കേരളത്തിന് വേണ്ടത് മൂന്ന് വിക്കറ്റ്, ഗുജറാത്തിന് വേണ്ടത് 75 റണ്‍സ്! രഞ്ജി സെമി ആവേശകരമായ അന്ത്യത്തിലേക്ക്
അഹമ്മദാബാദ്: രഞ്ജി ട്രോഫി സെമി ഫൈനലില്‍ കേരളത്തിനെതിരെ മധ്യനിര തകര്‍ന്നതിന് പിന്നാലെ പിടിച്ചുനിന്ന് ഗുജറാത്ത്. അഹമ്മദാബാദ്, നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നാലാം ദിനം ചായയ്ക്ക് പിരിയുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 383 റണ്‍സെടുത്തിട്ടുണ്ട് ഗുജറാത്ത്. കേരളത്തിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 457 മറികടക്കാന്‍ 75 റണ്‍സ് മതി അവര്‍ക്ക്. ജയ്മീത് പട്ടേല്‍ (47), സിദ്ധാര്‍ത്ഥ് ദേശായ് (11) എന്നിവരാണ് ക്രീസില്‍. കേരളത്തിന് വേണ്ടി ജലജ് സക്‌സേന നാല് വിക്കറ്റ് വീഴ്ത്തി. ഗുജറാത്തിന് വേണ്ടി പ്രിയങ്ക പാഞ്ചല്‍ (148) സെഞ്ചുറി നേടി.
ഒന്നിന് 222 റണ്‍സെന്ന നിലയില്‍ നാലാം ദിനം ആരംഭിച്ച ഗുജറാത്തിന് ആദ്യ സെഷനില്‍ നാല് വിക്കറ്റ് നഷ്ടമായിരുന്നു. ഇന്ന് മനന്‍ ഹിഗ്രജിയയുടെ (33) വിക്കറ്റാണ് ആദ്യം നഷ്ടമായത്. തലേ ദിവസത്തെ സ്‌കോറിനോട് മൂന്ന് റണ്‍സ് മാത്രം ചേര്‍ത്ത താരത്തെ ജലജ് സക്‌സേന വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. പിന്നാലെ പാഞ്ചലിനെ സക്‌സേന ബൗള്‍ഡാക്കി. സ്‌കോര്‍ബോര്‍ 300ലെത്തും മുമ്പ് ഉര്‍വില്‍ പട്ടേലും (26) മടങ്ങി. സക്‌സേനക്കെതിരെ ക്രീസ് വിട്ട് കളിക്കാന്‍ ശ്രമിച്ച താരത്തെ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് അസറുദ്ദീന്‍ സ്റ്റംപ് ചെയ്ത് പുറത്താക്കി. ഹെമാങ് പട്ടേലിനെ (26) എം ഡി നീധീഷ് മടക്കുകയായിരുന്നു. ഷോണ്‍ റോജര്‍ക്ക് ക്യാച്ച്. അധികം വൈകാതെ ചിന്തന്‍ ഗജ (2), വിശാല്‍ ജയ്‌സ്വാള്‍ (14) എന്നിവരും മടങ്ങി. ഇതോടെ ഏഴിന് 357 എന്ന നിലയിലായി ഗുജറാത്ത്. എന്നാല്‍ ജയ്മീതിന്റെ ചെറുത്തുനില്‍പ്പ് ഗുജറാത്തിന് തുണയായി.
ഇന്നിംഗ്സ് തുടങ്ങുമ്പോള്‍ ആക്രമിച്ച് കളിക്കാനാണ് ഗുജറാത്ത് ശ്രമിച്ചത്. മൂന്നാം ദിനം സ്പിന്നര്‍മാരെ തുണക്കുമെന്ന് പ്രതീക്ഷിച്ച പിച്ചില്‍ നിന്ന് കാര്യമായ ടേണ്‍ ലഭിച്ചില്ല. കേരള സ്പിന്നര്‍മാരായ ജലജ് സക്സേന, ആദിത്യ സര്‍വാതെ എന്നിവരെ ഫലപ്രദമായി നേരിടാന്‍ ഗുജറാത്ത് ഓപ്പണര്‍മാര്‍ക്ക് സാധിച്ചു. മിന്നും ഫോമിലുള്ള പേസര്‍ എം ഡി നിധീഷിനെതിരെ ആത്മവിശ്വാസത്തോടെ കളിക്കാനും അവര്‍ക്കായി. ഓപ്പണിംഗ് വിക്കറ്റിലെ 131 റണ്‍സ് കൂട്ടുകെട്ടിനൊടുവില്‍ ആര്യ ദേശായിയെ ബൗള്‍ഡാക്കിയ എന്‍ പി ബേസിലാണ് കേരളത്തിന് കാത്തിരുന്ന ബ്രേക്ക് ത്രൂ നല്‍കിയത്.
118 പന്തില്‍ 11 ബൗണ്ടറിയും ഒരു സിക്സും പറത്തിയാണ് ആര്യ ദേശായി 73 റണ്‍സടിച്ചത്. ദേശായി മടങ്ങിയെങ്കിലും ഗുജറാത്ത് ചെറുത്ത് നില്‍പ്പ് തുടര്‍ന്നു. പ്രിയങ്ക് – മനന്‍ സഖ്യം 107 റണ്‍സാണ് കൂട്ടിചേര്‍ത്തത്. ഇതിനിടെ പാഞ്ചല്‍ സെഞ്ചുറി പൂര്‍ത്തിയാക്കി. ഒരു സിക്സും 18 ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്‌സ്.
നേരത്തെ മൂന്നാം ദിനം ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 418 റണ്‍സെന്ന നിലയില്‍ ക്രീസിലിറങ്ങിയ കേരളത്തിന്റെ പോരാട്ടം ഒരു മണിക്കൂര്‍ മാത്രമാണ് ദീര്‍ഘിച്ചത്. 418-7 എന്ന സ്‌കോറില്‍ മൂന്നാം ദിനം ക്രീസിലിറങ്ങിയ കേരളത്തിന് ടീം ടോട്ടലിനോട് 10 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തപ്പോഴേക്കും ആദിത്യ സര്‍വാതെയുടെ (11) വിക്കറ്റ് നഷ്ടമായി. സര്‍വാതെയെ ഗുജറാത്ത് നായകന്‍ ചിന്തന്‍ ഗജ ബൗള്‍ഡാക്കുകയായിരുന്നു. പിന്നീടെത്തിയ നിധീഷ് (5) റണ്ണൗട്ടായി. എന്‍പി ബേസിലിനെ (1) കൂടി പുറത്താക്കി ചിന്തന്‍ ഗജ കേരളത്തിന്റെ ഇന്നിംഗ്സ് അവസാനിപ്പിച്ചു. 187 ഓവര്‍ ബാറ്റ് ചെയ്താണ് കേരളം 457 റണ്‍സടിച്ചത്. 341 പന്തുകള്‍ നേരിട്ട മുഹമ്മദ് അസറുദ്ദീന്‍ 20 ബൗണ്ടറികളും ഒരു സിക്സും നേടി. ഗുജറാത്തിനായി അര്‍സാന്‍ നാഗ്വസ്വാല മൂന്നും ചിന്തന്‍ ഗജ രണ്ട് വിക്കറ്റും വീഴ്ത്തി.