ചങ്ങനാശേരി: ലഹരിക്ക് അടിമയായ സഹോദരന്‍ സ്വന്തം സഹോദരിയെ മൂര്‍ച്ചയേറിയ ആയുധം കൊണ്ട് ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചു. 
മാടപ്പള്ളി മാമൂട് വെളിയം ഭാഗത്ത് പുളിക്കല്‍ വീട്ടില്‍ ലിജോ സേവിയറാ(27)ണ് തൃക്കൊടിത്താനം പോലീസ് സംഘം അറസ്റ്റു ചെയ്തത്. അക്രമണത്തില്‍ സഹോദരിയുടെ നെറ്റിയില്‍ ആറിഞ്ച് നീളത്തില്‍ കുത്തി കീറുകയായിരുന്നു പ്രതി.

ഇയാള്‍ ലഹരിക്ക് അടിമയും നിരവധി ലഹരി കടത്തു കേസില്‍ പ്രതിയുമാണു ചങ്ങനാശേരി, തൃക്കൊടിത്താനം, ചിങ്ങവനം പോലീസ് സ്‌റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ ലഹരി കടത്തു കേസുകള്‍ നിലവിലുണ്ട്.

എട്ടുമാസം മുമ്പ് ചിങ്ങവനത്ത് വച്ച് ഇയാളെ 22 ഗ്രാം എംഡിഎംഐയുമായി പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളതും ആറുമാസം റിമാന്‍ഡില്‍ ആയിരുന്നതുമാണ്. രണ്ടു മാസങ്ങള്‍ക്കു മുമ്പാണ് ഇയാള്‍ ജാമ്യത്തില്‍ ഇറങ്ങിയത്.
കഴിഞ്ഞദിവസം ചങ്ങനാശേരി വാഴപ്പള്ളി സ്വദേശിനിയായ യുവതിയുമൊത്ത് കോട്ടയത്തുള്ള ബാറില്‍ നിന്നും മദ്യപിച്ചു ലക്ക് കെട്ട് രാത്രി 11 മണിയോടുകൂടി വീട്ടിലെത്തുകയും തന്നോടൊപ്പമുള്ള യുവതിയെ ഇന്ന് രാത്രി വീട്ടില്‍ താമസിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും സഹോദരി ഇതിനെ എതിര്‍ക്കുകയും ചെയ്തതിനുള്ള വിരോധമാണ് ആക്രമണ കാരണം.  

ഇയാള്‍ ലഹരി ഉപയോഗിച്ച് നിരന്തരം വീട്ടില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത് പതിവാണ്. അച്ഛനെയും അമ്മയെയും ഇതിനുമുമ്പും പ്രതി ആക്രമിച്ചിട്ടുണ്ട്.

സഹോദരിയെ ക്രൂരമായി ആക്രമിച്ചതിനു ശേഷം പ്രതി വീട്ടില്‍ നിന്നും ഒളിവില്‍ പോവുകയും വീടിനടുത്തുള്ള ഒരു റബര്‍ തോട്ടഅതിനുള്ളില്‍ ഒളിച്ചിരിക്കുകയുമായിരുന്നു.
തൃക്കൊടിത്താനം, മാമൂട് ഭാഗങ്ങളിലുള്ള ലഹരി മാഫിയ സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാള്‍. സംഘത്തിലെ മറ്റുള്ളവരെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവരെ നിരീക്ഷിച്ചു വരുകയാണ്.
എസ്.ഐ മാരായ ഗിരീഷ് കുമാര്‍, ഷിബു, സിവില്‍ പോലീസ് ഓഫീസര്‍ മാരായ അരുണ്‍.എസ്. സ്മിതേഷ്, ഷഫീഖ് എന്നിവരടങ്ങിയ സംഘമാണു പ്രതിയെ  അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *