പെരുമ്പാവൂർ: ആലാപനത്തിലെ ഭാവഗരിമയിലൂടെ പാടിയ പാട്ടുകളെല്ലാം ആസ്വാദകലോകത്തിനുമുമ്പിൽ അനശ്വരമാക്കി വിടവാങ്ങിയ മലയാളത്തിന്റെ ഭാവഗായകൻ പി. ജയചന്ദ്രന് സ്മരണാഞ്ജലിയർപ്പിയ്ക്കുവാനായി ശനിയാഴ്ച സായാഹ്നവേളയിൽ പെരുമ്പാവൂർ മുനിസിപ്പൽ ലൈബ്രറി മുറ്റത്ത് പാട്ടാസ്വാദകർ ഒത്തുകൂടി.
ലൈബ്രറിയിലെ പതിവുസന്ദർശകരും വായനക്കൂട്ടത്തിലെ അംഗങ്ങളുമടങ്ങിയ സൗഹൃദസദസ്സിനുമുമ്പിൽ ‘അനുരാഗ ഗാനംപോലെ’ എന്ന പരിപാടിയിൽ ചലച്ചിത്ര പിന്നണിഗായികയും കർണ്ണാടകസംഗീതജ്ഞയുമായ രേണുക അരുൺ മലയാളത്തിന്റെ ഭാവഗായകനെ അനുസ്മരിച്ചു.
സംഗീതത്തിന്റെ ഏറ്റവും വലിയ ധർമ്മം വികാരവിനിമയമാണ്. അതൊരു ഇന്ദ്രിയാനുഭവമാണ്. ഒരു സംഗീതസൃഷ്ടിയിലൂടെ പകരുന്ന ‘ഇമോഷൻസ്’ കേൾവിക്കാർ ഗ്രഹിക്കുകയെന്നതാണ് സംഗീതത്തിന്റെ പരമമായ ലക്ഷ്യം.
ഒരു പാട്ട് ആവശ്യപ്പെടുന്ന വൈകാരിക തീവ്രതയത്രയും ആലാപനത്തിലേയ്ക്ക് കൊണ്ടുവരാനുള്ള ജയചന്ദ്രനുണ്ടായിരുന്ന വൈദഗ്ദ്ധ്യമാണ് അദ്ദേഹത്തെ മലയാളികളുടെ ഭാവഗായകനാക്കിത്തീർത്തത്.
നാദഗുണം, ശ്രുതി ശുദ്ധി, ഉച്ചാരണ ശുദ്ധി, വോക്കൽ റേഞ്ച് ഇതെല്ലം കൂടി ചേർന്ന ആലാപന മികവിന്റെയൊപ്പം പാട്ടാവശ്യപ്പെടുന്ന വൈകാരികതീവ്രത, ഒട്ടും ചോരാതെ വിളക്കിച്ചേർക്കാനദ്ദേഹത്തിനു കഴിഞ്ഞത് അന്തർജ്ഞാനവും കേൾവിജ്ഞാനവും പതിറ്റാണ്ടുകളുടെ അനുഭവസമ്പത്തുമാണെന്ന് അനുസ്മരണപ്രഭാഷണത്തിൽ രേണുക അരുൺ പറഞ്ഞു.
2017-ൽ തെലുങ്കിൽ മികച്ച പിന്നണി ഗായികയ്ക്കുള്ള ഗൾഫ്-ആന്ധ്ര മ്യൂസിക് അവാർഡുനേടുകയും മലയാള ചലച്ചിത്ര പിന്നണിഗാനരംഗത്ത് ശ്രദ്ധേയമായ ഗാനങ്ങൾ ആലപിയ്ക്കുകയും ചെയ്തിട്ടുള്ള പെരുമ്പാവൂർ സ്വദേശി രേണുകയെ മുനിസിപ്പൽ ലൈബ്രറി വായനക്കൂട്ടം അംഗങ്ങൾ ചടങ്ങിൽ പൊന്നാടയണിയിച്ചാദരിച്ചു.
തുടർന്ന് ജയചന്ദ്രൻ ആലപിച്ച ശ്രദ്ധേയമായ പാട്ടുകൾ പലതും ആസ്വാദകരടക്കം വേദിയിൽ പാടി.