മൈക്രോ ഗ്രീൻസിനായി ഇനി കടയിൽ പോവണ്ട, അടുക്കളയിൽ തന്നെ തയ്യാറാക്കാം
അടുക്കളയിലുള്ള ഭക്ഷ്യസാധനങ്ങൾ ഉപയോഗിച്ചു കൊണ്ട് തന്നെ എളുപ്പത്തിൽ നമുക്ക് പച്ചക്കറി തോട്ടമുണ്ടാക്കാൻ സാധിക്കും. മൈക്രോഗ്രീൻ ഫാർമിംഗ് ഉപയോഗിച്ചുകൊണ്ട് വീട്ടിലൊരു ചെറിയ പച്ചക്കറി തോട്ടമുണ്ടാക്കാൻ എളുപ്പമാണ്. പച്ചക്കറികളുടെയും ഔഷധ സസ്യങ്ങളുടെയും ഇലകൾ ഉപയോഗിച്ച് ചെയ്യുന്നതാണ് മൈക്രോഗ്രീൻസ് ഫാർമിംഗ്. മണ്ണിന് പകരം വെള്ളം ഉപയോഗിച്ച് ചെയ്യുന്നതാണ് ഹൈഡ്രോപോണിക്സ്.
ഇനി ഹൈഡ്രോപോണിക്സ് വഴി മൈക്രോഗ്രീൻസ് ഫാർമിംഗ് ചെയ്യുന്നതെങ്ങനെയെന്ന് അറിയാം.
ചെറുപയർ, കടല
ചെറുപയറെടുത്ത് വെള്ളത്തിൽ കുതിരാൻ ഇടാം. ശേഷം ഒരു പാത്രത്തിലാക്കി മാറ്റിവെക്കണം. രണ്ടു ദിവസം കഴിയുമ്പോൾ ഇത് മുളച്ചുവരും. മുളച്ച പയർ മറ്റൊരു പാത്രത്തിലാക്കിയതിന് ശേഷം ഒരു പാത്രത്തിൽ കുറച്ച് വെള്ളം എടുത്ത് അതിലേക്ക് മുളച്ച പയർ വെക്കാം. രണ്ട്, മൂന്ന് ദിവസം കഴിയുമ്പോൾ ഇതിൽ ഇലകൾ വരാൻ തുടങ്ങും. രണ്ടില പരുവത്തിൽ എത്തുമ്പോൾ ഇത് ഉപയോഗിക്കാൻ എടുക്കാവുന്നതാണ്. കൂടുതൽ ഇലകൾ വരുമ്പോൾ അതിന്റെ വേരുകളിൽ കയ്പ്പ് ഉണ്ടാവാൻ സാധ്യത കൂടുതലാണ്. കടലയും ഇതുപോലെ ചെയ്തെടുക്കാവുന്നതാണ്. ഇതുപോലെ ഉലുവ, പയറുകൾ, ചിയ സീഡ്‌സ്, ഫ്ലാക്സ് സീഡ്‌സ് എന്നിവയും മൈക്രോഗ്രീൻസ് ഫാർമിംഗ് ചെയ്യാൻ സാധിക്കും.
മല്ലി
പേപ്പറിൽ കുറച്ച് മല്ലിയെടുത്തതിന് ശേഷം അത് പൊട്ടിച്ച് എടുക്കണം. ഒരു മല്ലിയുടെ രണ്ട് ഭാഗങ്ങളിലായി, രണ്ട് വിത്തുകളാണ് ഉള്ളത്. ഇതൊരു ചട്ടിയിൽ ഇട്ടുവെച്ചാൽ മുളച്ചുവരും. ഉലുവയും ഇതുപോലെ ചെയ്തെടുക്കാൻ സാധിക്കും.
വെളുത്തുള്ളി
വെളുത്തുള്ളിയിൽ നിന്നും ഒരു അല്ലി എടുത്ത് എളുപ്പത്തിൽ നടാവുന്നതാണ്. തണുപ്പ് സമയങ്ങളിൽ മാത്രമാണ് ഇത് കൂടുതൽ വളരുന്നത്. ചട്ടിയിലോ മണ്ണിലോ ഇത് വെക്കാം. ഇലകൾ വന്നതിന് ശേഷം അത് വാടി തുടങ്ങുന്ന സമയത്ത് വിളവെടുക്കാവുന്നതാണ്. എടുത്തതിന് ശേഷം ഉടനെ ഉപയോഗിക്കാൻ പാടില്ല. രണ്ടു മൂന്നുദിവസം ഉണക്കാൻ വെച്ചതിനുശേഷം ഇത് ഉപയോഗിക്കാം.
ഉരുളകിഴങ്ങ്
മുളച്ച ഉരുളക്കിഴങ്ങിന്റെ ഒരു ഭാഗം മുറിച്ചെടുക്കാം. ഉടനെ കുഴിച്ചിട്ടാൽ വാടി പോകാൻ സാധ്യതയുള്ളതുകൊണ്ട് തന്നെ ഇത് ഉണക്കാൻ വെക്കണം. ആദ്യം കുറച്ച് മണ്ണ് ഉപയോഗിച്ച് ചട്ടിയിൽ നടാവുന്നതാണ്. ചെടി വളരുന്നതിന് അനുസരിച്ച് മണ്ണ് കൂടുതൽ ഇട്ടുകൊടുക്കാം. ചെടിയിൽ പൂവ് വന്നതിനുശേഷം ചെടി ഉണങ്ങി കഴിയുമ്പോഴാണ് ഉരുളകിഴങ്ങ് എടുക്കാൻ പറ്റുന്നത്. മാർച്ച് സമയങ്ങളിലാണ് ഉരുളക്കിഴങ്ങ് വളരുന്നത്.
തക്കാളി
തക്കാളിയുടെ വിത്ത് എടുത്തതിന് ശേഷം ഉണക്കാൻ വെക്കാം. ഉണക്കിയ വിത്തുകൾ ചട്ടിയിലിട്ട് വളർത്താവുന്നതാണ്. ഇതുപോലെ വെള്ളരി, മുളക് എന്നിവയും വളർത്തിയെടുക്കാം.
അകത്തളങ്ങൾ അലങ്കരിക്കുന്നതിനൊപ്പം ശുദ്ധവായുവും; ഈ ചെടികൾ വളർത്തൂ