കൊച്ചി: ഇൻവെസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടിക്ക് കൊച്ചിയിൽ വെളളിയാഴ്ച തുടക്കമാകും. ബോൾഗാട്ടിയിലെ ലുലു കൺവെൻഷൻ സെന്ററിൽ രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
കേന്ദ്ര വാണിജ്യ–വ്യവസായ മന്ത്രി പീയൂഷ് ഗോയൽ, സഹമന്ത്രി ജയന്ത് ചൗധരി എന്നിവർക്കു പുറമേ, ഓൺലൈനായി കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയും പ്രഭാഷണം നടത്തും.
കേരളത്തിലേക്ക് കൂടുതൽ നിക്ഷേപങ്ങൾ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്. രണ്ട് ദിവസത്തെ ഉച്ചകോടിയിൽ 26 രാജ്യങ്ങളുടെ പ്രതിനിധികളും സംരംഭകരുമുൾപ്പെടെ 3000 പേർ പങ്കെടുക്കും.
ബിസിനസ് സാധ്യതകൾ, സ്റ്റാർട്ട് അപ്-ഇനോവേഷൻ പ്രോത്സാഹനം, ഓട്ടോമോട്ടീവ് ടെക്നോളജി-ഇനോവേഷൻ ഭാവി തുടങ്ങിയ വിവിധ വിഷയങ്ങളിൽ വിദഗ്ധർ പങ്കെടുക്കുന്ന ചർച്ചകളുണ്ടാകും. വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും ചർച്ചയുടെ ഭാഗമാകും.
ഷാര്‍ജ, അബുദാബി, ദുബായ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ഉള്‍പ്പെടെയുള്ള വ്യവസായ, വാണിജ്യ സംഘടനകളും ഉച്ചകോടിക്കെത്തും. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുക്കും.