ഇടുക്കി: ധര്‍മസ്ഥല ക്ഷേത്രത്തിന്റെ പേരിലുള്ള മൈക്രോ ഫിനാന്‍സ് വായ്പ വഴി കോടികളുടെ തട്ടിപ്പ് നടത്തുന്നതായി പരാതി. നിയമപരമായി അംഗീകാരമില്ലാത്ത സ്ഥാപനം വഴി കര്‍ണാടകയിലും കേരളത്തിലെ അതിര്‍ത്തി പ്രദേശങ്ങളിലും ഉയര്‍ന്ന പലിശയ്ക്ക് വായ്പ നല്‍കിയടക്കം തട്ടിപ്പ് നടത്തുന്നുവെന്ന പരാതിയുമായാണ് ആക്ഷന്‍ കമ്മിറ്റി രംഗത്തെത്തിയത്.
കുടുംബശ്രീ മാതൃകയിലുള്ള സ്വയം സഹായ സംഘങ്ങളുണ്ടാക്കി ശ്രീ ക്ഷേത്ര ധര്‍മസ്ഥല റൂറല്‍ ഡവലപ്മെന്റ് പ്രോഗ്രാം ബാങ്ക് ബിസിനസ്സ് കറസ്പോന്‍ഡന്റ് ട്രസ്റ്റിന്റെ (എസ്‌കെഡിആര്‍പി ബിസി ട്രസ്റ്റ്) പേരിലാണ് മൈക്രോ ഫിനാന്‍സ് വായ്പാ വിതരണവും പണപ്പിരിവും.
കര്‍ണാടകയിലും കാസര്‍കോട് ജില്ലയിലുമായി 64 ലക്ഷം പേരെ അംഗങ്ങളാണുള്ളത്. ഇവരില്‍ നിന്ന് 10 രൂപ മുതല്‍ 100 രൂപ വരെ ആഴ്ച തവണകളായി പിരിച്ചാണ് വായ്പ നല്‍കുന്നത്.
കര്‍ണാടകയില്‍ കുടുംബശ്രീ മാതൃകയിലുള്ള സ്വയം സഹായ സംഘങ്ങള്‍ ക്ക് സഞ്ജീവനി പദ്ധതിയില്‍ 3.5 ശതമാനത്തിന് വായ്പ ലഭിക്കും. ഈ വായ്പ എസ്‌കെഡിആര്‍പി ബിസി ട്രസ്റ്റിന്റെ പേരിലുണ്ടാക്കിയ സ്വയം സഹായസംഘങ്ങളുടെ പേരില്‍ വാങ്ങിച്ചും 13 ശതമാനം മുതല്‍ മുകളിലേക്ക് ഉയര്‍ന്ന പലിശക്കാണ് വായ്പ നല്‍കുന്നത്. ബാങ്ക് എക്കൗണ്ട് പാസ് ബുക്കോ, വാങ്ങിയ പണത്തിനോ അടച്ച പണത്തിന് രശീതോ നല്‍കില്ല.
വായ്പക്കാരെ ഇന്‍ഷൂറന്‍സ് ചെയ്യാന്‍ എന്ന പേരിലും പണം പിരിക്കുന്നുണ്ട്. ഓണ്‍ലൈന്‍ ഇടപാടില്ലാതെ നേരിട്ടാണ് പണം സ്വീകരിക്കുന്നത്. ആഴ്ചയില്‍ നൂറുകോടിയിലധികം രൂപയുടെ കറന്‍സി സംഘം കൈപ്പറ്റുന്നുവെന്നാണ് ആരോപണം. പണം അടക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ ഭീഷണിപ്പെടുത്തും.
20 വര്‍ഷത്തിലധികമായി കാസര്‍കോട് ജില്ലയിലും ട്രസ്റ്റിന്റെ പ്രവര്‍ത്തനമുണ്ട്. ധര്‍മസ്ഥല ക്ഷേത്രത്തിന്റെയും അധികാരി വീരേന്ദ്ര ഹെഗ്ഡെയുടെയും കുടുംബാംഗങ്ങളുടെയും ചിത്രം പതിപ്പിച്ച പാസ്ബുക്കാണ് പണപ്പിവിരിവിനായി ഉപയോഗിക്കുന്നതെന്നാണ് ആക്ഷന്‍ കമ്മറ്റി പറയുന്നു.
ജില്ലയിലെ മൈക്രോ ഫിനാന്‍സ് വായ്പ തട്ടിപ്പ് സമഗ്രമായി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയിട്ടുണ്ട്.