ബംഗളുരു: സിനിമയ്ക്ക് മുമ്പ് അമിത പരസ്യങ്ങള്‍ നല്‍കി സമയം പാഴാക്കിയതിന് പിവിആര്‍ സിനിമാസിനും ഐഎന്‍ഒഎക്‌സിനുും എതിരെ കേസ് ഫയല്‍ ചെയ്ത സിനിമാപ്രേമിക്ക് അനുകൂലമായി ബെംഗളൂരുവിലെ ഉപഭോക്തൃ കോടതി വിധി.
പരസ്യ ദൈര്‍ഘ്യം ഒഴികെ, സിനിമയുടെ യഥാര്‍ത്ഥ ആരംഭ സമയം വ്യക്തമാക്കണമെന്ന് മള്‍ട്ടിപ്ലക്‌സ് സ്ഥാപനത്തോട് കോടതി നിര്‍ദ്ദേശിച്ചു.
പരാതിക്കാരനായ അഭിഷേക് എംആര്‍ 2023 ഡിസംബര്‍ 26-ന് പിവിആര്‍ സിനിമയില്‍ സാം ബഹാദൂറിന്റെ പ്രദര്‍ശനത്തില്‍ പങ്കെടുത്തിരുന്നു.
സിനിമയുടെ ആരംഭ സമയം വൈകുന്നേരം 4.05 ആയിരുന്നെങ്കിലും, 25 മിനിറ്റ് പരസ്യങ്ങള്‍ക്ക് ശേഷം വൈകുന്നേരം 4.30-ന് മാത്രമാണ് ആരംഭിച്ചത്. ഇത് അദ്ദേഹത്തിന്റെ ഷെഡ്യൂള്‍ തടസ്സപ്പെടുത്തി
കാരണം സിനിമ കഴിഞ്ഞയുടനെ ജോലിക്ക് പോകാന്‍ അദ്ദേഹം പദ്ധതിയിട്ടിരുന്നു. എന്നാല്‍ സമയം വൈകിയതു മൂലം ജോലിക്കാന്‍ പോകാന്‍ കഴിയാതെ നിരാശനായ അദ്ദേഹം കേസ് ഫയല്‍ ചെയ്യുകയായിരുന്നുവെന്ന് ബാര്‍ ആന്‍ഡ് ബെഞ്ച് റിപ്പോര്‍ട്ട് ചെയ്തു.
‘പുതിയ യുഗത്തില്‍ സമയം പണമായി കണക്കാക്കപ്പെടുന്നു. ഓരോരുത്തരുടെയും സമയം വളരെ വിലപ്പെട്ടതാണ്. 25-30 മിനിറ്റ് തിയേറ്ററില്‍ വെറുതെയിരുന്ന് അനാവശ്യ പരസ്യങ്ങള്‍ കാണുന്നതിന് ഗണ്യമായ സമയമാണ്. തിരക്കേറിയ ഷെഡ്യൂളുകളുള്ള ആളുകള്‍ക്ക് പാഴാക്കാന്‍ സമയമില്ലെന്ന് വിധിന്യായത്തില്‍ കോടതി പ്രസ്താവിച്ചു.