കോട്ടയം: തനിക്കു നഷ്ടമായതു സഹോദരനെയാണെന്നു എ.വി. റസലിന്റെ നിര്യാണത്തില്‍ അനുശോചിച്ച് മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു. ചികിത്സ കഴിഞ്ഞ് ഉടന്‍ ദൈനംദിന രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലേക്കു സജീവമായി മടങ്ങിയെത്തും എന്നു കരുതിയിരിക്കെയാണു റസലിന്റെ അപ്രതീക്ഷിത വേര്‍പാട്.
ഒന്‍പതു മാസം മുന്‍പാണു റസലിനു രോഗം തിരിച്ചറിയുന്നത്. അന്നു മുതല്‍ അദ്ദേഹത്തിന്റെ ചികിത്സയുടെ കൂടെ ഒരുമിച്ചുണ്ടായിരുന്നു. ഇന്നു പതിവ് പരിശോധനയ്ക്കായി പോയി മടങ്ങി മുറിയിലേക്ക് എത്തുമ്പോഴാണ് അദ്ദേഹത്തിന്റെ അപ്രതീക്ഷിതമായ വേര്‍പാട്.
അദ്ദേഹത്തിന്റെ വിയോഗം സൃഷ്ടിച്ച ആഘാതത്തില്‍ നിന്ന് ഇനിയും മുക്തനായിട്ടില്ല. 24-ാം പാര്‍ട്ടി കോണ്‍ഗ്രസിനു മുന്നോടിയായി സംസ്ഥാന സമ്മേളനം ചേരാനിരിക്കെയുള്ള റസലിന്റെ വേര്‍പാട് പാര്‍ട്ടിക്കും തനിക്കും വലിയ നഷ്ടമാണെന്നും മന്ത്രി പറഞ്ഞു.
വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തന കാലഘട്ടം മുതല്‍ക്കേ റസലിനെ അടുത്തറിയാമായിരുന്നു. ആരും ആഗ്രഹിക്കുന്ന സവിശേഷമായ സംഘടനാ മികവ് അദ്ദേഹത്തിന്റെ കൈമുതലായിരുന്നു. യുവജന സംഘടനാ രംഗത്തും, തൊഴിലാളി സംഘടനാ രംഗത്തും നേതൃനിരയില്‍ പുലര്‍ത്തിയ മികവാണ് അദ്ദേഹത്തെ പാര്‍ട്ടി ജില്ലാ സെക്രട്ടറി പദവിയിലെത്തിച്ചത്.
പ്രക്ഷോഭ സമരങ്ങള്‍ക്കു മുന്നില്‍ നിന്നു നേതൃത്വം നല്‍കിയ റസലിനു നിരവധി തവണ ക്രൂരമായ പോലീസ് മര്‍ദനമേറ്റിട്ടുണ്ട്. തൊഴിലാളികളുടെയും, സാധാരണക്കാരുടെയും പ്രിയപ്പെട്ട നേതാവായിരുന്നു.
കൂത്തുപറമ്പ് രക്തസാക്ഷിത്വത്തെ തുടര്‍ന്നുള്ള പ്രക്ഷോഭങ്ങള്‍, മുത്തങ്ങ വെടിവയ്പ്പിനെതിരായുള്ള പ്രക്ഷോഭങ്ങള്‍ വടക്കേ ഇന്ത്യയിലെ ന്യൂനപക്ഷ വിരുദ്ധ കലാപത്തിനെതിരായ പ്രക്ഷോഭങ്ങള്‍ എന്നിങ്ങനെ റസലിലെ പ്രക്ഷോഭകാരിയെ നേരിട്ടു കണ്ട അവസരങ്ങള്‍ നിരവധിയാണെന്നും മന്ത്രി പറഞ്ഞു.