തൃശൂര്‍: ചാലക്കുടി പോട്ട ഫെഡറല്‍ ബാങ്കില്‍ നിന്ന് മോഷ്ടിച്ച പണം പ്രതി റിജോ ആന്റണിയുടെ വീട്ടില്‍ നിന്ന് കണ്ടെടുത്തു. 12 ലക്ഷം രൂപയാണ് കണ്ടെടുത്തത്. കത്തിയും ഉപയോഗിച്ച വസ്ത്രവും കൈയുറയും പോലീസ് കണ്ടെടുത്തു.
അതിനിടെ റിജോ ആന്റണി കടം വീട്ടിയ ആള്‍ പോലീസില്‍ പണം തിരികെ ഏല്‍പ്പിച്ചിട്ടുമുണ്ട്. കിടപ്പുമുറിക്ക് മുകളിലുള്ള ഷെല്‍ഫില്‍ നിന്നാണ് പണം കണ്ടെത്തിയത്. അടുക്കളയില്‍ നിന്നാണ് കത്തി കണ്ടെത്തിയത്. റിജോയെ ഇന്ന് പുലര്‍ച്ചെ വീട്ടിലെത്തിച്ചായിരുന്നു ഇവ കണ്ടെത്തിയത്.
അതേസമയം റിജോ ആന്റണി കടം വീട്ടിയ അന്നനാട് സ്വദേശി 2.9 ലക്ഷം രൂപ തിരികെ പോലീസിനെ ഏല്‍പ്പിച്ചു. റിജോ അറസ്റ്റിലായത് അറിഞ്ഞാണ് പണം തിരികെ നല്‍കിയത്.
49 ലക്ഷം രൂപ കടമുണ്ടെന്നും ഇത് വീട്ടാന്‍ വേണ്ടിയാണ് കവര്‍ച്ച നടത്തിയതെന്നുമാണ് പ്രതി പോലീസിന് നല്‍കിയ മൊഴി. മോഷ്ടിച്ച പണത്തില്‍ നിന്ന് 2.90 ലക്ഷം രൂപയെടുത്ത് ഒരാളുടെ കടം വീട്ടിയെന്നും റിജോ മൊഴി നല്‍കിയിരുന്നു. നാലു ദിവസം മുമ്പും ബാങ്കില്‍ കവര്‍ച്ച നടത്താന്‍ പ്രതി ശ്രമിച്ചിരുന്നു.