ചൈനയിൽ തന്റെ മകൻ കാരണം ആകെ പുലിവാല് പിടിച്ചുപോയി ഒരു അച്ഛൻ. അച്ഛനും അമ്മയും മിക്കവാറും നമുക്ക് വിഷുക്കൈനീട്ടമായും മറ്റും കിട്ടുന്ന പണം നമ്മുടെ കയ്യിൽ നിന്നും വാങ്ങാറുണ്ട് അല്ലേ? അതുപോലെ ചൈനയിലെ ഈ കുട്ടിയുടെ കയ്യിലുണ്ടായിരുന്ന ലൂണാർ ന്യൂ ഇയർ ലക്കി മണി അച്ഛനെടുത്തു. സാധാരണ ഇങ്ങനെ ബന്ധുക്കളിൽ നിന്നും മുതിർന്നവരിൽ നിന്നും ഒക്കെ കിട്ടുന്ന ലക്കി മണി അച്ഛനമ്മമാർ മക്കളോട് വാങ്ങി സൂക്ഷിക്കാറാണ് പതിവ്. അവരത് അനാവശ്യമായി ചെലവാക്കാതിരിക്കാനും ദുരുപയോഗം ചെയ്യാതിരിക്കാനുമാണത്.
അങ്ങനെ അച്ഛൻ പണം വാങ്ങിയതോടെയാണ് കുട്ടി നേരെ പൊലീസിനെ വിളിച്ചത് എന്നാണ് സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്. ഈ മാസം ആദ്യം ഗാൻസു പ്രവിശ്യയിലെ ലാൻഷുവിലാണ് സംഭവം നടന്നതത്രെ. ‘എന്റെ വീട്ടിൽ ഒരു മോശം മനുഷ്യൻ വന്നിട്ടുണ്ട്. അയാൾ എന്റെ പണമെല്ലാം മോഷ്ടിച്ചു’ എന്നാണ് കുട്ടി പൊലീസിനെ വിളിച്ച് പറയുന്നത്. ഫോൺ എടുത്ത പൊലീസ് ഓഫീസർക്ക് ഒരു മനുഷ്യൻ ഉച്ചത്തിൽ, ‘വികൃതിപ്പയ്യാ, നീ പൊലീസിനെ വിളിച്ചോ’ എന്ന് ചോദിക്കുന്നതും കേൾക്കാമായിരുന്നു.
കുട്ടി പിന്നെയും പൊലീസിനോട് തന്റെ പരാതി പറയുന്നത് തുടർന്നു. എത്രയും പെട്ടെന്ന് തന്റെ വീട്ടിലെത്തണം എന്നും പണം മോഷ്ടിച്ച ഈ മോശം മനുഷ്യനെ അറസ്റ്റ് ചെയ്യണം എന്നുമായിരുന്നു അവന്റെ ആവശ്യം.
എന്തായാലും, അപ്പോൾ തന്നെ അച്ഛൻ കുട്ടിയുടെ കയ്യിൽ നിന്നും ഫോൺ പിടിച്ചുവാങ്ങി. താൻ പണം സൂക്ഷിക്കുന്നത് അവന് ഇഷ്ടമില്ലായിരുന്നുവെന്നും കുട്ടി ഇങ്ങനെ ഒരു അനാവശ്യ കോൾ വിളിച്ചതിൽ ക്ഷമിക്കണം എന്നുമാണ് അച്ഛൻ പൊലീസിനോട് പറഞ്ഞത്.
പൊലീസ് പിന്നീട് കുട്ടിയോടും സംസാരിച്ചു. ആ പണം അച്ഛൻ സൂക്ഷിക്കട്ടെ, ആവശ്യം വരുമ്പോൾ അച്ഛനോട് ചോദിച്ച് വാങ്ങിയാൽ മതി എന്നാണ് പൊലീസ് പറഞ്ഞത്. എന്തായാലും, മകനെ കുറച്ച് കൂടി കാര്യമായി ശ്രദ്ധിക്കണമെന്നും ഭാവിയിൽ ഇത്തരം കാര്യങ്ങൾ ഉണ്ടാകരുത് എന്നും പൊലീസ് അച്ഛനേയും ഉപദേശിച്ചു.
(ചിത്രം പ്രതീകാത്മകമാണ്)