ശശി തരൂരിന് കോൺഗ്രസിൽ തുടർച്ചയായി അവഗണനയാണ് ലഭിക്കുന്നത്. കോൺഗ്രസ് അദ്ധ്യക്ഷനാകാൻ എന്തുകൊണ്ടും അദ്ദേഹം തന്നെ യായിരുന്നു യോഗ്യൻ.
ഒരു പക്ഷേ എസ്. ജയശങ്കർ ഇല്ലായിരുന്നെങ്കിൽ, ശശി തരൂരിനെ ബിജെപിക്കാർ എന്നേ പാട്ടിലാക്കുമായിരുന്നു. ഇന്ത്യ കണ്ട ഏറ്റവും മികച്ച വിദേശകാര്യമന്ത്രിയാണ് എസ്. ജയശങ്കർ. ഇത് ശശി തരൂരും സമ്മതിച്ചിട്ടുള്ളതാണ്.
കേരളത്തിലെ കോൺഗ്രസിൽ മുഖ്യമന്ത്രിയാകാനുള്ള ചർച്ചകളും വടംവലികളും നടക്കുമ്പോൾ ശശി തരൂർ എന്ന പേര് എവിടെയും കേൾക്കാനില്ല. ഇന്നുള്ള കോൺഗ്രസ് നേതാക്കളിൽ മുഖ്യമന്ത്രിയാകാനും സർവ്വഥാ യോഗ്യൻ തരൂർ തന്നെയാണ്.
അദ്ദേഹത്തെ ഒഴിവാക്കുന്നു എന്ന തോന്നലാണ് ഇപ്പോൾ സിപിഎം പുകഴ്ത്തലിലും വ്യവസായ വികസനം എന്ന പേരിലുമൊക്കെ നിഴലിക്കുന്നത്.
ശശി തരൂർ തമിഴ്നാട്, ആന്ധ്ര, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ പോയിരിക്കാൻ ഇടയില്ല. പോയിരുന്നെങ്കിൽ ഒരിക്കലൂം ഈ നിലപാട് എടുക്കില്ലായിരുന്നു. കാരണം വിദേശ നിക്ഷേപങ്ങൾ ഏറ്റവും കൂടുതൽ വരുന്നത് ആ സംസ്ഥാനങ്ങളിലാണ്.
തമിഴ്നാട്ടിൽ ഫാക്ടറികളിൽ ജോലിചെയ്യാൻ ആളെ കിട്ടാത്തതിനാൽ ബംഗാൾ, ബീഹാർ മുതലായ സംസ്ഥാനങ്ങളിലെ ഉത്തരേന്ത്യൻ തൊഴിലാളികളാണ് അവിടെ പണിയെടുക്കുന്നത്.
ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിൽ വിദേശനിക്ഷേപം ധാരാളം വരുന്നുണ്ട്. കേരളത്തിൽ നിക്ഷേപമൊന്നും വരുന്നില്ല. ഇവിടെ പൊതുമേഖലാ സ്ഥാപനങ്ങൾ പലതും നഷ്ടത്തിലാണ്. കെഎസ്ആര്‍ടിസി, കെഎസ്ഇബി, ബെവ്കോ ഒക്കെ ഉദാഹരണങ്ങൾ മാത്രം.
വ്യവസായമന്ത്രി സംരംഭങ്ങൾ എന്ന പേരിൽ അവതരിപ്പിക്കുന്നതിനൊന്നും വിശ്വാസ്യത ഒട്ടുമില്ല. 2.90 ലക്ഷം സംരംഭങ്ങൾ കേരളത്തിൽ തുടങ്ങി, ഏകദേശം 7 ലക്ഷം ആൾക്കാർക്ക് തൊഴിൽ ലഭിച്ചു എന്നൊക്കെയാണ് പാർട്ടി സെക്രട്ടറിയും വ്യവസായമന്ത്രിയും പറയുന്നത്.
അത് സത്യമോ മിഥ്യയോ എന്ന് ഒടേതമ്പുരാന് അറിയാം.. ആ കണക്കു നോക്കിയാൽ ഒരു സംരംഭത്തിൽ 2 പേർക്ക് ജോലി ? ഇതെന്തു മറിമായം ?
കേരളത്തിൽ ഐടി സ്ഥാപനങ്ങൾ, ലുലുമാൾ എന്നിവ ഒഴികെ 500 പേർക്ക് തൊഴിൽ ലഭിക്കുന്ന ഒരു സ്ഥാപനം കഴിഞ്ഞ 10 വർഷ ത്തിനിടയിൽ വന്നിട്ടുണ്ടോ ? ഇല്ല. ഐടി സ്ഥാപനങ്ങളിൽ യൂണിയൻ കളി നടക്കില്ല, അതു കൊണ്ടാണ് ടെക്‌നോപാർക്ക് പോലും ഇവിടെ നിലനിൽക്കുന്നത്.
പ്രവാസി വ്യവസായികളായിരുന്നു ആന്തൂർ സാജൻ, ഇളമ്പൽ സുഗതൻ എന്നിവരുടെ ആത്മഹത്യ കേരളത്തിലെ വ്യവസായ നിക്ഷേപങ്ങൾക്ക് ചില്ലറയല്ല ആഘാതമേല്പിച്ചതു്. ഇതൊക്കെ തരൂരിനുമറിയാം. പക്ഷേ എന്ത് ചെയ്യാൻ ?
വിശ്വപൗരനും ബുദ്ധിജീവിയുമായിട്ടും സ്വന്തം പാർട്ടിയുടെ തിരസ്‌ക്കാരവും ബിജെപിയുടെ താല്പര്യമില്ലായ്മയും അദ്ദേഹത്തെ അക്ഷമനാക്കിയിരിക്കുന്നു എന്ന് വേണം അനുമാനിക്കാൻ.
അതുകൊണ്ടാണ് മുങ്ങുന്ന കപ്പലായാലും വേണ്ടില്ല, അതിലേക്ക് ചാടുമെന്ന സൂചനനൽകിയാൽ പാർട്ടിയിൽ ഒരുപക്ഷേ അർഹമായ പരിഗണന കിട്ടിയാലോ എന്ന തോന്നൽ ജനിച്ചത് ?