ഇടുക്കി: മൂന്നാര്‍ മാട്ടുപ്പെട്ടിയില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് മൂന്ന് വിദ്യാര്‍ഥികള്‍ മരിച്ച സംഭവത്തില്‍ ബസ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തു. നാഗര്‍കോവില്‍ സ്വദേശി വിനേഷിനെതിരെയാണ് കേസെടുത്തത്.
അലക്ഷ്യമായി വാഹനമോടിക്കല്‍, മനപ്പൂര്‍വമല്ലാത്ത നരഹത്യ തുടങ്ങി വിവിധ വകുപ്പുകള്‍ ചുമത്തിയാണ് മൂന്നാര്‍ പോലീസ് കേസെടുത്തത്. മാട്ടുപ്പെട്ടിയില്‍ എക്കോ പോയിന്റിന് സമീപം ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ ആദിക, വേണിക, സുതന്‍ എന്നീ മൂന്ന് വിദ്യാര്‍ഥികളാണ് മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റു.
കന്യാകുമാരിയില്‍നിന്നുള്ള 40 വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമാണ് അപകടമുണ്ടായത്. അമിതവേഗതയിലായിരുന്ന ബസ് നിയന്ത്രണംവിട്ട് മറിയുകയായിരുന്നു.