ദില്ലിയെ വിറപ്പിച്ച ലേഡി ഡോൺ ഒടുവിൽ കുടുങ്ങി, സോയാ ഖാന്റെ അറസ്റ്റ് 1 കോടിയുടെ ഹെറോയിനുമായി

ദില്ലി: വർഷങ്ങളോളം ദില്ലി പൊലീസിന് പിടികൊടുക്കാതിരുന്ന ലേഡി ഡോൺ അറസ്റ്റിൽ. ദില്ലിയിലെ ലേഡി ഡോൺ എന്ന പേരിൽ കുപ്രസിദ്ധി നേടിയ സോയ ഖാൻ ആണ് ഒരു കോടിയിലേറെ വില വരുന്ന മാരക മയക്കുമരുന്നുമായി അറസ്റ്റിലായത്. കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഹാഷിം ബാബയുടെ ഭാര്യ കൂടിയാണ് 33കാരിയായ സോയ ഖാൻ. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറില്‍ നിന്ന് വിതരണത്തിനായി എത്തിച്ച 270 ഗ്രാം ഹെറോയിനാണ് ഇവരിൽ നിന്ന് പൊലീസ് പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ വടക്ക് കിഴക്കൻ  ദില്ലിയിൽ വെച്ചാണ് സോയയെ പൊലീസ് അറസ്റ്റ് ചെയ്തത്.

ഭർത്താവ് ജയിലിൽ ആയതിന് പിന്നാലെ ഹാഷിം ബാബയുടെ സാമ്രാജ്യം ഏറ്റെടുത്ത് നടത്തിയിരുന്നത് സോയ ആയിരുന്നു. കുറച്ചുനാളുകളായി പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു ഇവരുണ്ടായിരുന്നതെന്നാണ് പൊലീസ് ദേശീയ മാധ്യമങ്ങളോട് വിശദമാക്കുന്നത്. കൊലപാതകം, പിടിച്ചുപറി, ആയുധക്കടത്ത് തുടങ്ങി നിരവധി കേസുകളാണ് ഹാഷിം ബാബയ്‌ക്കെതിരെയുള്ളത്. സോയ ഹാഷിം ബാബയുടെ രണ്ടാം ഭാര്യയാണ്. 2017ലാണ് സോയ ഹാഷിമിനെ വിവാഹം കഴിക്കുന്നത്. സോയയുടേയും രണ്ടാം വിവാഹമായിരുന്നു. ഇടയ്ക്ക് ജയിലിലെത്തി ഭര്‍ത്താവിനെ സന്ദര്‍ശിക്കുന്ന സോയക്ക് ഗുണ്ടാ സംഘത്തെ കൈകാര്യം ചെയ്യുന്നതിനുള്ള കൃത്യമായി നിര്‍ദേശങ്ങൾ  ഹാഷിം ബാബ നല്‍കിയിരുന്നു. തീഹാര്‍ ജയിലിലെത്തുന്ന സോയ പ്രത്യേക കോഡ് ഭാഷയിലാണ് ഭര്‍ത്താവുമായി സംസാരിച്ചിരുന്നതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 

കള്ളക്കടത്ത്, മയക്കുമരുന്ന് തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ സോയ നിരന്തരം ഏര്‍പ്പെട്ടിരുന്നു. വില കൂടിയ വസ്ത്രങ്ങള്‍ ധരിക്കുകയും ബ്രാന്‍ഡഡ് സാധനങ്ങള്‍ മാത്രം ഉപയോഗിക്കാനും ഇഷ്ടപ്പെടുന്ന സോയ. ആഡംബര പാര്‍ട്ടികളിലും സമൂഹമാധ്യമങ്ങളിലും സജീവമായിരുന്നു. കിമിനല്‍ പശ്ചാത്തലമുള്ള കുടുംബമാണ് സോയയുടേത്. നേരത്തം 2024ൽ മനുഷ്യക്കടത്ത് സംഘത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ച് സോയയുടെ അമ്മയെ അറസ്റ്റിലായിരുന്നു. ഇവര്‍ പിന്നീട് ജാമ്യത്തിലിറങ്ങിയിരുന്നു. ലഹരിമരുന്ന് ശൃംഖലയുമായി സോയയുടെ പിതാവിനും ബന്ധമുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin

You missed