വീണ്ടും ആ ഹിറ്റ് കോമ്പോ; പ്രേക്ഷകരുടെ കൈയടികളിലേക്ക് ‘തുടരും’ പ്രൊമോഷണല്‍ മെറ്റീരിയല്‍

മോഹന്‍ലാല്‍ സാധാരണക്കാരനായ കഥാപാത്രമായി എത്തുന്ന ചിത്രങ്ങളൊക്കെ എക്കാലത്തും പ്രേക്ഷക സ്വീകാര്യത നേടിയിട്ടുണ്ട്. വരാനിരിക്കുന്ന തുടരും എന്ന ചിത്രത്തിലും അത്തരത്തില്‍ ഒരു കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഷണ്മുഖം എന്ന ടാക്സി ഡ്രൈവറായാണ് മോഹന്‍ലാല്‍ എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഒരു പ്രൊമോഷണല്‍ മെറ്റീരിയല്‍ പ്രേക്ഷകശ്രദ്ധ നേടുകയാണ്. കണ്‍മണിപ്പൂവേ എന്നാരംഭിക്കുന്ന ചിത്രത്തിന്‍റെ ആദ്യ സിംഗിള്‍ 21 ന് പുറത്തെത്തും. അതിന് മുന്നോടിയായി ഈ ഗാനത്തിന്‍റെ പ്രൊമോ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. ജേക്സ് ബിജോയ് സംഗീതം പകര്‍ന്ന ഗാനം ആലപിച്ചിരിക്കുന്നത് എം ജി ശ്രീകുമാര്‍ ആണ്. മോഹന്‍ലാലും എം ജി ശ്രീകുമാറും ഒപ്പമിരുന്ന് ഈ ഗാനം പാടുന്ന രീതിയിലാണ് പ്രൊമോ വീഡിയോ എത്തിയിരിക്കുന്നത്. 

ഹരിനാരായണന്‍ ബി കെ ആണ് ഈ ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത്. ശോഭനയാണ് ചിത്രത്തിലെ നായിക. 15 വര്‍ഷത്തിന് ശേഷം മോഹന്‍ലാല്‍- ശോഭന കോമ്പോ ഒരുമിക്കുന്നു എന്ന പ്രത്യേകതയുമുണ്ട് ഈ ചിത്രത്തിന്. കെ ആര്‍ സുനിലിന്‍റെ കഥയ്ക്ക് തരുണ്‍ മൂര്‍ത്തിയും കെ ആര്‍ സുനിലും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

പല ഷെഡ്യൂളുകളായി നടന്ന 99 ദിവസത്തെ ചിത്രീകരണമാണ് സിനിമയ്ക്കായി നടന്നത്. രജപുത്രയുടെ ബാനറിൽ എം രഞ്ജിത്ത് ആണ് നിര്‍മ്മാണം.  ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. ഷാജി കുമാര്‍ ആണ് ഛായാ​ഗ്രഹണം. എഡിറ്റിം​ഗ് നിഷാദ് യൂസുഫ്, ഷെഫീഖ് വി ബി, സം​ഗീതം ജേക്സ് ബിജോയ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അവന്തിക രഞ്ജിത്ത്, ശബ്ദ സംവിധാനം വിഷ്ണു ​ഗോവിന്ദ്, കലാസംവിധാനം ​ഗോകുല്‍ ദാസ്, വസ്ത്രാലങ്കാരം സമീറ സനീഷ്, മേക്കപ്പ് പട്ടണം റഷീദ്, നിര്‍മ്മാണ നിയന്ത്രണം ഡിക്സണ്‍ പൊടുത്താസ്, കോ ഡയറക്ടര്‍ ബിനു പപ്പു. ചിത്രത്തിന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല.

ALSO READ : ഭർത്താവിനൊപ്പം സന്തോഷവതിയായി മീര വാസുദേവ്; പരിഹസിച്ചവർക്ക് മറുപടി

By admin