വിക്രമും കുഞ്ചുവും സുരേന്ദ്രനും റെഡി, ബാക്കി കാര്യങ്ങൾ നോക്കിയാൽ മതി; അതിരപ്പിള്ളിയിൽ കൊമ്പനെ പിടികൂടും

തൃശൂര്‍: മസ്തകത്തില്‍ മുറിവേറ്റ കൊമ്പനെ മയക്കുവെടി നൽരി കൂട്ടിലിട്ട് ചികിത്സ നൽകാനുള്ള ദൗത്യം ബുധനാഴ്ച ആരംഭിക്കുമെന്ന് വനംവകുപ്പ്. ഇതിനായി ആനയെ വരുതിയിലാക്കാന്‍ മൂന്ന് കുങ്കിയാനകളെ വയനാട്ടില്‍ നിന്നും അതിരപ്പിള്ളിയിലെത്തിച്ചു. വിക്രം, കുഞ്ചു, കോന്നി സുരേന്ദ്രന്‍ എന്നീ കുങ്കിയാനകളാണ് ദൗത്യത്തിനായി എത്തിയിട്ടുള്ളത്. ഇതില്‍ വിക്രമിനെ ഞായറാഴ്ച കൊണ്ടുവന്നു. മറ്റ് രണ്ടെണ്ണത്തേയും തിങ്കളാഴ്ചയാണ് ലോറി മാര്‍ഗം എത്തിച്ചത്. ഏഴാറ്റുമുഖം പ്ലാന്റേഷന്‍ ഭാഗത്താണ് ആനകളെ തളച്ചിരിക്കുന്നത്. ആനക്കൂട് ബലപ്പെടുത്തുന്ന പ്രവൃത്തികള്‍ ചൊവ്വാഴ്ച പൂര്‍ത്തിയാകും. പ്രധാന തൂണുകളെല്ലാം നാട്ടി. ഇതിനോട് ചേര്‍ന്ന് പാകാനുള്ള യൂക്കാലി കഴകള്‍ മൂന്നാറില്‍ നിന്നും എത്തിച്ചു.

Read More… കമ്പമലയിൽ വീണ്ടും തീപിടിത്തം; വനത്തിൽ ആരോ തീയിട്ടതാകാമെന്ന് മാനന്തവാടി ഡിഎഫ്ഒ; ദുരൂഹത

ചൊവ്വാഴ്ചയോടെ എല്ലാ പ്രവര്‍ത്തികളും പൂര്‍ത്തിയാകും. തുടര്‍ന്ന് ഡോ. അരുണ്‍ സക്കറിയയും സംഘവും കൂട് പരിശോധിച്ച് മയക്കുവെടി വയ്ക്കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ തീരുമാനിക്കും. മയക്കുവെടി നല്ർകി കൊമ്പനെ കുങ്കി ആനകളുടെ സഹായത്തോടെ കോടനാട് ആനകൂട്ടിലെത്തിച്ച് ചികിത്സ നൽകാനാണ് പദ്ധതി. ജനുവരി 24ന് മസ്തകത്തില്‍ മുറിവേറ്റ കൊമ്പന് മയക്കുവെടി വച്ച് ചികിത്സ നൽകിയിരുന്നു. എന്നാല്‍ മുറിവ് ഭേദമാകാത്തതിനെ തുടര്‍ന്നാണ് വീണ്ടും മയക്കുവെടി വച്ച് കോടനാടുള്ള ആനക്കൂട്ടിലെത്തിച്ച് ചികിത്സ നൽകാനൊരുങ്ങുന്നത്. 

Asianet News Live

By admin