കൊച്ചി: സംസ്ഥാന ജലസേചനവകുപ്പിനു കീഴിലുള്ള പെരിയാർവാലി ഇറിഗേഷൻ വകുപ്പ് മുടക്കുഴ പഞ്ചായത്തിലെ ഒന്നാം വാർഡ് പരിധിയിൽ വരുന്ന ഇളമ്പകപ്പിള്ളി ആര്യൻപാടം കനാലിനായി സ്ഥലമേറ്റെടുത്തിട്ട് വർഷം അമ്പതായി.
എറണാകുളം ജില്ലയിലെ കുന്നത്തുനാട് താലൂക്ക് പരിധിയിലുള്ള മുടക്കുഴ ഗ്രാമപ്പഞ്ചായത്തിന്റെയും പെരിയാർവാലി അധികൃതരുടെയും അനാസ്ഥയും രാഷ്ട്രീയമായ സ്ഥാപിതതാത്പര്യങ്ങളും മൂലം നിർമ്മാണപദ്ധതി നീണ്ടുപോകുന്നതിൽ ജനകീയ പ്രതിഷേധമുയരുന്നു
കനാൽ ഇല്ലാതായതുകൊണ്ട് ഈ പ്രദേശത്തെ ജനങ്ങൾ നേരിടുന്ന ദുരിതം ചെറുതല്ല. മെയിൻ കനാലിലൂടെ ഒഴുകിയെത്തുന്ന വെള്ളം കയ്യുത്തിയാൽ പള്ളിയുടെ താഴെ, കള്ളുഷാപ്പിനു സമീപത്തു നിന്നും ബ്രാഞ്ച് കനാൽ വഴിയാണ് ഒഴുകി ഇളമ്പകപ്പിള്ളിയിലേക്കെത്തുന്നത്.
മുടക്കുഴ ഗ്രാമപ്പഞ്ചായത്ത് ഒന്നാം വാർഡിലുൾപ്പെടുന്ന ഇളമ്പകപ്പിള്ളിയിൽ പെരിയാർവാലി കനാൽ നിർമ്മാണം തുടങ്ങേണ്ട ഇടം
കൂവപ്പടി – മുടക്കുഴ പഞ്ചായത്തുകൾ അതിർത്തി പങ്കിടുന്ന പ്രദേശങ്ങളെയെല്ലാം സാരമായി ബാധിയ്ക്കുന്ന രൂക്ഷമായ പാരിസ്ഥിതിക പ്രശ്നങ്ങളാണ് കനാൽ നിർമ്മാണം നടക്കാത്തതുമൂലം നിലനിൽക്കുന്നത്. ബ്രാഞ്ച് കനാലിലൂടെ ഒഴുകിവരുന്ന വെള്ളം, റോഡിനു മറുവശത്തേയ്ക്കു പോകാൻ ചെറിയൊരു പൈപ്പ് ആണ് ആകെയുള്ളത്.
ഇതിലൂടെ കാനയിലേക്കെത്തുന്ന വെള്ളത്തോടൊപ്പം മാലിന്യങ്ങൾ വന്നടഞ്ഞ് കാനയിൽ നീരൊഴുക്ക് തടസ്സപ്പെടുന്നത് പതിവാണ്. ദുർഗ്ഗന്ധം വമിയ്ക്കുന്ന വെള്ളം റോഡിലൂടെ ഒഴുകി ചെന്നെത്തുന്നത് കൊരുമ്പാശ്ശേരി പാടത്തേയ്ക്ക്
ഉയരമേറിയ സ്ഥലത്താണ് ഇളമ്പകപ്പിള്ളി ശ്രീധർമ്മശാസ്താക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഈ കുന്നിനു തൊട്ടു താഴെ ചുറ്റിയൊഴുകുന്ന ബ്രാഞ്ച് കനാൽ. മഴക്കാലത്ത് ഇവിടങ്ങളിലാകെ ഭൂമിയിൽ നിന്നുള്ള നീരുറവ കൂടുതലാണ്. വേനൽക്കാലത്ത് രൂക്ഷമായ ജലക്ഷാമവും.
മഴക്കാലത്ത് താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിലെ സെപ്റ്റിക് ടാങ്ക് നിറഞ്ഞുകവിഞ്ഞ് മാലിന്യം തൊട്ടുതാഴെയുള്ള മുടക്കുഴ പാടത്തേയ്ക്കും തോട്ടിലേയ്ക്കുമാണ് പോകുന്നത്. കാലങ്ങളായി ഇത്തരം ദുരിതങ്ങൾ പേറിയാണ് ഇവിടത്തെ ജനങ്ങൾ കഴിഞ്ഞു കൂടുന്നത്.
വീതിയേറിയ കനാൽ ഇല്ലാത്തതുമൂലം മഴക്കാലങ്ങളിൽ മെയിൻ റോഡിലൂടെയുള്ള സഞ്ചാരവും അപകടമേറിയതാണ്. കാനകൾ കവിഞ്ഞു വരുന്ന വെള്ളം മെയിൻറോഡിലൂടെ പരന്നൊഴുകും. അപകടം പതിയിരിക്കുന്ന രണ്ടു കൊടും വളവുകളുണ്ട്
വാഹനം തെന്നിമറിഞ്ഞുള്ള അപകടങ്ങളും മഴക്കാലത്ത് പതിവാനിന്നു നാട്ടുകാർ പറഞ്ഞു. കനാലിന്റെ നിർമ്മാണം അടിയന്തരമായി പൂർത്തിയാക്കണമെന്ന ആവശ്യവുമായി പ്രാദേശിക ജനകീയക്കൂട്ടായ്മ ശക്തമായ പ്രതിഷേധപരിപാടികളുമായി രംഗത്തിറങ്ങാൻ തയ്യാറായിരിക്കുകയാണ്.
മുടക്കുഴ ഗ്രാമപ്പഞ്ചായത്ത് ഒന്നാം വാർഡിലുൾപ്പെടുന്ന ഇളമ്പകപ്പിള്ളിയിൽ പെരിയാർവാലി കനാൽ നിർമ്മാണം തുടങ്ങേണ്ട ഇടം
പെരിയാർവാലി ഏറ്റെടുത്ത സ്ഥലത്ത് കെട്ടിടങ്ങളും വ്യവസായസ്ഥാപനങ്ങളും അനധികൃതമായാണ് ഇന്നും നിലനിൽക്കുന്നത് എന്ന് നാട്ടുകാർ പറഞ്ഞു.
നാടിന്റെ വികസനപ്രക്രിയയുടെ ഭാഗമായി നടക്കേണ്ട ജനങ്ങളുടെ അടിസ്ഥാനപരമായ ആവശ്യങ്ങൾ കണ്ടില്ലെന്നു നടിയ്ക്കുന്ന രാഷ്ട്രീയക്കളികൾക്കെതിരെ ഇളമ്പകപ്പിള്ളി അയ്യൻസേവാസമിതി ശക്തമായി പ്രതിഷേധിച്ചു.
ഒന്നാം വാർഡിലെ പദ്ധതിപ്രദേശത്തെ അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിച്ച് കനാലിന്റെ പണി പൂർത്തിയാക്കാൻ പഞ്ചായത്ത് ഭരണസമിതിയും പെരിയാർവാലിയും അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.