കോലിയൊന്ന് ആഞ്ഞ് പിടിച്ചാല്‍ ചില റെക്കോഡുകള്‍ ഇങ്ങ് പോരും! ദ്രാവിഡും ഗെയ്‌ലുമൊക്കെ പിന്നിലാവും

ദുബായ്: ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ടീം ഇന്ത്യയുടെ മുന്നേറ്റം വിരാട് കോലിയുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. തിളങ്ങിയാല്‍ കോലിയെ കാത്തിരിക്കുന്നത് അഞ്ച് റെക്കോര്‍ഡുകള്‍. ചാംപ്യന്‍സ് ട്രോഫിയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം ക്രിസ് ഗെയിലാണ്. 17 മത്സരങ്ങളില്‍ നിന്ന് 791 റണ്‍സ്. വിരാട് കോലിക്ക് 13 മത്സരങ്ങളില്‍ നിന്ന് നിന്ന് 529 റണ്‍സാണ്. 263 റണ്‍സ് നേടിയാല്‍ കോലിക്ക് ഗെയിലിനെ മറികടന്ന് ഒന്നാമതെത്താം. ഇംഗ്ലണ്ടിനെതിരെ അര്‍ധസെഞ്ചുറി നേടിയ ഫോമിലെത്തിയ കോലി ടൂര്‍ണമെന്റില്‍ ഈ റെക്കോര്‍ഡ് മറികടക്കുമെന്ന് പ്രതീക്ഷിക്കുകയാണ് ആരാധകര്‍.

ചാംപ്യന്‍സ് ട്രോഫിയില്‍ കൂടുതല്‍ അര്‍ധസെഞ്ചുറികളെന്ന റെക്കോര്‍ഡ് മുന്‍ ഇന്ത്യന്‍ താരം ദ്രാവിഡിന് സ്വന്തമാണ്. ആറ് ഫിഫ്റ്റിയാണ് ദ്രാവിഡിന്റെ പേരിലുള്ളത്. അഞ്ചെണ്ണം സ്വന്തം പേരിലുള്ള കോലിക്ക് രണ്ടെണ്ണം കൂടി നേടിയാല്‍ ദ്രാവിഡിനെ മറികടക്കാം. ഏകദിനത്തില്‍ 14,000 റണ്‍സെന്ന നാഴികക്കില്ലേക്കാണ് കോലിയുടെ കുതിപ്പ്. 297 മത്സരങ്ങളില്‍ നിന്ന് 13963 റണ്‍സാണ് കോലി നേടിയിട്ടുള്ളത്. 350 മത്സരങ്ങളില്‍ നിന്ന് 14000 കടന്ന സച്ചിനെയും 378 മത്സരങ്ങളില്‍ നിന്ന് 14000 കടന്ന കുമാര്‍ സംഗക്കാരെയും മറികടക്കാന്‍ കോലിക്ക് ഇതാണ് സുവര്‍ണാവസരം.

ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെതിരെ! രാഹുല്‍ കളിക്കും, സാധ്യതാ ഇലവന്‍ അറിയാം

രാജ്യാന്തര ക്രിക്കറ്റില്‍ കൂടുതല്‍ റണ്‍സ് നേടിയവരുടെ പട്ടികയില്‍ മൂന്നാമതെത്താനും കോലിക്ക് അവസരമുണ്ട്. ക്രിക്കറ്റില്‍ ആകെ 545 മത്സരങ്ങളില്‍ നിന്ന് 27,381 റണ്‍സാണ് കോലി ഇതുവരെ നേടിയത്. 27483 റണ്‍സാണ് മമുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിങ്ങിനുള്ളത്. 103 റണ്‍സ് നേടിയാല്‍ പോണ്ടിങ്ങിനെ മറികടക്കാം കോലിക്ക്. റണ്‍സില്‍ പോണ്ടിങ്ങിനെ മറികടക്കുന്ന കോലിക്ക് ഐസിസി ട്രോഫികളുടെ എണ്ണത്തില്‍ പോണ്ടിങ്ങിന്റെ ഒപ്പമെത്താനുള്ള അവസരവും ചാംപ്യന്‍സ് ട്രോഫിയിലുണ്ട്.

അണ്ടര്‍ 19 കിരീടം ഉള്‍പ്പടെ നാല് കിരീടമുണ്ട് കോലിക്ക്. ഇക്കൊല്ലത്തെ ചാംപ്യന്‍സ് ട്രോഫി കൂടി നേടിയാല്‍ അഞ്ച് കിരീടമുള്ള പോണ്ടിങ്ങിനൊപ്പം എത്താം. ഈ റെക്കോര്‍ഡൊക്കെ കോലി നേടുക എന്നുവച്ചാല്‍ ഇന്ത്യ കിരീടം നേടും എന്നും അര്‍ത്ഥമുണ്ട്. ഇംഗ്ലണ്ടിനെതിരെ അവസാന ഏകദിനത്തില്‍ അര്‍ധ സെഞ്ചുറി നേടിയ കോലി ചാംപ്യന്‍സ് ട്രോഫിയിലും മൂന്നാമതായി കളിക്കുന്നത് തുടരും.

By admin