞതുപോലെയാണ്. ഇക്കഴിഞ്ഞ മാസം വെറ്റിലപ്പാറയിലെ ഒരു കള്ളു ഷാപ്പിൽ പോയപ്പോൾ , അതും കേരളത്തിലെ ഇത്രേം മനോഹാരിതമായ ഒരു സ്ഥലത്ത് സ്ഥിതി ചെയ്യുന്ന കള്ളുഷാപ്പിൽ തെങ്ങിൽ നിന്നും ഉണ്ടാക്കിയ കള്ള് കിട്ടാനില്ല, പകരം കെമിക്കൽ പൊടി ചേർത്തുണ്ടാക്കിയ ഗുണ്ട് എന്നപേരിലുള്ള കള്ളുമാത്രമേ അവിടെ എത്തുന്നുളളത്രെ ?
ഗുണ്ടെങ്കിൽ ഗുണ്ട് കുടിക്കാൻ വരുന്ന ഒരു ആവറേജ് ടൂറിസ്റ്റിന് നേരാംവണ്ണം ഇരിക്കുവാൻ ഒരു നല്ല ബെഞ്ചോ കസേരയോ ഒന്നും തന്നെയില്ല .ഇഷ്ടംപോലെ പറമ്പ് ഉള്ളതുകൊണ്ട് മൂത്രമൊഴിക്കാൻപിന്നെ സ്ഥലം തപ്പേണ്ടതില്ല. യാതൊരു ഗുണമേന്മയുമുള്ള ഒന്നും അവിടെ ഉണ്ടാകുന്നില്ല എന്നത് ഒരു ഗതികെട്ട അവസ്ഥയാണ്
എങ്കിൽ ബാറിൽ പോയി കഴിക്കാമെന്ന് വെച്ചാൽ, ത്രീ സ്റ്റാർ, ഫോർ സ്റ്റാർ എന്ന് പറയുന്നതല്ലാതെ വൃത്തി എന്നത് അവരുടെ നിഘണ്ടുവിൽ ഇല്ല. ബാർ മെൻ എന്ന് പറയുന്ന കൗണ്ടറിൽ നിൽക്കുന്നവരെ കണ്ടാൽ സംഘർഷം സിനിമയിലെ ബാലൻ കെ. നായരുടെയും ലോറി സിനിമയിലെ അച്ചൻകുഞ്ഞിന്റെയും മുഖഭാവങ്ങളും സ്വഭാവവും പെരുമാറ്റവും അതേ പടി പകർത്തിവെച്ചതുപോലെ കാണാം.
അവരിപ്പോൾ മദ്യത്തിന്റെ അളവ് കുറഞ്ഞു എന്നാരെങ്കിലും പറഞ്ഞാൽ ഗ്ലാസ്സല്ല, ബോംബ് വരെ എറിയുന്ന ആളുകൾ. അതാണ് കഴിഞ്ഞ ദിവസം ഏറ്റുമാനൂരിലെ വെമ്പള്ളിയില്‍ കണ്ടത്.
ചിരിക്കുന്ന ഒരു മുഖവും ഒരു ബാറിലും കാണുവാൻ കേരളത്തിൽ സാധ്യമല്ല. കുടിക്കാൻ പോകുന്നവരിൽ മിക്കവാറും ആളുകൾ പരട്ട സ്വഭാവക്കാരായതുകൊണ്ടാണ് മുതലാളിമാർ പഴയകാല പട്ടാളക്കാരെയും ഗുണ്ടകളെയുമൊക്കെ ബാർമെൻ ആക്കുന്നതും. മൂത്രപ്പുരയെ കുറിച്ച് ചിന്തിക്കുകയെ വേണ്ട !
ബിവറേജിൽ പോയി രണ്ടെണ്ണം വാങ്ങി വീട്ടിലോ റിസോർട്ടിലോ പോയി അടിക്കാമെന്നു വെച്ചാൽ അവിടത്തെ ക്യുവും അവരുടെ സ്വഭാവവും ഒക്കെ കാണുമ്പോൾ കള്ളിനോട് തന്നെ എന്നെന്നേക്കുമായി വെറുപ്പ് തോന്നിപ്പോകും
വിദേശത്ത് നിന്ന് വരുന്നവർക്ക് രണ്ടു കുപ്പിയിൽ കൂടുതൽ കൊണ്ടുവരുവാൻ ആകാത്തതുകൊണ്ട് അത് ഭാര്യയുടെ ആങ്ങളമാര്‍ക്കോ അമ്മാവന്മാര്‍ക്കോ അവരുടെ മക്കൾക്കോ ചങ്ങായിമാർക്കോ തികയില്ല. പിന്നെ കുടുംബവഴക്കുകൾ വേറെ.
പിണങ്ങി പോകുന്ന ചങ്ങായിമാർ. മുംബെയിലോ ബെംഗളുരിലോ പനാജിയിലോ ഡെൽഹിയിലോ എന്തിനധികം പറയുന്നു, തമിഴ്നാട്ടിലോ പോയാൽ അത്യാവശ്യം വൃത്തിയുള്ള ബാറുകൾ, റസ്റ്റോറന്റുകൾ, കുടുംബവുമായി പോകാവുന്ന അന്തരീക്ഷം, നല്ല ഭക്ഷണം, നല്ല പെരുമാറ്റം.
തമിഴ്‌നാട്ടിൽ ഒരു ബിയറോ, പെഗോ വാങ്ങിയാൽ കൂടെ വികാരമുള്ള കടലപുഴുങ്ങിയത്, ആത്മാർത്ഥതയുള്ള മിക്സ്ചർ, കുക്കുമ്പർ മസാലയിട്ടത്, ആപ്പിളിന്റെ കഷ്ണങ്ങൾ, പപ്പടം വെട്ടി പൊരിച്ചത്, മാങ്ങയോ നെല്ലിക്കയോ അച്ചാർ, പിന്നെ അന്നത്തെ സ്പെഷ്യൽ അടക്കം ഏഴ് തരം ടച്ചിങ്‌സ് ആണ് അവർ മേശപ്പുറത്ത് നമ്മൾ ആവശ്യപ്പെടാതെ കൊണ്ടുവെക്കുക.
കേരളത്തിൽ ആണെങ്കിൽ മൂന്നു തവണ ചോദിച്ചാൽ പൂത്തുകെട്ട ഒരു നാരങ്ങാ അച്ചാർ കിട്ടിയാൽ ഭാഗ്യം. അത് വരുന്നവനോടുള്ള ഇഷ്ടം കൊണ്ടൊന്നുമല്ല. നാരങ്ങാ അച്ചാർ കഴിച്ചാൽ ഉള്ള കിക്ക് പോയിക്കിട്ടും, അപ്പോൾ കൂടുതൽ ഓർഡർ കിട്ടുമെന്ന അത്യാഗ്രഹം !
ഈ കേരളത്തിലെ തെങ്ങ്, പന, കശുമാവ്, ചക്ക, വാഴപ്പഴം കൂടാതെയുള്ള പഴവർഗ്ഗങ്ങളിൽ നിന്നും എന്തൊക്കെ തരം ലഹരി പാനീയങ്ങൾ ഉത്പാദിപ്പിക്കാം എന്നറിഞ്ഞിട്ടുകൂടി അതിനൊന്നും മെനക്കെടാതെ വല്ലവനും ചീഞ്ഞ സ്പിരിറ്റ് കളറിൽ മുക്കിയുണ്ടാക്കുന്ന, വെച്ചുണ്ടാക്കുന്ന ‘ചാത്തൻ’ സാധനങ്ങൾ അടിച്ചടിച്ചു നല്ല സിനിമക്കാരുടെയും, സാഹിത്യകാരന്മാരുടെയും, കച്ചവടക്കാരുടെയും ലിവർ അടിച്ചുകളഞ്ഞു കേരളത്തെ നശിപ്പിച്ചു കാണുവാനാണ് ഏവർക്കും താത്പര്യം.
അൻപത് വയസായ ഒട്ടുമിക്ക ആളുകളുടെയും ലിവറും കിഡ്നിയും ഒക്കെ ഓട്ടയാക്കിയ ഈ മണവാട്ടികളും, വെട്ടിരുമ്പും, അന്തിക്രിസ്‌തുവും, എകെ ആന്റണിയും ഒക്കെ കളർ മാറ്റിയും കുപ്പി മാറ്റിയും ഒക്കെയാണ് കേരളത്തിൽ കിട്ടിക്കൊണ്ടിരിക്കുന്നത്.
പല തല്ലിപ്പൊളി കള്ളു നിർമ്മാതാക്കളും അവരുടെ പരീക്ഷണകേന്ദ്രമാക്കി കേരളത്തെ മാറ്റുമ്പോൾ ഇവിടെ നശിച്ചുകൊണ്ടിരിക്കുന്നത് കുറെ നല്ല തലച്ചോറുകളും കുറെ നല്ല സംസ്കാരങ്ങളുമാണ്.
1987 – 1991 , 1991 -1996 കാലഘട്ടങ്ങൾ ഭരിച്ചിരുന്ന കേരളത്തിലെ എക്സൈസ് മന്ത്രിമാർക്ക് കേരളത്തിൽ എവിടെയും ഒരു കിങ്ഫിഷറോ , കല്യാണിയോ വിറ്റാൽ ഒരു രൂപ വെച്ച് അവരുടെ സ്വകാര്യ അക്കൗണ്ടിൽ വീണിരുന്നു എന്നൊരു കഥ കേള്‍ക്കുന്നുണ്ട്. ശരിയാവാം , തെറ്റാകാം.
എന്തായാലും അവരുടെ ഒരു സഹാനുഭൂതി കൊണ്ടാണ് അക്കാലയളവിൽ കേരളത്തിൽ മാത്രം യുണൈറ്റഡ് ബ്രൂവറീസിന്റെ കള്ളു മാത്രം വിറ്റിരുന്നത്. അതിന്റെ നന്ദിയായിട്ടാണ് നമ്മുടെ വിജയ്മല്യ അയ്യപ്പന്റെ ശ്രീകോവിലിന്റെ മേൽഭാഗം സ്വർണ്ണത്തകിടുകൾ കൊണ്ട് അലങ്കരിച്ചതത്രെ.
നമ്മൾ അഹമ്മദാബാദിനെ കേരളവുമായി താരതമ്യം ചെയ്താൽ, അഹമ്മദാബാദിലെ ചെറുപ്പക്കാർ തമ്മിൽ കണ്ടുമുട്ടിയാൽ പുതിയ കച്ചവട സാധ്യതകളും, ടെണ്ടറുകളും, സ്റ്റാർട്ടപ്പ് വിശേഷങ്ങളും പങ്കുവെക്കുന്നു . കേരളത്തിൽ അഞ്ചുമണി കഴിഞ്ഞാൽ കൂട്ടുകാർ ‘എല്ലാം വൈകീട്ടെന്താ പരിപാടി’ എന്ന നിലയിലേക്ക് കാര്യങ്ങൾ നീക്കുന്നു .
കുപ്പിവാങ്ങുന്നു, അടിക്കുന്നു, കുറെ ബീഫ് ഫ്രൈയും, അച്ചാറും മിക്സ്ചറും പൊറോട്ടയും വെട്ടിവിഴുങ്ങുന്നു, രാഷ്ട്രീയം പറയുന്നു, വർഗീയത പറയാതെ പറയുന്നു, കൂട്ടുകാരെ കുറിച്ചും നാട്ടുകാരെ കുറിച്ചും വേണ്ടാധീനം പറഞ്ഞുകൊണ്ട് ജീവിതം തള്ളിനീക്കുന്നു.
പിന്നെ കുറെ ചെറുപ്പക്കാർ ഇരുതലമൂരി, വെള്ളിമൂങ്ങ, നാഗമാണിക്യം, ഇറിഡിയം, തിമിംഗല ഛർദ്ദി, മൾട്ടിലെവൽ മാർക്കറ്റിംഗ്, കൂണിന്റെ പൊടി വിൽക്കൽ അങ്ങനെയങ്ങനെ ഈസിമണിയുടെ പിന്നാലെ പോകുന്നു.
കള്ളടിച്ചു വണ്ടിയോടിച്ചാൽ പിഴയടക്കേണ്ടി വരുന്നതുകൊണ്ടും, വീട്ടിൽ പിടിക്കപ്പെടുന്നതു കൊണ്ടും മറ്റൊരു വിഭാഗം എംഡിഎംഎ, ക്രിസ്റ്റൽ, കൊക്കൈൻ പോലുള്ള വൻ ശക്തികളിലേക്ക് പ്രാപിക്കുന്നു. അതിനേക്കാൾ ഭേദം കഞ്ചാവിന് അനുമതി കൊടുക്കുന്നതാണെന്ന് തോന്നിപ്പോകും
അല്ലെങ്കിൽ അമ്മയെ വെട്ടിക്കൊല്ലുന്ന മക്കൾ, അച്ഛന്റെ തലക്ക് കല്ല് കൊണ്ടടിക്കുന്ന മക്ക , പെങ്ങളെ ബലാൽസംഘം ചെയ്യുന്ന ആങ്ങളമാർ അങ്ങനെയങ്ങനെ പലതരം കഥകളും വാർത്തകളിൽ നിറയും.
ഒന്നുകിൽ സർക്കാർ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരുത്തുക, ചെറിയ മീനുകളെ പൂട്ടുന്നതോടൊപ്പം തിമിംഗല സ്രാവുകളെയും പൂട്ടുക, അല്ലെങ്കിൽ എല്ലാം തുറന്നുകൊടുക്കുക !
സ്വൽപ്പം ലഹരി ബുദ്ധി വികസിക്കുവാൻ നല്ലതാണെന്ന സത്യം ഉൾക്കൊണ്ടുകൊണ്ട് ദാസനും സ്വൽപ്പം ലഹരി ആപത്തുകൾ തടഞ്ഞേക്കാം എന്ന വിശ്വാസത്താൽ വിജയനും