കൊച്ചി: അടിസ്ഥാന സൗകര്യം, വിദ്യാഭ്യാസം, നൈപുണ്യമേഖല, ടൂറിസം, സിനിമാവ്യവസായം തുടങ്ങി കേരളത്തിന്‍റെ വിവിധ നിക്ഷേപ മേഖലകളില്‍ ഉഭയകക്ഷി സഹകരണത്തിന്‍റെ സാധ്യതകള്‍ തുറന്ന് ഇന്‍വെസ്റ്റ് കേരള ഉച്ചകോടിയില്‍ പങ്കാളിത്ത രാജ്യങ്ങളുടെ പ്രദര്‍ശനം. വിയറ്റ്നാം, ജര്‍മ്മനി, മലേഷ്യ, ആസ്ട്രേലിയ എന്നീ രാജ്യങ്ങളാണ് പ്രദര്‍ശനമൊരുക്കിയിട്ടുള്ളത്.
വിജ്ഞാന സമ്പദ് വ്യവസ്ഥയെന്ന നിലയില്‍ കേരളത്തിന്‍റെ വിഭവശേഷി പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് ബംഗളുരുവിലെ ജര്‍മ്മന്‍ കോണ്‍സല്‍ ജനറല്‍ അകിം ബുര്‍കാട്ട് ചൂണ്ടിക്കാട്ടി. 

കേരളത്തില്‍ നിന്നു ജര്‍മ്മനിയിലേക്ക് തൊഴിലിനായി വരുന്നവര്‍ക്ക് നൈപുണ്യശേഷി കൂടുതലാണെന്ന് അദ്ദേഹം പറഞ്ഞു. സാങ്കേതിക-ഗവേഷണ മേഖലയില്‍ മാത്രമല്ല, അടിസ്ഥാന സൗകര്യ മേഖലകളിലും കേരളത്തില്‍ നിന്നുള്ളവര്‍ മികച്ച ക്രയശേഷിയുള്ളവരാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നൈപുണ്യശേഷിയും തൊഴിലധിഷ്ഠിത പാഠ്യവിഷയവും സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വ്യാപകമാക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഇതിന് സാങ്കേതികമായ സഹായം നല്‍കാന്‍ ജര്‍മ്മനി ഒരുക്കമാണെന്നും ബുര്‍കാട്ട് വ്യക്തമാക്കി.
സ്റ്റാര്‍ട്ടപ്പ്, ടെക്നോളജി മേഖലകളില്‍ ഇന്ത്യയും ആസ്ട്രേലിയയും മികച്ച ഉഭയകക്ഷി നിക്ഷേപസാധ്യതയുണ്ടെന്ന് ചെന്നൈയിലെ ആസ്ട്രേലിയന്‍ കോണ്‍സല്‍ ജനറല്‍ സിലായി സാക്കി പറഞ്ഞു. 

കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ പ്രവര്‍ത്തനങ്ങള്‍ അതിശയകരമാണ്. ഗുണമേന്‍മയുള്ള സ്റ്റാര്‍ട്ടപ്പ് ഉത്പന്നങ്ങള്‍ക്ക് ആസ്ട്രേലിയയില്‍ വന്‍ ഡിമാന്‍ഡാണെന്നും അവര്‍ പറഞ്ഞു.
സംസ്ഥാനത്തെ സിനിമാവ്യവസായത്തില്‍ നിക്ഷേപസാധ്യത പരിശോധിക്കുമെന്ന് ചെന്നൈയിലെ മലേഷ്യന്‍ കോണ്‍സുലേറ്റിലെ ട്രേഡ് കോണ്‍സല്‍ വാന്‍ അഹമ്മദ് ടാര്‍മിസി വാന്‍ ഇദ്രിസ് പറഞ്ഞു. 
കേരളവും മലേഷ്യയും തമ്മിലുള്ള ഏറ്റവും വലിയ വാണിജ്യ സാധ്യത ടൂറിസത്തിലാണ്. കേരളത്തില്‍ നിന്നും നിരവധി ടൂറിസ്റ്റുകള്‍ മലേഷ്യ സന്ദര്‍ശിക്കുന്നുണ്ട്. 
ഇന്‍വെസ്റ്റ് കേരളയ്ക്ക് ശേഷം മലേഷ്യന്‍ ടൂറിസ്റ്റുകള്‍ വ്യാപകമായി കേരളം സന്ദര്‍ശിക്കാനെത്തുമെന്നും അദ്ദേഹം പറഞ്ഞു.

സമഗ്രമായ ഉഭയകക്ഷി സാധ്യതകളാണ് വിയറ്റ്നാം പവലിയനിലൂടെ ഒരുക്കിയിട്ടുള്ളത്. കല, സംസ്ക്കാരം, കൃഷി, വാണിജ്യം, ടൂറിസം, എയര്‍ലൈന്‍, ഭക്ഷണം തുടങ്ങി പരസ്പര സഹകരണ സാധ്യതയുള്ള എല്ലാ മേഖലകളെയും സമന്വയിപ്പിച്ചിരിക്കുകയാണ്. 
സന്ദര്‍ശകരെ പരമ്പരാഗത രീതിയില്‍ ചായ നല്‍കി സ്വീകരിക്കുന്നു. ടിറങ് എന്ന മുളകൊണ്ടുള്ള സംഗീതോപകരണത്തിന്‍റെ പ്രദര്‍ശനം, ടി ഡാന്‍ ട്രാന്‍ഹ്, ഡാന്‍ ബാവു തുടങ്ങിയ വീണകള്‍ എന്നിവയൊക്കെ കാഴ്ചക്കാരെ ആകര്‍ഷിക്കുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed