തൃശൂര്‍: കുന്നംകുളം ചിറമനേങ്ങാട് എ.കെ.ജി നഗറില്‍ ബൈക്കിലെത്തിയ യുവാവ് വയോധികയുടെ രണ്ടു പവന്‍ മാല പൊട്ടിച്ചു. ബുധനാഴ്ച്ച വൈകിട്ട് 4:30നാണ് സംഭവം നടന്നത്. ചുവന്ന നിറത്തിലുള്ള ബൈക്കില്‍ എത്തിയ മോഷ്ടാവ് വീട്ടു മുറ്റം വൃത്തിയാക്കിയിരുന്ന കോട്ടയം സ്വദേശിനി രമണന്റെ ഭാര്യ സുമതി (70)യുടെ മാല പൊട്ടിക്കുകയായിരുന്നു.
ചിറമനേങ്ങാട് എ.കെ.ജി നഗറില്‍ കൊട്ടാരപ്പാട്ട് ചന്ദ്രന്‍ മകന്‍ സജിയുടെ വീട്ടില്‍ വിരുന്നിന് വന്നതാണ് സുമതി. സജിയുടെ ഭാര്യമാതാവാണ് വയോധികയായ സുമതി.
കുന്നംകുളം സ്റ്റേഷന്‍ ഓഫീസര്‍ യു.കെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി സമീപത്തെ സിസിടിവി ക്യാമറകള്‍ പരിശോധിച്ചു. സമീപകാലത്തായി വടക്കാഞ്ചേരി – കുന്നംകുളം മേഖലയില്‍ ബൈക്കില്‍ എത്തി മാല പൊട്ടിക്കുന്ന സംഘം സജീവമാണ്.