ഇരിങ്ങാലക്കുട: ഓണ്‍ലൈൻ വിവാഹാലോചനയിലൂടെ പരിചയപ്പെട്ട യുവതിയിൽ നിന്ന് 25 ലക്ഷം രൂപ തട്ടിയെന്ന പരാതിയിൽ പ്രവാസി യുവാവിനും ഭാര്യക്കുമെതിരെ പൊലീസ് കേസെടുത്തു. ഇരിങ്ങാലക്കുട സ്വദേശികളായ മുതുര്‍ത്തിപറമ്പില്‍ അന്‍ഷാദ് മഹ്‌സില്‍, ഭാര്യ നിത അന്‍ഷാദ് എന്നിവര്‍ക്ക് എതിരെയാണ് കളമശ്ശേരി സ്വദേശിനിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തത്. വിവാഹ വാഗ്ദാനം നല്‍കിയാണ് യുവതിയിൽനിന്ന് ഇവർ പണം തട്ടിയെടുത്തത്. വിദേശത്തുള്ള പ്രതിയെ നാട്ടിലെത്തിക്കാന്‍ പൊലീസ് ശ്രമം തുടങ്ങി.
2022ലാണ് യുവതി പുനർവിവാഹത്തിന് മാട്രിമോണിയല്‍ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തത്. ഇതുകണ്ട് ഫഹദ് എന്നപേരില്‍ വ്യാജ മേല്‍വിലാസത്തിലാണ് അന്‍ഷാദ് യുവതിയെ ബന്ധപ്പെടുന്നത്. യുവതിയെ പരിചയപ്പെടുകയും അവരുടെ മാതാവിനോട് വിവാഹ താൽപര്യം അറിയിക്കുകയും ചെയ്തു. ഷാര്‍ജയില്‍ കണ്‍സ്ട്രക്ഷന്‍ ബിസിനസ് ആണെന്നാണ് പറഞ്ഞത്.
ആദ്യ ഭാര്യയുടെ അവിഹിതം കാരണം 12 വര്‍ഷം മുമ്പ് വിവാഹമോചിതനായെന്നും ആ ബന്ധത്തിൽ മക്കളില്ലെന്നും പറഞ്ഞ പ്രതി കല്യാണം ഉറപ്പിക്കാൻ ഭാര്യ നിദയെ സഹോദരി എന്ന് പരിചയപ്പെടുത്തി. നിദയും മറ്റൊരാളും വീട്ടിലെത്തി വിവാഹം ഉറപ്പിക്കുകയും ചെയ്തു. പിന്നീട് ബിസിനസ് തകര്‍ന്നെന്നും സാമ്പത്തിക ബുദ്ധിമുട്ട് കാരണം നാട്ടില്‍ വരാനാകില്ലെന്നും പറഞ്ഞ് നിദയുടെ അക്കൗണ്ടിലേക്ക് പൈസ ഇടാന്‍ അന്‍ഷാദ് ആവശ്യപ്പെട്ടു. അന്‍ഷാദ് മഹ്‌സില്‍ എന്നയാളുടെ അക്കൗണ്ട് നമ്പറിലാണ് പണം കൈപ്പറ്റിയത്. പിന്നീട് ദുബൈയില്‍ പൊലീസിന്‍റെ പിടിയിലായെന്നും ജയിലിലാണെന്നും തെറ്റിദ്ധരിപ്പിച്ചു. ഇതേസമയത്ത് അന്‍ഷാദ് ഒന്നര മാസത്തെ അവധിക്ക് നാട്ടില്‍ വന്നുപോയിരുന്നു.
സംശയം തോന്നിയ യുവതി ഫഹദ് എന്നപേരില്‍ തന്ന വിലാസത്തില്‍ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തായത്. അന്‍ഷാദിന്‍റെ ഭാര്യയാണ് നിദ എന്നും ദമ്പതികള്‍ക്ക് ഏഴും 11ഉം വയസ്സുള്ള രണ്ട് പെണ്‍കുട്ടികള്‍ ഉണ്ടെന്നും യുവതിക്ക് ബോധ്യപ്പെട്ടു. തുടര്‍ന്ന് കളമശ്ശേരി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കേസില്‍ അന്‍ഷാദ് ഒന്നാം പ്രതിയും ഭാര്യ നിദ രണ്ടാം പ്രതിയുമാണ്. ഒന്നാം പ്രതി അന്‍ഷാദ് വിദേശത്തായതിനാല്‍ അയാള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
https://i0.wp.com/eveningkerala.com/wp-content/uploads/2022/07/cropped-ev-logo.jpg?fit=32%2C32&ssl=1
CRIME
ERANAKULAM
eveningkerala news
eveningnews malayalam
fraud-case
KERALA
Kerala News
LATEST NEWS
LOCAL NEWS
THRISSUR
wedding
കേരളം
ദേശീയം
വാര്‍ത്ത