ഐഫോണ്‍ എസ്ഇ 4 അവതരണം ഉടന്‍; ഇന്ത്യയില്‍ പ്രതീക്ഷിക്കുന്ന വിലയും ഫീച്ചറുകളും
കാലിഫോര്‍ണിയ: ആപ്പിൾ സിഇഒ ടിം കുക്ക് ഈ വർഷത്തെ ആദ്യ ഉൽപ്പന്ന ലോഞ്ച് ഫെബ്രുവരി 19ന് നടത്തുമെന്ന് സ്ഥിരീകരിച്ചിരുന്നു. അത് ഐഫോൺ എസ്ഇ 4 (iPhone SE 4) ആയിരിക്കാനാണ് സാധ്യത എന്നാണ് റിപ്പോർട്ടുകൾ. മൂന്ന് വർഷത്തിന് ശേഷമാണ് ആപ്പിള്‍ ബജറ്റ്-ഫ്രണ്ട്ലി ശ്രേണിയിലുള്ള ഐഫോണ്‍ പുറത്തിറക്കുന്നത്. ഐഫോൺ എസ്ഇ 4 ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായി വില, ലോഞ്ച് തീയതി, സ്പെസിഫിക്കേഷനുകൾ തുടങ്ങി ഐഫോൺ എസ്ഇ 4-ന്റെ സമ്പൂര്ണ് അവലോകനം ഇതാ.
48 എംപി ക്യാമറ, എ18 ചിപ്പ്, ആപ്പിള്‍ ഇന്റലിജന്‍സ്
ഐഫോൺ 14-ന്റെ അതേ ഡിസൈനും ഡിസ്പ്ലേയും ഐഫോൺ എസ്ഇ 4ലും തുടരാൻ സാധ്യതയുണ്ട് എന്നാണ് റിപ്പോർട്ടുകൾ. അതായത് 60Hz റിഫ്രഷ് റേറ്റ് ഉള്ള 6.1 ഇഞ്ച് ഒഎൽഇഡി പാനൽ എസ് 4ല്‍ ഉൾപ്പെടുത്തിയേക്കാം. ഐഫോൺ എസ്ഇ 4ന്റെ മുൻവശത്ത് ആപ്പിൾ ഒരു നോച്ച് ഡിസൈൻ ഉപയോഗിക്കുമെന്ന് പ്രതീക്ഷിക്കുന്നു, പുതിയ ഐഫോണുകളിലേക്ക് ഡൈനാമിക് ഐലൻഡ് കൊണ്ടുവരുന്നതിന് മുമ്പ് കമ്പനി ഉപയോഗിച്ചിരുന്ന ഡിസൈനാണിത്. ഹോം ബട്ടണിന്റെ അവസാനവും ഫേസ് ഐഡിയുടെ തുടക്കവും ഐഫോണ്‍ എസ്ഇ 4ല്‍ ഉണ്ടാകാം.
ചോർന്ന ചിത്രങ്ങൾ സൂചിപ്പിക്കുന്നത് ആപ്പിളിന്റെ സമീപകാല ഡിസൈൻ ഫിലോസഫിക്ക് അനുസൃതമായി, വൃത്താകൃതിയിലുള്ള അരികുകളുള്ള ഒരു ബോക്സി ഫ്രെയിം ആയിരിക്കും ഐഫോണ്‍ എസ്ഇ 4ന് ഉണ്ടായിരിക്കുക എന്നാണ്. എസ്ഇ 4 48 മെഗാപിക്സലിന്റെ സിംഗിൾ-ലെൻസ് ക്യാമറ സജ്ജീകരണമായിരിക്കും അവതരിപ്പിക്കുക എന്നാണ് സൂചന.
എന്നാല്‍ ഐഫോൺ എസ്ഇ 4ൽ ഐഫോൺ 16 മോഡല്‍ ക്യാമറ കണ്ട്രോള് യൂണിറ്റോ ആക്ഷൻ ബട്ടണോ പ്രതീക്ഷിക്കരുത്. ഏറ്റവും പുതിയ ചോർന്ന ചിത്രങ്ങൾ ഒരു മൾട്ടി-ഫംഗ്ഷൻ ബട്ടണിന്റെ ലക്ഷണമൊന്നും കാണിക്കുന്നില്ല. ഐഫോൺ 16 ശ്രേണിയിലെ അതേ എ18 പ്രൊസസറാണ് എസ്ഇ 4നും കരുത്ത് പകരുക എന്നും റിപ്പോർട്ടുകൾ ഉണ്ട്.
വില, വില്പന വിവരങ്ങള്‍
ആപ്പിളിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് സംബന്ധിയായ സവിശേഷതകൾ സുഗമമായി പ്രവർത്തിക്കാൻ അനുവദിക്കുന്നതിന്, ഐഫോൺ 16 സീരീസ് പോലെ തന്നെ, ഐഫോൺ എസ്ഇ 4 മോഡല്‍ 8 ജിബി റാമുമായി വരാൻ സാധ്യതയുണ്ട്. അതേസമയം, ക്വാൽകോം ബദലിനെ മറികടന്ന് ഇൻ-ഹൗസ് 5G മോഡം ഫീച്ചർ ചെയ്യുന്ന ആദ്യത്തെ ആപ്പിൾ ഡിവൈസ് കൂടിയായിരിക്കും ഐഫോൺ എസ്ഇ 4.
ഐഫോൺ എസ്ഇ 4ന്റെ അടിസ്ഥാന വേരിയന്റിന് 499 ഡോളർ വില പ്രതീക്ഷിക്കുന്നു. അതായത് ഇന്ത്യയിൽ ഏകദേശം 50,000 രൂപ വിലവരും. ഐഫോൺ എസ്ഇ 4ന്റെ പ്രീ-ഓർഡറുകൾ ഫെബ്രുവരി 21 മുതൽ ആരംഭിക്കാൻ സാധ്യതയുണ്ട്, ഫെബ്രുവരി 28 മുതൽ ഫോൺ വിൽപ്പനയ്ക്കെത്തും എന്നുമാണ് ഇതുവരെ ലഭ്യമായ വിവരം.
Read more: 2025ന്റെ ആദ്യപാതിയില്‍ 1.20 കോടി ഫോണുകള്‍ വിറ്റഴിയും; ഐഫോണ്‍ എസ്ഇ 4 തരംഗമാകുമെന്ന് പ്രവചനം