തൃശൂര്‍: പെരിഞ്ഞനം മൂന്നുപീടികയില്‍ ജ്വല്ലറി ഉടമയെ കബളിപ്പിച്ച് യുവാവ് എട്ട് പവന്റെ സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്തു. മൂന്നുപീടിക സെന്ററിന് തെക്ക് ഭാഗത്ത് പ്രവര്‍ത്തിക്കുന്ന ജ്വല്ലറിയില്‍ ആണ് സംഭവം നടന്നത്.
 

വളയും മാലയും മോതിരവും വാങ്ങിയ ശേഷം 6 ലക്ഷത്തോളം രൂപ വരുന്ന ബില്ല് നെറ്റ് ബാങ്കിലെ നെഫ്റ്റ് സംവിധാനം വഴി അടക്കുകയാണെന്നു പറഞ്ഞ് യുവാവ് പണം അടച്ചതിന്റെ സ്ലിപ്പ് സ്വന്തം മൊബൈലില്‍ ജ്വല്ലറി ഉടമയെ കാണിക്കുകയായിരുന്നു. 

നെഫ്റ്റ് ആയതിനാല്‍ജ്വല്ലറിയുടെ അക്കൗണ്ടില്‍ ഇതിന്റെ സന്ദേശം എത്താന്‍ വൈകുമെന്ന് ഇയാള്‍ ജ്വല്ലറി ഉടമയെ ധരിപ്പിച്ചു. ഇത് വിശ്വസിച്ച് ഉടമ സ്വര്‍ണവുമായി യുവാവിനെ പോകാന്‍ അനുവദിക്കുകയായിരുന്നു. എന്നാല്‍ ഒരു ഒരു മണിക്കൂര്‍ കഴിഞ്ഞിട്ടും പണം അക്കൗണ്ടില്‍ എത്താതായതോടെ ഉടമ യുവാവിനെ ഫോണില്‍ വിളിച്ചു.
 പണം ഉടന്‍ എത്തുമെന്നാണ് ഇയാള്‍ അപ്പോഴും ഉടമയോട് പറഞ്ഞത്. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും പണം എത്താതായത്തോടെ ഉടമ വീണ്ടും വിളിച്ചപ്പോള്‍ മൊബൈല്‍ സ്വിച്ച് ഓഫ് ആക്കുകയും ചെയ്തതോടെയാണ് തട്ടിപ്പാണെന്ന് മനസ്സിലായത്, 

ബാങ്കില്‍ അന്വേഷിച്ചപ്പോള്‍ 2 ലക്ഷത്തില്‍ കൂടുതല്‍ നെഫ്റ്റ് വഴി അയക്കാന്‍ കഴിയില്ലെന്ന് അറിഞ്ഞതോടെ ഉടന്‍ തന്നെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ജ്വല്ലറിയില്‍ വന്ന യുവാവിന്റെ സിസിടിവി ദൃശ്യങ്ങള്‍ സഹിതം ആണ് പരാതി നല്‍കിയിട്ടുള്ളത്. കയ്പമംഗലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

അതേസമയം തട്ടിപ്പ് നടത്തിയ യുവാവ് ഇന്നലെ തന്നെ മൂന്ന്പീടികയിലെ മറ്റൊരു കടയിലും കൊടുങ്ങല്ലൂരിലെ മറ്റൊരു ജ്വല്ലറിയിലും തട്ടിപ്പ് നടത്താന്‍ ശ്രമിച്ചതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. 

മൂന്ന് പീടികയില്‍ ഇയാള്‍ ആദ്യം കയറിയ ജ്വല്ലറിയില്‍ നിന്നും രണ്ടേമുക്കാല്‍ ലക്ഷം രൂപയുടെ സ്വര്‍ണം വാങ്ങിയെങ്കിലും പണം നല്‍കാതെ ആഭരണം കൊണ്ടുപോകാന്‍ ജ്വല്ലറി ജീവനക്കാര്‍ അനുവദിക്കാഞ്ഞതിനാല്‍ തട്ടിപ്പ് നടന്നില്ല. ഇതിന് ശേഷമാണ് തട്ടിപ്പ് നടന്ന ജ്വല്ലറിയില്‍ ഇയാളെത്തിയത്. പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി കയ്പമംഗലം പൊലീസ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.

 

By admin

Leave a Reply

Your email address will not be published. Required fields are marked *