ബംഗലൂരു: കര്‍ണാടകയില്‍ 15 കാരന്‍ തോക്ക് ഉപയോഗിച്ച് കളിക്കുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടി നാലു വയസുകാരന്‍ മരിച്ചു. ഗുരുതരമായി പരിക്കേറ്റ അമ്മ ആശുപത്രിയില്‍ ചികിത്സയിലാണ്
.മാണ്ഡ്യ ജില്ലയിലെ നാഗമംഗല താലൂക്കിലാണ് സംഭവം. പശ്ചിമ ബംഗാളില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളികളുടെ മകനായ അഭിജിത്ത് ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം 5.45 ഓടേയാണ് സംഭവം.
കുടുംബം ജോലി ചെയ്യുന്ന കോഴി ഫാമിലെ ചെറിയ വീട്ടില്‍ എത്തിയ 15 വയസുള്ള കുട്ടിയുടെ ശ്രദ്ധയില്‍ ചുമരില്‍ തൂങ്ങിക്കിടന്ന സിംഗിള്‍ ബാരല്‍ ബ്രീച്ച് ലോഡിങ് (എസ്ബിബിഎല്‍) തോക്ക് പെടുകയായിരുന്നു.
കുട്ടി തോക്ക് എടുത്ത് കളിക്കാന്‍ തുടങ്ങി. അബദ്ധത്തില്‍ തോക്കില്‍ നിന്ന് വെടിപൊട്ടി നാല് വയസ്സുള്ള കുട്ടിയുടെ വയറ്റിലാണ് വെടിയുണ്ടയേറ്റത്. 30 വയസ്സുള്ള അമ്മയുടെ കാലിനും പരിക്കേറ്റു.
പരിക്കേറ്റവരെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അമിതമായ രക്തസ്രാവം മൂലമാണ് നാല് വയസുള്ള കുട്ടി മരിച്ചത്. കുട്ടിയുടെ അമ്മ അപകടനില തരണം ചെയ്തതായും ചികിത്സയിലാണെന്നും പൊലീസ് പറഞ്ഞു.
ഭാരതീയ ന്യായ സംഹിതയിലെ വകുപ്പുകള്‍ പ്രകാരം സംഭവത്തില്‍ 15കാരനെതിരെ കുറ്റകരമായ നരഹത്യയ്ക്ക് കേസെടുത്തതായും പൊലീസ് അറിയിച്ചു.
ലൈസന്‍സുള്ള തോക്ക് അശ്രദ്ധമായി സൂക്ഷിച്ചതിന് കോഴി ഫാം ഉടമയ്ക്കെതിരെ ആയുധ നിയമത്തിലെ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്.
സംഭവത്തില്‍ പ്രതിയായ ആണ്‍കുട്ടിയെയും ആയുധത്തിന്റെ ലൈസന്‍സ് ഉടമയെയും അറസ്റ്റ് ചെയ്തു. 15കാരന്‍ സമീപത്തുള്ള മറ്റൊരു കോഴി ഫാമില്‍ ജോലി ചെയ്യുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.