സുരക്ഷിത ദില്ലി എന്റെ മുൻഗണന, രാജ്യതലസ്ഥാനത്തിന് പുതിയ മുഖഛായ നൽകുമെന്നും നിയുക്ത മുഖ്യമന്ത്രി രേഖാ ഗുപ്ത
ദില്ലി : സുരക്ഷിത ദില്ലിക്കാണ് തന്റെ മുൻഗണനയെന്ന് ദില്ലി നിയുക്ത മുഖ്യമന്ത്രി രേഖാ ഗുപ്ത. ബിജെപി ജനങ്ങൾക്ക് നൽകിയ എല്ലാ വാഗ്ദാനങ്ങളും പാലിക്കും. സ്ത്രീകൾക്ക് വേണ്ടിയുള്ള പദ്ധതികൾക്ക് മുൻഗണന നൽകും. രാജ്യതലസ്ഥാനമായ ദില്ലിക്ക് പുതിയ മുഖഛായ നൽകും. ജനങ്ങൾ നൽകിയ വിശ്വാസം കാത്തുസൂക്ഷിക്കും. ജനങ്ങളുടെ പിന്തുണ ഇനിയും തുടരണം. ജനങ്ങളെ ഒപ്പം നിർത്തി മുന്നോട്ട് പോകുമെന്നും രേഖാ ഗുപ്ത ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
ദില്ലി മുഖ്യമന്ത്രിയായി രേഖ ഗുപ്ത ഇന്ന് രാവിലെ 10 മണിക്ക് രാംലീല മൈതാനത്ത് സത്യപ്രതിജ്ഞ ചെയ്യും. ഒപ്പം പർവേഷ് വർമ, ആഷിഷ് സൂദ്, മഞ്ചീന്ദർ സിങ്, രവീന്ദ്ര ഇന്ദാർജ് സിങ്, കപിൽ മിശ്ര, പങ്കജ് കുമാർ സിങ്, എന്നിവരും മന്ത്രിമാരായി ഇന്നു തന്നെ സത്യപ്രതിജ്ഞ ചെയ്യും. പലവിധ കണക്ക് കൂട്ടലുകളോടെയാണ് ആദ്യമായി നിയമസഭ തെരഞ്ഞെടുപ്പിൽ ജയിച്ചെത്തുന്ന രേഖ ഗുപ്തയെ ബിജെപി മുഖ്യമന്ത്രിയാക്കുന്നത്.
ദില്ലിയുടെ നാലാമത്തെ വനിത മുഖ്യമന്ത്രിയാകാൻ രേഖ ഗുപ്ത; സത്യപ്രതിജ്ഞ ഇന്ന് രാംലീല മൈതാനത്ത്
എബിവിപിയുടെ തീപ്പൊരി നേതാവായിരുന്നു രേഖ ഗുപ്ത. ഹരിയാനയിൽ ജനിച്ച രേഖ ഗുപ്ത, 2007 ൽ ആദ്യമായി ദില്ലി മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ച് കൗൺസിലറായി. 2012 ലും 2022 ലും ജയം ആവർത്തിച്ചു. ബിജെപിയിലും മഹിള മോർച്ചയിലും വിവിധ പദവികൾ വഹിച്ചു. സത്യപ്രതിജ്ഞ ചെയ്യുന്നതോടെ രാജ്യത്തെ ബിജെപിയുടെ ഏക വനിതാ മുഖ്യമന്ത്രിയാകും രേഖ ഗുപ്ത. സാക്ഷാല്‍ അരവിന്ദ് കെജ്‌രിവാളിനെ പരാജയപ്പെടുത്തിയ പര്‍വേശ് വര്‍മ്മയെ പോലും മാറ്റിനിര്‍ത്തിയാണ് രേഖയെ ദില്ലിയുടെ മുഖ്യമന്ത്രിയായി ബി.ജെ.പി തിരഞ്ഞെടുത്തത്.
27 വര്‍ഷത്തിനിപ്പുറം ദില്ലിയിൽ അധികാരത്തിലെത്തുമ്പോള്‍ മുഖ്യമന്ത്രിയായി വനിതയെ തന്നെ തിരഞ്ഞെടുത്തതിലൂടെ ദില്ലിക്കപ്പുറമുള്ള രാഷ്ട്രീയം കൂടിയാണ് ബി.ജെ.പി. ലക്ഷ്യമിടുന്നത്. ദില്ലിയിൽ ശക്തമായ വോട്ട് അടിത്തറയുള്ള ബനിയ വിഭാഗത്തിൽപെട്ട നേതാവാണ് രേഖ ഗുപ്ത. ഡല്‍ഹിക്ക് പുറമെ രാജസ്ഥാന്‍, ഗുജറാത്ത് എന്നിവിടങ്ങളിലും ബനിയ വിഭാഗം ശക്തമാണ് എന്നതിനാല്‍ ബി.ജെ.പിയുടെ ദീര്‍ഘവീക്ഷണത്തോടെയുള്ള രാഷ്ട്രീയതീരുമാനമാണ് രേഖ ഗുപ്തയുടെ മുഖ്യമന്ത്രിപദമെന്ന് നിസ്സംശയം പറയാം.