നന്മയുടെ കെടാവിളക്കുമായിട്ടാണ് ശിവരാത്രി കടന്നുവരാറുള്ളത്. കാമം, ക്രോധം, ലോഭം, മോഹം, അഹങ്കാരം എന്നിവയുടെ ശാപത്തിൽ നിന്നു മുക്തമാകാനാണ് വ്രതാനുഷ്‌ഠാനം. കര്‍മ്മയോഗിയായി ജീവിക്കുക എന്നതാണ് യഥാര്‍ത്ഥ ഉപവാസം കൊണ്ടു ഉദ്ദേശിക്കുന്നത്.

മഹാവിഷ്ണുവിനെയും ശിവനെയും ബ്രഹ്മാവിനെയും ബന്ധപ്പെടുത്തിയാണ് ശിവരാത്രി ഐതീഹ്യം. മഹാവിഷ്ണുവിന്‍റെ നാഭിയില്‍ നിന്നും മുളച്ച് വന്ന താമരയില്‍ ബ്രഹ്മാവ് ജന്മമെടുത്തു.

വിശാലമായ ജലപ്പരപ്പില്‍ക്കൂടി സഞ്ചരിച്ച ബ്രഹ്മാവിന് വിഷ്ണുവിനെ മാത്രമേ കാണാന്‍ കഴിഞ്ഞുള്ളു. നീ ആരാണ് എന്ന ചോദ്യത്തിന് നിന്‍റെ പിതാവായ വിഷ്ണു ആണ് ഞാന്‍ എന്ന ഉത്തരം ബ്രഹ്മാവിന് തൃപ്തി നല്‍കിയില്ല. അവര്‍ തമ്മില്‍ യുദ്ധം ആരംഭിച്ചു.

ഒരു ശിവലിംഗം അവര്‍ക്ക് മധ്യേ പ്രത്യക്ഷപ്പെട്ടു. അതിന്‍റെ മേലഗ്രവും കീഴഗ്രവും ദൃശ്യമായിരുന്നില്ല. അഗ്രങ്ങള്‍ കണ്ട് പിടിക്കാന്‍ ബ്രഹ്മാവ് മുകളിലേക്കും വിഷ്ണു താഴേക്കും സഞ്ചരിച്ചു. വളരെ സഞ്ചരിച്ചിട്ടും ഉദ്ദേശം ഫലിക്കാതെ രണ്ട് പേരും പൂര്‍വസ്ഥാനത്ത് വന്ന് നിന്നു.

അപ്പോള്‍ ശിവന്‍ പ്രത്യക്ഷപ്പെട്ട് തന്‍റെ നിരതിശയമായ പ്രാധാന്യത്തെ അറിയിച്ചു. ശിവന്‍ പ്രത്യക്ഷപ്പെട്ടത് മാഘമാസത്തിലെ കറുത്ത പക്ഷത്തില്‍ ചതുര്‍ദശി രാത്രിയിലായിരുന്നു. തുടർന്ന് എല്ലാ വർഷവും ഈ ദിവസം വ്രതം സ്വീകരിക്കണമെന്ന് ശിവൻ അറിയിച്ചു.

പാലാഴിമഥനം നടത്തിയപ്പോൾ ലോകരക്ഷയ്ക്കു വേണ്ടി മഹാദേവൻ കാളകൂടവിഷം പാനം ചെയ്തു. വിഷം ഭഗവാനെ ബാധിക്കാതിരിക്കാൻ ലോകരെല്ലാം ഉറങ്ങാതെ വ്രതം അനുഷ്ഠിച്ചു പ്രാര്‍ത്ഥിച്ചു. ശിവഭഗവാൻ വിഷം പാനം ചെയ്ത ദിവസമാണ് ശിവരാത്രിയായി ആഘോഷിക്കുന്നത്.

ഈ ദിവസം വ്രതമനുഷ്ഠിക്കാന്‍ നിര്‍ദ്ദേശിച്ചത് ഭഗവാന്‍ തന്നെയാണെന്ന് ഭക്തജനങ്ങള്‍ വിശ്വസിക്കുന്നു. ഹിന്ദു പുരാണങ്ങ‌ളിലെ മറ്റൊരു ഐതീഹ്യം ഇതാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *