ന്യൂഡൽഹി: കേരള കേഡർ ഉദ്യോഗസ്ഥനായ ഗ്യാനേഷ് കുമാറിനെ രാജ്യത്തിന്റെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറാക്കാൻ ബി.ജെ.പി തീരുമാനിച്ച് വെറുതേയല്ല.
സംഘപരിവാറിന് കൂടി വേണ്ടപ്പെട്ട ആഗ്ര സ്വദേശി കേന്ദ്രത്തിലെ ബി.ജെ.പി സർക്കാരിന് പ്രിയപ്പെട്ടവനാകുന്നത് അവരുടെ അജൻഡ നടപ്പാക്കാൻ കയ്യും മെയ്യും മറന്ന് പിന്തുണ നൽകിക്കൊണ്ടാണ്.
രാമജന്മഭൂമി-ബാബാറി മസ്ജിദ് വിഷയത്തിൽ ബി.ജെ.പി-സംഘപരിവാർ സംഘടനകളുടെ ഇംഗിതമറിഞ്ഞ് പ്രവർത്തിച്ച ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം.
നരേന്ദ്രമോദി സർക്കാർ അധികാരത്തിലെത്തിയ ശേഷം കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള അദ്ദേഹത്തെ നിരവധി നിർണായക കാര്യങ്ങൾക്കാണ് സർക്കാർ ചുമതലപ്പെടുത്തിയത്.
ആഭ്യന്തരമന്ത്രാലയത്തിൽ അഡീഷനൽ സെക്രട്ടറിയായിരിക്കെ അയോധ്യ രാമക്ഷേത്രവുമായി ബന്ധപ്പെട്ട സുപ്രീം കോടതി രേഖകളും കൈകാര്യം ചെയ്യാനുള്ള ചുമതല അദ്ദേഹത്തിനായിരുന്നു.
മന്ത്രാലയത്തിൽ ജോയിന്റ് സെക്രട്ടറിയായിരിക്കെയാണ് ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കുന്ന ബിൽ തയാറാക്കുന്നതിൽ നിർണായക പങ്ക് അദ്ദേഹം വഹിക്കുന്നത്. ഇതോടെ സംഘപരിവാറിന് കൂടി പ്രിയപ്പെട്ടവനായി അദ്ദേഹം മാറി.
പദവികളിൽ നിന്നും വിരമിച്ച ശേഷം അദ്ദേഹത്തെ തിരഞ്ഞെടുപ്പ് കമ്മീഷണറായി സർക്കാർ നിയമിക്കുകയും ചെയ്തു. നിലവിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായ രാജീവ് കുമാറിന്റെ കാലാവധി അവസാനിക്കുമ്പോൾ ഗ്യനേഷ് കുമാറിന് തന്നെ ഇതേ സ്ഥാനത്തേക്ക് നറുക്ക് വീണതില അദ്ഭുതവുമില്ല.
പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയുടെ എതിർപ്പിന് വിലകൽപ്പിക്കാതെ കേന്ദ്രം അദ്ദേഹത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ പദവിയിൽ നിയമിച്ചതിന് പിന്നിലും പ്രത്യേക ചില താൽപര്യങ്ങളാണെന്നും ആരോപണമുണ്ട്.