തൃശൂര്‍: നിരവധി മോഷണ കേസുകളില്‍ പ്രതിയായ രണ്ട് പേരെ ഗുരുവായൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. മല്ലാട് സ്വദേശി പുതുവീട്ടില്‍ മനാഫ്, കൊടുങ്ങല്ലൂര്‍ കോട്ടപ്പുറം മുസിരിസ് പാര്‍ക്കിനടുത്ത് ഇടപ്പള്ളി വീട്ടില്‍ മാഹില്‍ എന്നിവരെയാണ് ഗുരുവായൂര്‍ പൊലീസ് എസ് എച്ച് ഒ സി പ്രേമാനന്ദകൃഷ്ണന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്പെക്ടര്‍ ശരത് സോമനും സംഘവും അറസ്റ്റ് ചെയ്തത്.
പേരകം തൈക്കാട്ടില്‍ നിഖിലിന്റെ വീട്ടുമുറ്റത്തു പാര്‍ക്ക് ചെയ്തിരുന്ന ബുള്ളറ്റ് രാത്രി മോഷ്ടിച്ച കേസിലാണ് ഇരുവരും അറസ്റ്റിലായത്. കഴിഞ്ഞ നാലാം തിയ്യതി പുലര്‍ച്ചെയാണ് കേസിനാസ്പദമായ സംഭവം. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മനാഫിനെ വടക്കേകാട് നിന്നും മാഹിലിനെ കൊടുങ്ങല്ലൂരില്‍ നിന്നും കസ്റ്റഡിയിലെടുത്തത്.
ഗുരുവായൂര്‍ സ്റ്റേഷനിലെ മറ്റൊരു ബുള്ളറ്റ് മോഷണ കേസില്‍ ഉള്‍പ്പെട്ടു ജയിലില്‍ കഴിഞ്ഞിരുന്ന മാഹിലും വടക്കേകാട്, ചാവക്കാട് സ്റ്റേഷനിലെ ക്ഷേത്ര മോഷണ കേസുകളിലും മറ്റും ഉള്‍പ്പെട്ടു ജയിലില്‍ കഴിഞ്ഞിരുന്ന മനാഫും ജയിലിലെ പരിചയം വെച്ചാണ് ഒന്നിച്ചു മോഷണത്തിന് ഇറങ്ങിയതെന്നും പൊലീസ് പറയുന്നു. ‘ഇരുവര്‍ക്കുമെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി നിരവധി കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.