എബിവിപിയിലൂടെ വളർന്നു, മുൻ ദില്ലി യൂണിവേഴ്സിറ്റി യൂണിയൻ അധ്യക്ഷ; ഷാലിമാർ ബാഗിൽ നിന്നും ദില്ലി ഭരിക്കാൻ നിയോഗം

ദില്ലി: ഇന്ദ്രപ്രസ്ഥത്തിൽ 27 വർഷത്തിനിപ്പുറം അധികാരം തിരിച്ചുപിടിച്ച ബി ജെപി, സർക്കാരിനെ നയിക്കാൻ തിരഞ്ഞെടുത്ത രേഖ ഗുപ്ത ചില്ലറക്കാരിയല്ല. എ ബി വി പിയിലൂടെ രാഷ്ട്രീയത്തിലെത്തിയ രേഖ, ഇന്ദ്രപ്രസ്ഥത്തിലെ രാഷ്ട്രീയ വഴികളിൽ സുപരിചിതയാണ്. ദില്ലി യൂണിവേഴ്സിറ്റി സ്റ്റുഡന്‍റ്സ് യൂണിയൻ പ്രസിഡന്‍റ് സ്ഥാനത്തേക്ക് ജയിച്ചുകയറിയതുമുതൽ രേഖ, രാജ്യ തലസ്ഥാനത്തെ ബി ജെ പിയുടെ പ്രിയ നേതാവായി വളരുകയായിരുന്നു. ഷാലിമാർ ബാ​ഗ് മണ്ഡലത്തിൽ നിന്നുമാണ് ദില്ലി ഭരിക്കാൻ രേഖക്ക് നിയോഗമെത്തിയത്. ഇത്തവണ ഷാലിമാർ ബാ​ഗ് മണ്ഡലത്തിൽ 29595 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രേഖ വിജയിച്ചത്. 50 വയസുള്ള ഇവർ മഹിളാ മോർച്ച ദേശീയ വൈസ് പ്രസിഡന്‍റായും പ്രവർത്തിക്കുകയാണ്.

ദില്ലിയിൽ വീണ്ടും വനിത മുഖ്യമന്ത്രി: രേഖ ​ഗുപ്ത മുഖ്യമന്ത്രിയാകും, പർവേശ് വർമ്മ ഉപമുഖ്യമന്ത്രി

ദില്ലിയുടെ നാലാമത് വനിതാ മുഖ്യമന്ത്രിയെന്ന നിയോഗം കൂടിയാണ് ഷാലിമാർ ബാ​ഗ് മണ്ഡലത്തിലെ ജനപ്രതിനിധിയെ തേടിയെത്തിയത്. രാജ്യ തലസ്ഥാനത്തെ നയിക്കാൻ വനിത മതിയെന്ന ആർ എസ് എസ് നി‍ർദ്ദേശം ബി ജെ പിയും ശരിവച്ചതോടെയാണ് രേഖക്ക് നറുക്കുവീണത്. രാജ്യ തലസ്ഥാനത്തിന് ആദ്യമായി, ഒരു വനിത മുഖ്യമന്ത്രിയെ നൽകിയ ബി ജെ പി 27 വർഷത്തിനിപ്പുറവും അതേ തീരുമാനം തന്നെ കൈക്കൊണ്ടതും ശ്രദ്ധേയമായി. സുഷമ സ്വരാജിനും, ഷീല ദീക്ഷിത്തിനും അതിഷിക്കും ശേഷം ദില്ലിയിലെ നാലാമത് വനിതാ മുഖ്യമന്ത്രിയായാണ് നാളെ സത്യപ്രതിജ്ഞ ചെയ്യുക. രാജ്യത്ത് നിലവിൽ ബി ജെ പിയുടെ ഏക വനിതാ മുഖ്യമന്ത്രി എന്ന ഖ്യാതിയും ഇതോടെ രേഖ ഗുപ്തക്ക് സ്വന്തമാകും.

വനിതാ വോട്ടർമാർ കൂടുതലുള്ള ദില്ലിയിൽ വനിതാ മുഖ്യമന്ത്രിയെ നിയോ​ഗിക്കുന്നത് രാഷ്ട്രീയമായി ഗുണം ചെയ്യുമെന്ന വിലയിരുത്തലുകൾ രേഖക്ക് തുണയായി എന്ന് വ്യക്തമാണ്. അരവിന്ദ് കെജ്രിവാളിനെ അടിതെറ്റിച്ച പർവേഷ് വർമയെ ഉപമുഖ്യമന്ത്രിയാക്കാനുള്ള തീരുമാനവും കൃത്യമായ രാഷ്ട്രീയ ലക്ഷ്യമുള്ളത് തന്നെ. ആം ആദ്മി പാര്‍ട്ടി സ്ഥാനാർഥിയായ ബന്ദന കുമാരിയെ 29595 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് 50 വയസുകാരിയായ രേഖ ഗുപ്ത ഷാലിമാര്‍ ബാഗിന്റെ എം എല്‍ എയായത്. അങ്ങനെ ഷാലിമാർ ബാഗിന് മുഖ്യമന്ത്രിയുടെ മണ്ഡലമാകാനും സാധിച്ചു. 1992 ൽ ദില്ലി യൂണിവേഴ്‌സിറ്റിയിലെ ദൗലത്ത് റാം കോളേജിൽ അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിനൊപ്പമാണ് രേഖ രാഷ്ട്രീയ യാത്ര ആരംഭിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

By admin