രഹസ്യ കാമറ; ഹോട്ടല്‍ റൂമില്‍ ടെന്‍റ് കെട്ടി ചൈനീസ് യുവതി, ബുദ്ധിമതിയെന്ന് സോഷ്യൽ മീഡിയ
ഹോട്ടല്‍ മുറികളിലെ രഹസ്യ കാമറകൾ വലിയ സാമൂഹിക പ്രശ്നമായി മാറിയിരിക്കുകയാണ്. വളരെ ചെറിയ നാനോ കാമറകൾ വിപണിയില്‍ ലഭ്യമായിരിക്കുമ്പോൾ, ഹോട്ടലുകളില്‍ വിശ്വസിച്ച് മുറിയെടുക്കാന്‍ കഴിയാത്ത അവസ്ഥയാണെന്ന് സമൂഹ മാധ്യമ ഉപയോക്താക്കൾ പരാതിപ്പെടാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി. ഇതിനിടെയാണ് ഒരു ചൈനീസ് യുവതി, ഹോട്ടലുകളിലെ രഹസ്യ കാമറകളില്‍ നിന്നും രക്ഷപ്പെടാന്‍ ഹോട്ടല്‍ മുറിക്കുള്ളില്‍ ടെന്‍റ് കെട്ടാന്‍ തീരുമാനിച്ചത്. ഇതിന്‍റെ ചിത്രങ്ങൾ യുവതി തന്നെയാണ് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചതും.
സ്വകാര്യതയ്ക്കും സ്വയം സംക്ഷണത്തിനുമായി ഹോട്ടലിലെ കിടക്കയില്‍ വിരിച്ചിരുന്ന ഷീറ്റുകളും കയറും ഉപയോഗിച്ചാണ് യുവതി ഹോട്ടല്‍ മുറിക്കുള്ളില്‍ ടെന്‍റ് നിര്‍മ്മിച്ചതെന്ന് സൌത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. മദ്ധ്യ ഹെനാന്‍ പ്രവിശ്യയിലെ ലുവോയാങ് എന്ന യുവതിയാണ്, ഏങ്ങനെയാണ് ഹോട്ടല്‍ മുറികളില്‍ ടെന്‍റുകൾ കെട്ടുന്നത് എന്നതിന്‍റെ ഒരു ചെറു വീഡിയോ ചൈനീസ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത്. ഹോട്ടല്‍ മുറികളില്‍ രഹസ്യ കാമറകൾ ഉപയോഗിക്കുന്നതിനെ കുറിച്ച് നിരവധി റിപ്പോര്‍ട്ടുകൾ വായിച്ചിട്ടുണ്ട്. ഇത്തരമൊരു അവസ്ഥയില്‍ ഏങ്ങനെയാണ് ഇതിനെ മറികടക്കുക എന്ന തന്‍റെ അന്വേഷണത്തില്‍ നിന്നാണ് ഇത്തരമൊരു രീതി തെരഞ്ഞെടുത്തതെന്ന് ലുവോയാങ് പ്രാദേശിക ചൈനീസ് മാധ്യമത്തോട് സംസാരിക്കവെ പറഞ്ഞു.
ഹോട്ടല്‍ മുറിക്കുള്ളില്‍ സ്വകാര്യത സൂക്ഷിക്കാനായി ആദ്യം ഒരു ടെന്‍റ് വാങ്ങാനും അത് ബെഡ്ഡിന് മുകളില്‍ വച്ച് ഉപയോഗിക്കാനുമാണ് ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ നല്ലൊരു ടെന്‍റിന് വലിയ പണച്ചെലവുണ്ട്. അതിനാലാണ് ഹോട്ടലില്‍ നിന്നും ലഭിക്കുന്ന വിരിപ്പും പുതപ്പും ഉപയോഗിച്ച് ടെന്‍റ് നിര്‍മ്മിക്കാന്‍ തീരുമാനിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കിടക്കയ്ക്ക് കുറുകെ ഒരു കയർ വലിച്ച് കെട്ടുക. ഇതിനായി ജനല്‍പാളിയിലെ കർട്ടന്‍ ട്രാക്കുകളും വാൾ ഹുക്കുകളും ഉപയോഗിക്കാം. പിന്നീട് കയറിലൂടെ വലിയ ഒരു വിരിപ്പ് രണ്ട് ഭാഗത്തേക്കുമായി വിരിച്ചിടുക. ടെന്‍റ് റെഡിയെന്ന്, തന്‍റെ ടെന്‍റ് നിര്‍മ്മാണത്തെ കുറിച്ച് ലുവോയാങ് വിശദീകരിക്കുന്നു. ലുവോയാങിന്‍റെ പുതിയ ആശയം സമൂഹ മാധ്യമ ഉപയോക്താക്കളും ഏറ്റെടുത്തു. ഒരേ സമയം സർഗാത്മകയും ബുദ്ധിപരവുമായ കണ്ടുപിടിത്തം എന്നാണ് സമൂഹ മാധ്യമ ഉപയോക്താക്കൾ കുറിച്ചത്. അതേസമയം സംഭവം കൊള്ളാമെന്നും പക്ഷേ, കുളിമുറിയിലെ രഹസ്യകാമറകളെ ഏങ്ങനെ നേരിടുമെന്ന് മറ്റ് ചിലർ സംശയം പ്രകടിപ്പിച്ചു.
Read more: ആനകളെ വേട്ടയാടിയ, 3 കോടി വർഷം മുമ്പ് ജീവിച്ചിരുന്ന ആദ്യകാല വേട്ടക്കാരന്‍റെ തലയോട്ടി കണ്ടെത്തി