‘മരത്തെ കാക്കണം’;738 ദിവസം തുടർച്ചയായി മരത്തിൽ താമസിച്ച് യുവതി

പലതരത്തിലുള്ള പ്രതിഷേധങ്ങൾ നമ്മൾ കണ്ടിട്ടുണ്ടാകും എന്നാൽ അമേരിക്കൻ പരിസ്ഥിതി പ്രവർത്തകയായ ജൂലിയ ബട്ടർഫ്ലൈയുടേത് അതിൽനിന്നുമൊക്കെ തികച്ചും വ്യത്യസ്തമാണ്. മരംമുറിക്കെതിരെ പ്രതിഷേധിച്ച് ദിവസങ്ങളോളമാണ് ജൂലിയ ഒരു മരത്തിന് മുകളിൽ ടെന്റ് കെട്ടി താമസിച്ചത്. 738 ദിവസമാണ് ജൂലിയ മരത്തിന് മുകളിൽ താമസിച്ച് പ്രതിഷേധം നടത്തിയത്. 1997ലാണ് ലോകമെമ്പാടുമുള്ള ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റിയ ജൂലിയയുടെ ഈ പ്രതിഷേധം. 1000 വർഷം പഴക്കമുള്ള കാലിഫോർണിയയിലെ ഒരു റെഡ്‌വുഡ് മരത്തിലാണ് ജൂലിയ താമസിച്ചത്. പസഫിക് ലംബർ എന്ന മരംമുറി കമ്പനിയുടെ മരംമുറിച്ച് മാറ്റാനുള്ള നീക്കത്തെ തുടർന്ന് അതിനെ  തടയാനായിരുന്നു ജൂലിയ അതേ മരത്തിൽ വീട് വെച്ച് താമസിക്കാൻ തീരുമാനിച്ചത്. 

1997 ഡിസംബർ 10നാണ് ജൂലിയ 200 അടി ഉയരമുള്ള റെഡ് വുഡ് മരത്തിൽ താമസം തുടങ്ങുന്നത്. തണുത്തുറഞ്ഞ മഴയും 40 മൈൽ വേഗതയിലുള്ള കാറ്റും ഉൾപ്പെടെയുള്ള കഠിനമായ കാലാവസ്ഥയെ വരെ അതിജീവിച്ചാണ് ജൂലിയ ഈ പോരാട്ടം നടത്തിയത്. ഒരാഴ്ച നീണ്ടുനിന്ന പ്രതിഷേധമാണ് ഒടുവിൽ 738 ദിവസത്തെ ചരിത്രമായി മാറിയത്. ലൂണ എന്നാണ് ജൂലിയ ആ മരത്തിന് പേരിട്ടിരുന്നത്. 

ജൂലിയക്ക് ആവശ്യമായ വെള്ളവും, ഭക്ഷണവും തുടങ്ങി അവശ്യസാധനങ്ങളെല്ലാം സന്നദ്ധപ്രവർത്തകർ നിരന്തരം എത്തിച്ചുകൊടുത്തുകൊണ്ടേയിരുന്നു. ഇത് ജൂലിയക്ക് തുടർന്നും മരത്തിൽ തന്നെ താമസിക്കാൻ പിന്തുണയേകി. ഒടുവിൽ വനനശീകരണത്തിനും സുസ്ഥിരമല്ലാത്ത മരംമുറിക്കൽ രീതികൾക്കുമെതിരായ ജൂലിയയുടെ പോരാട്ടം ദേശീയ ശ്രദ്ധ പിടിച്ചുപറ്റുകയായിരുന്നു. നിരവധി വെല്ലുവിളികളാണ് മരത്തിൽ താമസിക്കുമ്പോൾ ജൂലിയ നേരിടേണ്ടി വന്നിട്ടുള്ളത്. എന്നാൽ അതൊന്നും മുഖവിലക്കെടുക്കാതെ തന്റെ ലക്ഷ്യത്തോട് എപ്പോഴും ജൂലിയ പ്രതിജ്ഞാബദ്ധത പുലർത്തിയിരുന്നു. ഇത് സംബന്ധിച്ച് റേഡിയോ അഭിമുഖങ്ങൾ നൽകിയും അവബോധം വളർത്തുന്നതിന് വേണ്ടി മാധ്യമങ്ങളെ ഏൽപ്പിക്കുകയും ചെയ്തു. 

പരിസ്ഥിതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിലേക്ക് മാധ്യമങ്ങളുടെയും പൊതുജനങ്ങളുടെയും ശ്രദ്ധ ആകർഷിക്കുന്നതിന് വേണ്ടിയാണ് നിയമലംഘനം നടത്തി ജൂലിയ 738 ദിവസം ലൂണയിൽ താമസിച്ചത്. ഒടുവിൽ 1999 ഡിസംബറിൽ പസഫിക് ലംബർ കമ്പനി എല്ലാ മരങ്ങളെയും 200 അടി ബഫർ സോണിൽ സംരക്ഷിക്കാൻ സമ്മതിക്കുകയായിരുന്നു. ജൂലിയയുടെ പ്രതിഷേധം ലോകമെമ്പാടുമുള്ള ആളുകളെ വളരെയധികം പ്രചോദിപ്പിച്ചിരുന്നു. ഈ ചരിത്ര സംഭവത്തോടെ കൂടി ജൂലിയ ഒരു പ്രമുഖ പരിസ്ഥിതി പ്രവർത്തകയും എഴുത്തുകാരിയുമായ മാറുകയായിരുന്നു. 

1974ലാണ് ജൂലിയയുടെ ജനനം. ജൂലിയ ലോറൈൻ ഹിൽ എന്നാണ് യഥാർത്ഥ പേര്. ഒരിക്കൽ ജൂലിയയും കുടുംബവും നടന്നുപോകുന്ന സമയത്ത് ഒരു ബട്ടർഫ്ലൈ വന്ന് ജൂലിയയുടെ വിരലിൽ ഇരുന്നു. നടന്നു കഴിയുംവരെ ഇത് വിരലിൽ തന്നെ ഇരിക്കുകയായിരുന്നു. അതിനുശേഷമാണ് ജൂലിയയുടെ പേരിനൊപ്പം ബട്ടർഫ്ലൈ എന്ന ഓമനപ്പേര് വന്നത്. 

ഈ മിടുക്കിയെ ഓർക്കുന്നുണ്ടോ നിങ്ങൾ; ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ യുവതി ജ്യോതി അംഗേ

By admin