തൃപ്രയാര്‍: മുക്കുപണ്ടം പണയംവച്ച് ധനകാര്യ സ്ഥാപനങ്ങളില്‍നിന്ന് പണംതട്ടാന്‍ ശ്രമിച്ച മൂന്നുപേര്‍ അറസ്റ്റില്‍. നാട്ടിക പുത്തന്‍തോട് ചിറ്റേഴത്ത് വടക്കുംനാഥന്‍ (32), പെരിങ്ങോട്ടുകര എടക്കുളത്തൂര്‍ റിജോ (39), ഗുരുവായൂര്‍ കോട്ടപ്പടി വെള്ളാപറമ്പില്‍ സനോജ് (42) എന്നിവരെയാണ് വലപ്പാട് പോലീസ് പിടികൂടിയത്.
നാട്ടിക സെന്ററിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ വ്യാജ ആഭരണം പണയംവച്ച് 40,000 രൂപ തട്ടിയതിനു പിന്നാലെ, നാട്ടിക ബീച്ചിലെ മറ്റൊരു ധനകാര്യ സ്ഥാപനത്തില്‍ വീണ്ടും പണയം വയ്ക്കാന്‍ ശ്രമിക്കുമ്പോഴാണ് പ്രതികള്‍ കുടുങ്ങിയത്.
14ന് നാട്ടികയിലെ സ്വകാര്യ ഫിനാന്‍സില്‍ ഒരു പവനോളം തൂക്കം വരുന്ന മുക്കുപണ്ടം പണയംവച്ച് 40,000 രൂപ തട്ടിയശേഷം ഇവര്‍ മുങ്ങുകയായിരുന്നു.
വലപ്പാട് പോലീസ് ഇന്‍സ്‌പെക്ടര്‍ എം.കെ. രമേഷും സംഘവും അയോധ്യ ബാറിനുസമീപത്ത് വച്ച് ഓട്ടോ സഹിതം ഇവരെ പിടികൂടുകയായിരുന്നു. എസ്.ഐമാരായ ആന്റണി ജിംബിള്‍, പി.യു. ഉണ്ണി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പി.യു. മനോജ്, സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥനായ മുജീബ് എന്നിവരാണു പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.