‘ഗുഡ് ബാഡ് അഗ്ലി’ യില്‍ അജിത്തിനൊപ്പം 25 കൊല്ലത്തിന് ശേഷം ആ നടി; സര്‍പ്രൈസ്!

ചെന്നൈ: അജിത് കുമാറിന്‍റെ ഗുഡ് ബാഡ് അഗ്ലി ഈ വര്‍ഷോ കോളിവുഡ് ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ്. ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രം ഏപ്രിൽ 10 ന് റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്. അജിത് കുമാര്‍ വീണ്ടും മാസ് റോളില്‍  സ്‌ക്രീനിൽ എത്തുന്ന ചിത്രം പുഷ്പ 2 നിര്‍മ്മാതാക്കളായ മൈത്രി മൂവിമേക്കേര്‍സാണ് നിര്‍മ്മിക്കുന്നത്.

അതേ സമയം നടി സിമ്രാനും അജിത്തിനൊപ്പം ചിത്രത്തില്‍ അതിഥി വേഷം ചെയ്യുമെന്ന ഊഹാപോഹങ്ങൾ ശക്തമാണ്. അവൾ വരുവാല, വാലി, ഉന്നൈ കൊടു എന്നൈ തരുവേൻ തുടങ്ങിയ ചിത്രങ്ങളില്‍ പ്രേക്ഷക ഹൃദയം കീഴടക്കിയ താര ജോഡി വീണ്ടും ഒന്നിക്കുന്നു എന്ന അഭ്യൂഹം വലിയ വാര്‍ത്തയായിരിക്കുകയാണ്. 

ഏകദേശം 25 വർഷത്തിന് ശേഷമാണ് ഇരുവരും വീണ്ടും ഒന്നിക്കുക എന്നാണ് വിവരം. വർഷങ്ങളായി തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, മലയാളം സിനിമകളിൽ സിമ്രാൻ പ്രവർത്തിച്ചിട്ടുണ്ട്. 1997-ൽ സിനിമയിൽ അരങ്ങേറ്റം കുറിച്ച അവർ 2008-ൽ ഒരു ഇടവേള എടുത്തു. തുടര്‍ന്ന് പേട്ട, റോക്കട്രി തുടങ്ങിയ പ്രമുഖ ചിത്രങ്ങളിലൂടെ സിമ്രാന്‍ വീണ്ടും സിനിമ രംഗത്തേക്ക് തിരിച്ചെത്തി. 

അതേസമയം, ഗുഡ് ബാഡ് അഗ്ലി അധിക് രവിചന്ദ്രൻ, രവി കന്ദസാമി, ഹരീഷ് മണികണ്ഠൻ എന്നിവർ ചേർന്നാണ് എഴുതിയിരിക്കുന്നത്. നവീൻ യേർനേനി, വൈ. രവിശങ്കർ, ഗുൽഷൻ കുമാർ, ഭൂഷൺ കുമാർ, കൃഷൻ കുമാർ എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിൽ അജിത് കുമാറിനൊപ്പം തൃഷ കൃഷ്ണനും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. 

കൂടാതെ, സിനിമ ഇതിനകം ഒടിടിയില്‍ വന്‍ തുകയ്ക്കാണ് നല്‍കിയിരിക്കുന്നത്. നെറ്റ്ഫ്ലിക്സാണ് ചിത്രം എടുത്തിരിക്കുന്നത്. 1997-ൽ പുറത്തിറങ്ങിയ അമേരിക്കൻ ചിത്രമായ ബ്രേക്ക്ഡൗണിന്‍റെ റീമേക്കായ വിടമുയാർച്ചിയിലാണ് അജിത് കുമാർ അവസാനമായി അഭിനയിച്ചത്. 

മഗിഷ് തിരുമേനി സംവിധാനം ചെയ്ത ഈ ചിത്രം ഫെബ്രുവരി 6 ന് പുറത്തിറങ്ങിയെങ്കിലും സമിശ്രമായ പ്രതികരണമാണ് ഉണ്ടാക്കിയത്. 

‘കടം തീര്‍ത്തു, 3 കോടി ഇന്‍കംടാക്സ് അടച്ചു’: പുലിമുരുകന്‍ സംബന്ധിച്ച വ്യാജ പ്രചരണങ്ങള്‍ തള്ളി നിര്‍മ്മാതാവ്

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യൻ സിനിമ, റേറ്റിംഗില്‍ മുന്നില്‍ ഉണ്ണി മുകുന്ദന്‍റെ ഗെറ്റ് സെറ്റ് ബേബി

By admin